കേരളത്തില്‍ ഇന്നും മഴ വ്യാപകമാകും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അര്‍ത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയുടെ തീവ്രത കണക്കിലെടുത്ത് മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. അതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഒഡീഷ - പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത നാശം വിതയ്ക്കുന്ന ദാന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ കനക്കുന്നത്.
ഇതിനൊപ്പം രണ്ട് ചക്രവാതച്ചുഴികള്‍ രൂപപ്പെട്ടതും മഴ വ്യാപകമാകാന്‍ കാരണമായിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം ഇന്നലെ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഇതിനൊപ്പം തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുമുണ്ട്. പടിഞ്ഞാറന്‍ കാറ്റും സജീവമാണ് എന്നിരിക്കെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
അതേസമയം ഇന്ന് യെല്ലോ അലേര്‍ട്ട് മാത്രമാണ് നല്‍കിയിട്ടുള്ളതെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അധികൃതരുടെ നിര്‍ദേശം ലഭിച്ചാല്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് പെയ്തത്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. അണക്കെട്ടുകളില്‍ ജലനിരപ്പുയരുകയും മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുകയും ചെയ്തു. മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം തകരാറിലായി. പലയിടത്തും വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും മതിലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്.












Click it and Unblock the Notifications