കണ്ണൂർ-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ; റേക്കുകൾ പാലക്കാട് എത്തി; വൻ വരവേൽപ്പൊരുക്കി ബിജെപി
കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർത്ഥ്യമായി. ട്രെയിനിന്റെ റേക്കുകൾ രാവിലെയോടെ പാലക്കാട് എത്തി. 16 ബോഗികളുള്ള വന്ദേഭാരത് എക്‌സ്പ്രസാണ് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ക്ക് കൈമാറിയത്. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. പാലക്കാട് എത്തിയ ട്രെയിനിന്റെ റേക്കിന് വലിയ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയത്.

ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ ബിജെപി പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു. കേരളത്തിനുള്ള വിഷു കൈനീട്ടമാണ് ട്രെയിൻ എന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു.
രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരിൽ എത്തുന്ന രീതിയിലാണ് വന്ദേഭാരത് സർവ്വീസ് നടത്തുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും. ഇത് കൂടാതെ ഷൊർണൂർ, തിരൂർ, ചെങ്ങന്നൂർ എന്നിവയിൽ ഏതെങ്കിലും സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിച്ചേക്കും.
മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വരെ ആണ് വന്ദേഭാരതിന്റെ വേഗത. എന്നാൽ നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്തിനും കായംകുളത്തിനുമിടയില്‍ 100 കിമി വേഗതിയിലായിരിക്കും ട്രെയിൻ ഓടുക. കായംകുളം മുതല്‍ എറണാകുളം വരെ 90 കിലോ മീറ്റര്‍ വേഗതയും എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടില്‍ 80 കിലോ മീറ്റര്‍ വേഗതയും ആയിരിക്കും ഉണ്ടാകു. ഷൊര്‍ണൂര്‍ കഴിഞ്ഞാൽ 100 മുതല്‍ 110 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ സഞ്ചരിക്കും.
അതേസമയം വന്ദേഭാരത് കേരളത്തിൻ്റെ വികസനത്തിൻ്റെ വേഗം കൂട്ടുമെന്നും പതിനായിരങ്ങളെ കുടിയൊഴിപ്പിച്ച് വികസനം കൊണ്ടുവരാൻ ശ്രമിക്കുന്നവരെയും ജനങ്ങളോട് ചേർന്ന് നിന്ന് വികസനം കൊണ്ടുവരാൻ ശ്രമിക്കുന്നവരെയും ജനം തിരിച്ചറിയുമെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രതികരിച്ചു. മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-'കേരളത്തിനുള്ള വന്ദേഭാരത് എക്സ്പ്രസ് എവിടെ "? എന്ന് ചോദിച്ചവർക്ക് നരേന്ദ്രമോദി സർക്കാർ മറുപടി നൽകിയിരിക്കുന്നു." വന്ദേഭാരത് ദാ ഇവിടെയുണ്ട്, തിരുവനന്തപുരത്ത് "..!ഇനി വരാൻ പോകുന്ന ക്യാപ്സൂൾ,
" മുഖ്യമന്ത്രി കത്തെഴുതി, കേന്ദ്രം വന്ദേ ഭാരത് അനുവദിച്ചു " എന്നാവും !
"കാള പെറ്റന്ന് കേട്ട് കയറെടുത്ത " പിണറായി വിജയൻ ഇനിയെങ്കിലും സ്വയം തിരുത്തണം."കേരളത്തിന് വന്ദേ ഭാരത് ഇല്ലെന്ന്" റെയിൽവെ മന്ത്രി പറഞ്ഞു എന്ന പച്ചക്കള്ളം പടച്ചുവിട്ട മാധ്യമങ്ങളും അതേറ്റെടുത്ത മുഖ്യമന്ത്രിയും ഇപ്പോൾ പരിഹാസ്യരായി !'വന്ദേ ഭാരതും വന്ദേ മെട്രൊയും 'തമ്മിലുള്ള വ്യത്യാസം മാധ്യമപ്രവർത്തകർക്ക് അറിയില്ലെങ്കിലും മുഖ്യമന്ത്രിയെങ്കിലും അറിഞ്ഞിരിക്കണം.
ഇത്തരത്തിലാണ് ഭരണ- പ്രതിപക്ഷങ്ങളും തൽപര മാധ്യമങ്ങളും ചേർന്ന് നരേന്ദ്രമോദി സർക്കാരിനെക്കുറിച്ച് കേരളത്തിൽ തെറ്റിദ്ധാരണ പടർത്തുന്നത്.
കേന്ദ്രസർക്കാരിൻ്റെ ജനക്ഷേമ പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്കെത്താതിരിക്കാൻ ബോധപൂർവമായ ശ്രമം നടത്തുന്നത്.പക്ഷേ ഇനി അധികകാലം മലയാളിയെ പറ്റിക്കാനായില്ലെന്ന് കൂട്ടുകക്ഷികൾ തിരിച്ചറിയുക'.












Click it and Unblock the Notifications