'ഗുജറാത്ത് മോഡൽ' പഠിക്കാൻ കേരളം'; ചീഫ് സെക്രട്ടറിയും സംഘവും അഹമ്മദാബാദിലേക്ക്
അഹമ്മദാബാദ്; 'ഗുജറാത്ത് മോഡൽ' പഠിക്കാൻ കേരളം. ഇതിനായി ചീഫ് സെക്രട്ടറി ഉൾപ്പെട്ട സംഘം ഇന്ന് ഗുജറാത്തിലേക്ക് തിരിക്കും. ഇ ഗവേൺൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ച് പഠിക്കാനാണ് ഗുജറാത്തിലേക്ക് കേരള സംഘം പോകുന്നത്.
ഇന്ന് ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സംഘവും ഗുജറാത്തിലേക്ക് തിരിക്കുക. മൂന്ന് ദിവസമാണ് സന്ദർശനം. നാളെ ഗുജറാത്തിൽ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. 2019 ൽ വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നടപ്പാക്കിയ പദ്ധതിയാണ് ഇ ഗവേണൻസിനായുള്ള ഡാഷ് ബോർഡ് സിസ്റ്റം. ഇത് കേരളത്തിൽ നടപ്പാക്കാൻ സാധിക്കുമോയെന്നതാണ് പ്രധാനമായും പരിശോധിക്കുക. സന്ദർശനത്തിന് ശേഷം സംഘം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇത് പരിശോധിച്ച ശേഷമാകും പദ്ധതി കേരളത്തിൽ നടപ്പാക്കുമോ എന്ന് തീരുമാനിക്കുക.

വൻകിട പദ്ധതികളുടെ ഏകോപനത്തിനായാണ് ഗുജറാത്ത് ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയത്. സംസ്ഥാനത്തെ സുപ്രധാന പദ്ധതികൾ മുഖ്യമന്ത്രിയുടെ ഓഫീസില് സജ്ജീകരിച്ച സ്ക്രനിലൂടെ കാണാൻ സാധിക്കും. വിവിധ വകുപ്പിന് കീഴിലെ പദ്ധതികൾ ഒറ്റ ഡാഷ് ബോർഡിന് കീഴിൽ കൊണ്ടവരും. തുടർന്ന് അവയ്ക്ക് റേറ്റിംഗ് നൽകും. പിന്നീട് അവയുടെ പുരോഗതിയും നടത്തിപ്പും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സംവിധാനത്തിന്റെ സഹായത്തോടെ നടപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള കൂടിക്കാഴ്ചയിലാണ് ഡാഷ് ബോർഡ് ഉപയോഗിക്കുന്നതിനുളള നിർദേശമുയർന്നത്. നേരത്തേ വിവിധ സംസ്ഥാനങ്ങൾ ഈ ഗുജറാത്ത് മാതൃക പഠിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
ഗുജറാത്ത് മോഡൽ നടപ്പിലാക്കുമ്പോൾ കേരളത്തിൽ അഴിമതിയും ധൂർത്തും അവസാനിപ്പിക്കണം- കെ സുരേന്ദ്രൻ
ഗുജറാത്തിലെ ബി ജെ പി മുഖ്യമന്ത്രി ഇ ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സിസ്റ്റം അടിയന്തിരമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയിക്ക് പിണറായി വിജയൻ നിർദ്ദേശം നൽകിയത് ഗുജറാത്ത് മോഡലാണ് ശരിയെന്ന് തെളിഞ്ഞതു കൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗുജറാത്ത് മോഡൽ നടപ്പിലാക്കുന്നതിനൊപ്പം അഴിമതി ധൂർത്തും നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ മാത്രമേ ജനങ്ങൾക്ക് ഗുണമുണ്ടാവുകയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
മൂന്ന് ദിവസം ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസർ ഉമേഷ് ഐ എ എസും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ഗുജറാത്തിലെത്തുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പരാജയപ്പെട്ട കേരള മോഡൽ ഉപേക്ഷിച്ച് വിജയിച്ച ഗുജറാത്ത് സംസ്ഥാനത്ത് നടപ്പാക്കാൻ പിണറായി വിജയൻ തയ്യാറാകണം. ഗുജറാത്ത് സർക്കാരിന്റെ പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയും സർക്കാർ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസിലാക്കി കേരളത്തിലും നടപ്പിലാക്കണം.
അന്ധമായ രാഷ്ട്രീയ വിരോധം മാറ്റിവെച്ച് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ ഇവിടെ എങ്ങനെ നടപ്പാക്കാമെന്ന് പിണറായി വിജയൻ പഠിക്കണം. ഗുജറാത്തിലെ വികസന നേട്ടങ്ങൾ കേരളവും മാതൃകയാക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടപ്പോൾ പരിഹസിച്ച പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിക്കും ഒടുവിൽ ഗുജറാത്ത് മോഡൽ അംഗീകരിക്കേണ്ടി വന്നതിനെ സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ ക്ഷേമകാര്യത്തിലും നാടിന്റെ വികസനത്തിലും രാഷ്ട്രീയം കാണേണ്ടതില്ലെന്നതാണ് ബിജെപിയുടെ നിലപാട്. കേരളം ആവശ്യപ്പെട്ടാൽ എന്ത് സഹായത്തിനും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയ്യാറാണെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications