കേരളത്തിന് നേരെ കണ്ണുരുട്ടി സൂര്യൻ; വേനൽ ചൂടിൽ വലയും, ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ഇന്നും വേനൽച്ചൂടിൽ കേരളം വെന്തുരുകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും ചൂട് ഉയർന്നു നിൽക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തൃശൂരിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം ചൂട് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നും അത് തുടരാനാണ് സാധ്യത.
ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. തൃശൂർ ഉൾപ്പെടെ സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 30 ശനിയാഴ്‌ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. തെക്ക്-വടക്ക് വ്യത്യാസമില്ലാതെ എല്ലാ മേഖലയിലും ചൂട് ഉയരുന്നുണ്ട് എന്നതാണ് പ്രത്യേകത.

കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ടയിൽ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വേനൽമഴ ശക്തി പ്രാപിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും പല ജില്ലകളിലും ലഭിച്ചിട്ടില്ല. ഇതോടെ ചൂടിൽ വലയുകയാണ് ജനങ്ങൾ. മഴ മുന്നറിയിപ്പുകൾ നിരന്തരം വരുന്നുണ്ടെങ്കിലും കാര്യമായ മഴ ലഭിക്കാതെ വന്നതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമാവുമെന്ന ആശങ്കയിലാണ് പലരും.
സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോവുന്നതെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തി ആവില്ല. കാരണം കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായിരിക്കുന്ന കുതിച്ചു ചാട്ടം തന്നെ അതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ പകൽ സമയത്ത് പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
പകൽ സമയത്ത് ജോലി ചെയ്യുന്നവർ പരമാവധി 11 മണിക്കും, 3 മണിക്കും ഇടയിലുള്ള വെയിൽ കൊള്ളാതെ സൂക്ഷിക്കണം. നിരന്തരം വെള്ളം കുടിക്കണം. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് പരമാവധി ഒഴിവാക്കണം.
അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും നന്നാവും. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം വർധിപ്പിക്കുക.
പരീക്ഷാക്കാലം ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടി വെള്ളം ഉറപ്പാക്കേണ്ടതുണ്ട് കൂടാതെ, ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കാനും ശ്രദ്ധിക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.












Click it and Unblock the Notifications