'മീനാക്ഷിയെ കുറിച്ച് ഇവൻ അലക്കുന്നത് കേട്ടു,ഞാൻ എന്തോ സംഭവമാണെന്ന ഭാവം';വിമർശിച്ച് ശാന്തിവിള ദിനേശ്
'അങ്കം അട്ടഹാസം' സിനിമയ്ക്കെതിരെ അശ്വന്ത് കോക്ക് പറഞ്ഞ റിവ്യൂവും പിന്നാലെ സിനിമയുടെ നിർമ്മാതാക്കളും നടൻ മാധവ് സുരേഷും അശ്വന്തിനെതിരെ ഉയർത്തിയ ആരോപണവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ കോക്ക് 1 ലക്ഷം ആവശ്യപ്പെട്ടായിരുന്നു അണിയറപ്രവർത്തകർ ആരോപിച്ചത്. ഇതിന് മറുപടിയുമായി കോക്കും രംഗത്തെത്തി. കടുത്ത ഭാഷയിലായിരുന്നു കോക്കിൻ്റെ പ്രതികരണം. ഇപ്പോഴിത ഈ വിവാദത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെ യുട്യൂബ് ചാനലിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
നിരൂപകരിൽ അശ്വന്ത് കോക്ക് ആണല്ലോ ഇപ്പോൾ മുഖ്യതാരം. ലക്ഷക്കണക്കിന് പേർ അയാളുടെ റിവ്യൂ കാണുന്നു, കമന്റ് ചെയ്യുന്നു. അയാളുടെ പ്രോഗ്രാം കണ്ടിരിക്കാൻ രസമാണെന്ന് മലയാളത്തിലെ പ്രശസ്തനായ ഒരു തിരക്കഥാകൃത്ത് തന്നെ അടുത്തിടെ എന്നോട് പറയുകയുണ്ടായി. എന്നാൽ എനിക്ക് ആ അഭിപ്രായമല്ല ഉള്ളത്. പക്ഷേ കോക്കിനെ കേൾക്കാൻ ആൾക്കാരുണ്ട്. എന്റെ കഴിഞ്ഞ അഞ്ച് റിവ്യൂ എത്ര പേർ കണ്ടു, എനിക്ക് എത്ര കാശ് കിട്ടി എന്നൊക്കെ ചിന്തിക്കടാ പട്ടികളേ എന്ന് അഹങ്കാരത്തോടെ അയാൾ പറയുന്നുവെങ്കിൽ, കക്ഷിക്ക് കാശ് കിട്ടുന്നതുകൊണ്ടുതന്നെ ആകണം എന്നാണ് എന്റെ വിശ്വാസം.

കോക്കിനെ പോലെയുള്ളവർ വീണുപോയ അങ്കം അട്ടഹാസങ്ങളെ അല്ല റിവ്യൂ ചെയ്ത് നാണംകെടുത്തേണ്ടത്, മുടക്കിയ കാശെല്ലാം നഷ്ടമായി നിൽക്കുന്ന നിർമ്മാതാവിന്റെ മുഖം കൂടി ഇതിനിടയിൽ കോക്കുമാർ ഓർക്കണം. അതൊരു മാനുഷിക വശമാണ്. "ഞങ്ങളുടെ പടത്തെ കോക്ക് റിവ്യൂ ചെയ്തു കൊന്നു, അയാൾ ഒരു ലക്ഷം രൂപ റിവ്യൂവിനായി കൈക്കൂലി ചോദിച്ചു" എന്നൊക്കെ പത്രസമ്മേളനം നടത്തി സിനിമയുടെ നിർമ്മാതാവും സുരേഷ് ഗോപിയുടെ മകനും കൂടി വിഡ്ഢിത്തരം പറഞ്ഞതും തെറ്റായ രീതിയാണ്. എല്ലാവരും പണമെടുക്കുന്നത് ഓടാനാണ്. "ഞാൻ ഓടാനല്ല സിനിമ എടുക്കുന്നത്" എന്ന് ആരെങ്കിലും വിവരമില്ലാത്ത വർത്തമാനം പറയുന്നുവെങ്കിൽ, സ്വന്തം കാശിൽ സിനിമ എടുത്ത് ഓരോ ജംഗ്ഷൻ തോറും സ്ക്രീൻ വലിച്ചുകെട്ടി സന്ധ്യകൾ തോറും ഫ്രീയായി സിനിമ കാണിക്കണം.
നാലര കോടി മുടക്കിയ സിനിമ എന്ന് പറഞ്ഞ് ആ സിനിമയെ അശ്വന്ത് കോക്ക് കൊന്നു എന്നൊക്കെ പറയുന്നതും കടന്നകയ്യാണ്. കോക്ക് "തല്ലിപൊളി" എന്ന് പറഞ്ഞ എത്രയോ സിനിമകൾ കേരളത്തിൽ നന്നായി കളക്ട് ചെയ്തിട്ടുണ്ട്. ചില കൂതറ സിനിമകളെ മനോഹരം എന്നും കോക്ക് പറഞ്ഞിട്ടുണ്ട്. അങ്ങനെ കോക്ക് പറഞ്ഞതുകൊണ്ട് തൊള്ളയിലോട്ട് വിഴുങ്ങാൻ മലയാളി തിയേറ്ററിൽ പോകില്ല. അതിരടി സിനിമ തിയേറ്ററിൽ കോടികൾ വാരിയതാണെങ്കിൽ, ആ സിനിമ യുവതലമുറ ഏറ്റെടുത്തതുകൊണ്ടാണ് എന്ന് മനസ്സിലാക്കാത്തവരോട് എന്താണ് പറയേണ്ടത്? "അതിരടിയെപ്പറ്റി നല്ലത് പറഞ്ഞു കളഞ്ഞല്ലോ കോക്ക്" എന്നൊക്കെയാണ് പറയുന്നത്.
ഒരു ലക്ഷം ചോദിച്ചിട്ട് കൊടുക്കാത്ത ദേഷ്യം തീർക്കാൻ കോക്ക് ചിത്രത്തെ കുറ്റം പറഞ്ഞു കൊന്നു എന്നൊന്നും വിശ്വസിക്കാൻ മലയാളിയെ കിട്ടാൻ ഇടയില്ല. "ആയിരം വട്ടം തെറി വിളിച്ചിട്ട് ഒരു 15 ലക്ഷം തന്നു എന്ന് പറയാമായിരുന്നില്ലേടാ പട്ടികളേ" എന്ന് കോക്ക് അബ്നോർമലായി ക്യാമറയ്ക്ക് മുന്നിൽ ചോദിക്കുമ്പോൾ, അയാളുടെ കൂടെ നിൽക്കാനാണ് തോന്നുക. അയാൾ പറഞ്ഞതിൽ ന്യായം ഉണ്ടെന്ന് എനിക്ക് തോന്നുന്നു.
എന്തായാലും കോക്കിന്റെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് അങ്കം അട്ടഹാസത്തിന്റെ നിർമ്മാതാവിന്. ഒരു ലക്ഷം കോക്ക് ചോദിച്ചില്ല, കോക്കിനായി വേറൊരാൾ ചോദിച്ചു എന്നാണ് ഇപ്പോൾ മാറ്റിപ്പറയുന്നത്. എന്നാൽ ആ ചോദിച്ചവന്റെ നമ്പർ അങ്കം അട്ടഹാസത്തിന്റെ നിർമ്മാതാക്കൾ പരസ്യപ്പെടുത്തണം.
അതുപോലെ, നിർമ്മാതാവ് ആ ചിത്രത്തിൽ അഭിനയിച്ച സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ മുതലായവരെ എന്തിനാണ് പത്രസമ്മേളനത്തിൽ കൊണ്ടിരുത്തിയത്? പണ്ടേ "ദുർബല കൂടെ ഗർഭിണിയും" എന്ന് പറഞ്ഞ കണക്കുള്ള മന്ത്രിപുത്രനെ കൊണ്ടിരുത്തി, അവൽ ഒരോ അവിഞ്ഞ ന്യായവാദങ്ങൾ നിരത്തി കൂടുതൽ വെറുപ്പിക്കേണ്ടായിരുന്നു. ആരെയും ഒട്ടും ആകർഷിക്കാൻ ആകാത്ത സംഭാഷണശൈലിയും, "ഞാൻ എന്തോ ഭയങ്കരനാണ്" എന്ന സ്വയംവിലയിരുത്തലും, "സുരേഷ് ഗോപിയുടെ മകനാണ് ഞാൻ" എന്ന ഭാവവും ഒക്കെയുള്ള ഈ പയ്യനെ പത്രസമ്മേളനത്തിൽ കൊണ്ടിരുത്തുന്നത് ഗുണത്തെക്കാൾ ദോഷമേ ചെയ്യൂ എന്ന ചിന്ത വേണമായിരുന്നു ഇതിന്റെ നിർമ്മാതാക്കൾക്ക്.
"ഞാൻ മീനാക്ഷിയോട് സംസാരിച്ചാൽ ഞങ്ങൾ തമ്മിൽ വേറെന്തോ ബന്ധമാണ് ഇവിടെ ധരിക്കുന്നത്" എന്നൊക്കെ ഈ പയ്യൻ എവിടെയൊക്കെയോ അലക്കുന്നത് കണ്ടു. മീനാക്ഷി എന്ന് പറഞ്ഞാൽ ദിലീപിന്റെ മകൾ. ഇതിനുള്ള മറുപടി മുമ്പ് ഞാൻ പറഞ്ഞിട്ടുള്ളതിനാൽ വീണ്ടും പറയുന്നില്ല. എന്തോ മലയാളിക്ക് ഒട്ടും പിടിക്കുന്നില്ല ഈ പയ്യനെ, രാഷ്ട്രീയ കാഴ്ചപ്പാടിൽ ഞാൻ പറയുന്നതാണ് എന്ന് ആരെങ്കിലും ചിന്തിച്ചാലും കുഴപ്പമില്ല'.












Click it and Unblock the Notifications