Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരിക്കൽപ്പോലും കിഫ്ബിക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല'; വിശദീകരിച്ച് തോമസ് ഐസക്

മസാല ബോണ്ട് വിവാദത്തിൽ വിശദീകരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. അദ്ദേഹത്തിൻ്റെ പോസ്റ്റിന് താഴെ മസാല ബോണ്ട് സംബന്ധിച്ച് ചില ചോദ്യങ്ങൾ സുന്ദരേശൻ എന്നയാൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് തോമസ് ഐസക് പ്രതികരിച്ചത്. അദ്ദേഹത്തിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം

'1. KIFBI-യുടെ പ്രോജക്റ്റ് വാല്യു നോക്കുമ്പോൾ 2500 കോടി മസാല റുപ്പി ബോണ്ട് വളരെ തുച്ഛമാണ്. റുപ്പി പലിശ അധികമല്ല എന്നതാണ് വാദമെങ്കിൽ എന്തിന് ഇത്രയും തുച്ഛമായ മസാല ബോണ്ട് ഇറക്കി? തുടർ ഇഷുകൾ വന്നില്ലല്ലാ?

അതെ. തുടർ ഇഷ്യൂകൾ വന്നില്ല. കാരണം കേരളത്തിലെ വിവാദത്തെത്തുടർന്ന് ആർബിഐ മസാലബോണ്ട് ചട്ടങ്ങളിൽ മാറ്റംവരുത്തി. സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട ബോഡി കോർപ്പറേറ്റുകൾക്ക് മസാലബോണ്ട് ഇറക്കാനുള്ള അവകാശം എടുത്തുകളഞ്ഞു. അന്ന് മസാലബോണ്ട് ഇറക്കാൻ കഴിയുമായിരുന്നു. ഇന്ന് കഴിയില്ല.

isaac1-176

2. ആഭ്യന്തര ലിസ്റ്റിംഗ് ചെയ്താൽ ഇതിലും കുറഞ പലിശക്ക് ഇന്ത്യൻ കമ്പനികൾ / ബാങ്കുകൾ / സഹകരണ ബാങ്കുകൾ / പബ്ലിക് എന്നിവർക്ക് വാങ്ങാവുന്നതായിരുന്നില്ലേ ഈ തുച്ഛമായ 2500 കോടിയുടെ ബോണ്ട്?

ബോണ്ട് ഇറക്കുന്ന കമ്പനിയുടെ റേറ്റിങ്, ബോണ്ട് ഇറക്കിയ കാലത്തെ മറ്റ് പലിശനിരക്കുകൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ട് പലിശനിരക്ക് ഏറുകയും കുറയുകയും ചെയ്യാം. മസാലബോണ്ടിൻറെ പലിശനിരക്ക് ന്യായമാണ് എന്ന് ഞാൻ നിയമസഭയിൽ തെളിയിച്ചിട്ടുള്ളതാണ്. അക്കാലത്ത് കേരള സർക്കാരിന്റെ ഔദ്യോഗിക എസ്എൽആർ ബോണ്ടുകൾക്കും 8.17% ആയിരുന്നു പലിശ. ആന്ധ്രാപ്രദേശ് സർക്കാരിന്റെ അമരാവതി പ്രോജക്ടിന് ആഭ്യന്തര ബോണ്ടുവഴി ധനം സമാഹരിച്ചത് 10.32 ശതമാനത്തിനാണ്. സെൻട്രൽ ബാങ്ക് 10.8 ശതമാനത്തിനും, ഐ.ഒ.ബി 11.7 ശതമാനത്തിനും, സൗത്ത് ഇന്ത്യൻ ബാങ്ക് 11.75 ശതമാനത്തിനുമാണ് ഈ കാലയളവിൽ അഭ്യന്തര മാർക്കറ്റിൽ നിന്നും മൂലധനം സമാഹരിച്ചത്.

3. കേരള താൽപര്യം സംരക്ഷിക്കുന്നതിൽ ഉപേക്ഷ ഇല്ലാത്ത കേരളത്തിലെ 2500 സഹകരണ സംഘങ്ങളിൽ നിന്ന് ഒരു കോടി വെച്ച് വാങ്ങിയാൽ ഈ തുക ലഭിക്കുമായിരുന്നില്ലേ? ക്ഷേമ പെൻഷൻ കമ്പനിക്ക് കടം കൊടുന്ന സഹകരണ മേഖലക്ക് സർക്കാർ ഗാരണ്ടിയുളള കിഫ്ബി ലയബിലിറ്റി അപ്രാപ്യമാകുമോ?

ക്ഷമിക്കണം. കേരളത്തിലെ സഹകരണ നിയമ പ്രകാരം പ്രാഥമിക സഹകരണ ബാങ്കുകൾക്കോ സർവ്വീസ് സഹകരണ ബാങ്കുകൾക്കേ ക്രെഡിറ്റേതര സഹകരണ സ്ഥാപനങ്ങൾക്കോ ബോണ്ടുകളിൽ നിക്ഷേപം നടത്താൻ അനുവാദമില്ല. അന്ന് കേരള ബാങ്ക് ഇല്ല. അന്നത്തെ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് 2500 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, കിഫ്ബി ലക്ഷ്യമിടുന്ന മൊത്തം വായ്പാ തുക ഇതിന്റെ എത്രയോ മടങ്ങ് ഉയർന്നതാണ്.

4. മറിച്ച് ചെയ്തതുകൊണ്ട് പലിശ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ഒഴുകുകയല്ലേ യഥാർത്ഥത്തിൽ ഉണ്ടായത്?
വിദേശ വായ്പയും ബോണ്ട് വഴിയുള്ള വിഭവസമാഹരണവും ഇന്ത്യാ സർക്കാർ അംഗീകരിച്ച മാർഗ്ഗങ്ങളാണ്. ഇന്നത്തെ ആഗോളവൽകൃത ലോകത്ത് ഇവയൊക്കെ വേണ്ടെന്നു വയ്ക്കാനാവില്ല. നമ്മുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഇടപെട്ടു പ്രവർത്തിക്കാനാകണം.

5. അക്കാലത്തും കേരള ബാങ്കുകൾ surplus ഫണ്ട് വെച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു എന്നത് എന്തുകൊണ്ട് പരിഗണിച്ചില്ല?

ചങ്ങാതി, കിഫ്ബി സമാഹരിക്കാൻ ശ്രമിക്കുന്ന വികസന ഫണ്ടിന്റെ വലുപ്പം മറന്നുപോകുന്നുവെന്ന് തോന്നുന്നു. കേരളത്തിൽ ഇതിന് മുമ്പ് സ്വപ്നം കാണാൻപോലും കഴിയാത്ത തോതിതിലുള്ള വിഭവസമാഹരണത്തിനാണ് കിഫ്ബി ലക്ഷ്യമിട്ടിരുന്നത്. ഇതിന് സാധ്യമായ എല്ലാ സ്രോതസുകളെയും പരീക്ഷിക്കേണ്ടത് പ്രധാനമാണ്.
മസാലബോണ്ട് വിപണിയിലിറക്കാനുള്ള ആർബിഐ അനുവാദം ലഭിക്കുന്നതിനുവേണ്ടി വലിയ പരിശ്രമം വേണ്ടിവന്നുവെന്നു മനസിലാക്കുക. ഒടുവിൽ 2650 കോടി രൂപയ്ക്കുള്ള അനുവാദം ആർബിഐ നൽകി. എത്രയും വേഗം അതു പ്രയോജനപ്പെടുത്താനാണ് കിഫ്ബിയുടെ പ്രൊഫഷണൽ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. ആദ്യസന്ദർഭം തന്നെ ഉപയോഗിക്കണമെന്നു തന്നെയാണ് തീരുമാനിച്ചത്. 31.03.2019-നു മുൻപ് പുറപ്പെടുവിക്കുന്ന മസാല ബോണ്ടുകൾക്ക് കേന്ദ്ര ഗവൺമെന്റ് വിത്-ഹോൾഡിങ് ടാക്സ് (5%) ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കിഫ്‌ബി ഈ ആനുകൂല്യവും പ്രയോജനപ്പെടുത്തി.

6. പൊതുമേഖല / ഷഡ്യൂൾഡ് ബാങ്കുകൾ 8% പലിശക്ക് പോലും സംസ്ഥാന സർകാർ ഗ്യാരണ്ടിയുള്ള ലോണിനു വേണ്ടി മൽസരിച്ചിരുന്ന ആ കാലത്ത് മസാലബോണ്ടു വഴി മാത്രമേ ഈ തുച്ഛമായ തുക സ്വരൂപിക്കൂ എന്ന വാശി എന്തിന് വേണ്ടിയായിരുന്നു?

കേരള സർക്കാർ എസ്എൽആർ ബോണ്ടുകൾ വഴി ആർബിഐ മുഖാന്തിരം വിൽക്കുന്ന സെക്വേർഡ് ബോണ്ടുകൾക്ക് 8.17 ശതമാനമാണ് അന്നത്തെ പലിശ. ഈ വായ്‌പ്പാ നിരക്ക് ഒരു കാരണവശാലും മറ്റു ബോണ്ടുകൾക്ക് വായ്പ ലഭിക്കില്ല. കാരണം, കേന്ദ്രസർക്കാരിൻ്റെ സെക്യൂരിറ്റി കഴിഞ്ഞാൽ ഏറ്റവും സുരക്ഷിതമായിട്ടുള്ള ഒന്നാണ് എസ്എൽആർ ബോണ്ടുകൾ എന്നതാണ്. എസ്എൽആർ ബോണ്ടുകൾ വഴി സംസ്ഥാന സർക്കാരിന് വാങ്ങാവുന്ന വായ്പയ്ക്കും പരിധിയുണ്ട്. ആ പരിധിയാകട്ടെ, ഓരോവർഷവും തീരുമാനിക്കുന്നത് കേന്ദ്രസർക്കാരാണ്. അതിനു മുകളിൽ നമുക്കു സ്വതന്ത്രമായി വായ്പയെടുക്കാനാവില്ല. ഈ പരിമിതിയെ മുറിച്ചുകടന്ന് ബജറ്റിനു പുറത്ത് വായ്പ സമാഹരിച്ച് വലിയ തോതിൽ പശ്ചാത്തല സൌകര്യ സൃഷ്ടിയ്ക്ക് നിക്ഷേപം നടത്താനാണ് കിഫ്ബി രൂപീകരിച്ചിരിക്കുന്നതു തന്നെ.

7. കേരളത്തിലെ ഷഡ്യൂൾഡ് ബാങ്കുകൾക്ക് ലോൺ കൊടുക്കാവുന്ന ഒരു പ്രോജക്റ്റ് ആണിത്. എന്തുകൊണ്ട് ഈ വഴി സ്വീകരിച്ചില്ല. KSRTC-ക്ക് വേണ്ടിയുള്ള കൺസോർഷ്യം നല്ല വിജയമായിരുന്നില്ലേ?

KSRTC-ക്ക് കൺസോർഷ്യം വഴി വായ്പയെടുക്കുന്നതുപോലെയാണ് 90,000 കോടി രൂപയുടെ വിഭവസമാഹരണം എന്നാണ് കരുതുന്നതെങ്കിൽ ഞാൻ കൂടുതൽ പറഞ്ഞിട്ടു കാര്യമില്ല.

8. ഇന്ത്യയിലെ പൊതുമേഖല / ഷ്യഡൂൾഡ് ബാങ്കുകൾക്ക് സംസ്ഥാന SLR ബോണ്ടിനു പുറമേ സംസ്ഥാന സർക്കാർ ഗ്യാരണ്ടിയുള്ള കമ്പനികളുടെ ബോണ്ടിലും പണമിറക്കാവുന്നതായിരുന്നല്ലോ? സംസ്ഥാന SLR ബോണ്ടിനേക്കാളും അര ശതമാനം അധിക പലിശ കിട്ടിയാൽ (അന്ന് 8.75% പരമാവധി) Subscribe ആവുന്നതാണീ തുച്ഛമായ 2500 കോടിയുടെ ബോണ്ട്. ഈ ഓപ്ഷൻ സ്വീകരിക്കാതെ ആഗോള കടപത്രമിറക്കാൻ എന്തുകൊണ്ട് ശ്രമിച്ചു?
സംസ്ഥാന സർക്കാരുകളും ബാങ്കുകൾ തന്നെയാണ് ഇത്തരത്തിൽ SLR ബോണ്ടിനു പുറത്ത് വായ്പയെടുത്തപ്പോൾ കൊടുക്കേണ്ടിവന്ന പലിശയുടെ കണക്ക് ഞാൻ നേരത്തെ പറഞ്ഞുകഴിഞ്ഞു.

കിഫ്ബി പുതിയൊരു ധനകാര്യ സ്ഥാപനമാണ്. അതും ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത്. സംസ്ഥാന സർക്കാർ വർഷംതോറും എടുക്കുന്ന വായ്പയേക്കാൾ വലിയ വികസന ഫണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിന് ആദ്യം വേണ്ടത് മണി മാർക്കറ്റിലെ വിശ്വാസ്യതയാണ്. ഇതിനുള്ള ഒരു മാർഗ്ഗമായിട്ടാണ് വിജയകരമായ മസാലബോണ്ട് ഇഷ്യൂവിനെ കണ്ടത്. ഇതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണ്ണതകൾമൂലം ദേശീയപാത അതോറിറ്റി ഒഴികെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളൊന്നും ഈ റൂട്ട് സ്വീകരിച്ചിരുന്നില്ല. അപ്പോഴാണ് സംസ്ഥാന സർക്കാരിന്റെ ഒരു ധനകാര്യ സ്ഥാപനം റിസർവ്വ് ബാങ്കിന്റെ അനുമതി വാങ്ങി അന്തർദേശീയ കമ്പോളത്തിൽ ഇറങ്ങുന്നത്. എന്തൊക്കെയായിരുന്നു ഈ നടപടി ക്രമങ്ങളെന്നു നോക്കൂ- ഇന്റർ നാഷണൽ ക്രേഡിറ്റ് റേറ്റിംഗ് എടുക്കേണ്ടതായിട്ടുണ്ട്. കിഫ്ബി അതിനായി S&P, FITCH എന്നീ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളിൽ നിന്ന് BB (Stable) ക്രെഡിറ്റ് റേറ്റിംഗ് നേടി.

2018-19 കാലഘട്ടത്തിൽ, മസാല ബോണ്ട് മാർക്കറ്റിൽ - ഫണ്ട് മാനേജർമാർ, ഇൻഷുറൻസ്, പെൻഷൻ, ഹെഡ്ജ് ഫണ്ടുകൾ, ബാങ്കുകൾ - തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ നിന്ന് ഏകദേശം 30-35 നിക്ഷേപകരാണ് ഉണ്ടായിരുന്നത്. ഇവർക്കിടയിൽ പരമാവധി പ്രചാരണം നടത്തി. വിദേശത്ത് റോഡ്ഷോകൾ നടത്തി. നിക്ഷേപകരുമായി ചർച്ചകൾ നടത്തി. ലീഡ് മാനേജർമാർ AXIS Bank & Standard Chartered Bank എന്ന ബാങ്കുൾ ആയിരുന്നു. ആർബിഐ അംഗീകൃത നടപടിക്രമ പ്രകാരം ഇവരാണ് നിക്ഷേപകരുടെ ഫീഡ്ബാക്ക് ശേഖരിക്കുകയും അത് കണക്കിലെടുത്ത് ഡീൽ ഘടന, ലോഞ്ച് സമയം, ടാർഗറ്റ് സൈസ്, പ്രൈസിംഗ് എന്നിവയ്ക്കുള്ള ശുപാർശ ഇഷ്യൂവർക്ക് (കിഫ്ബി) നൽകുകയും ചെയ്തത്.

കിഫ്‌ബി ബോർഡ് ഈ ശുപാർശകൾ അംഗീകരിച്ചതിനെ തുടർന്ന് ബ്ലൂംബെർഗിലൂടെ ബ്രോഡ്കാസ്റ്റ് സന്ദേശം വഴിയും ജോയിന്റ് ലീഡ് മാനേജർമാരുടെ വിൽപ്പന ടീമുകൾ മുഖേന ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ഇടയിലും ആദ്യ പ്രൈസ് ഗൈഡൻസ് സഹിതം പ്രഖ്യാപിക്കുകയും ചെയ്തു. ലീഡ് മാനേജർമാർ നിക്ഷേപകരിൽ നിന്ന് ഓർഡറുകൾ സ്വീകരിക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷമാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. ലിസ്റ്റ് ചെയ്യുന്നതിന്റെ ലക്ഷ്യം ബോണ്ടുകളുടെ സെക്കണ്ടറി മാർക്കറ്റ് നിക്ഷേപകർക്ക് തുറന്നു കൊടുക്കുവാനാണ്. വിദേശ ധനവിപണിയിൽ നമ്മുടെ കിഫ്ബി അംഗീകരിക്കപ്പെട്ടു. ആ വർഷത്തെ ഏറ്റവും മികച്ച നിക്ഷേപത്തിന് ഇന്ത്യ - ഇംഗ്ലണ്ട് 2019 അവാർഡിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട അഞ്ചു സ്ഥാപനങ്ങളിൽ ഒരെണ്ണം നമ്മുടെ കിഫ്ബി ആയിരുന്നു.

ഇന്ത്യൻ മണി മാർക്കറ്റിന്റെ വിശ്വാസ്യത നേടുന്നതിനുള്ള ചവിട്ടുപടി ആയിരുന്നു വിജയകരമായ മസാല ബോണ്ട്. ആഗോള തലത്തിലും ഇന്ത്യൻ മണി മാർക്കറ്റിലും കിഫ്‌ബി ശ്രദ്ധിക്കപ്പെട്ടു. പിന്നീടുണ്ടായ മാറ്റങ്ങൾ ചരിത്രം. ഒരിക്കൽപ്പോലും കിഫ്ബിക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ഇന്ത്യൻ ബാങ്കുകൾ ധനകാര്യവർഷാവസാനം കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് പലപ്പോഴും സ്വയം മുന്നോട്ടുവന്ന അനുഭവങ്ങളാണുണ്ടായത്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+