ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ രണ്ടാമത്തെ രാജി
തിരുവനന്തപുരം: രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷവുമായി 2011ല്‍ അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് പുറത്തുപോകേണ്ടിവന്ന രണ്ടാമത്തെ മന്ത്രിയാണ് കെ എം മാണി. ഭാര്യയുടെ പീഡന പരാതിയെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാറിന് നേരത്തെ രാജിവെക്കേണ്ടിവന്നിരുന്നു.
2013 ഏപ്രില്‍ ഒന്നിനാണ് ഗണേഷ് കുമാര്‍ രാജിവെച്ചത്. ബാലകൃഷ്ണ പിള്ള മകനെ രാജിവെപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഭാര്യയുമായുണ്ടായ കൈയ്യേറ്റവും കേസും വിവാഹമോചനവും ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കുകയായിരുന്നു. ഗണേഷിനെ തിരിച്ചെടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് മാണി വിഷയത്തില്‍ സര്‍ക്കാരുമായി ഉടക്കിയ കേരള കോണ്‍ഗ്രസ് ബി യുഡിഎഫില്‍ നിന്നും തെറ്റിപ്പെരിയുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയമാണ് കെ എം മാണിയുടെ രാജിയിലേക്ക് നയിച്ചതെന്ന് ആത്യന്തികമായി പറയാം. നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ഒടുവില്‍ വി എം സുധീരന്റെ ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദഫലമായി ഏതാണ്ട് മുഴുവന്‍ ബാറുകളും അടച്ചുപൂട്ടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമാണ് പിന്നീട് ലൈസന്‍സ് നല്‍കിയത്.
അതിനിടെ, ബാറുകള്‍ തുറക്കാന്‍ മന്ത്രിസഭയില്‍ ഇടപെടണമെന്ന ആവശ്യവുമായി ബാറുടമകള്‍ കെ എം മാണിയെ സമീപിക്കുകയും മാണി കോഴ ആവശ്യപ്പെടുകയും ചെയ്‌തെന്ന് ബിജു രമേശ് വെളിപ്പെടുത്തുകയും ചെയ്തു. കോടിക്കണക്കിന് രൂപ കോഴ നല്‍കിയെന്നാണ് പറയുന്നതെങ്കിലും 25 ലക്ഷം രൂപ കോഴ നല്‍കിയതിന്റെ തെളിവുകളാണ് അന്വേഷണത്തിലൂടെ പിന്നീട് പുറത്തുവന്നത്. കോഴ വിഷയം ഒടുവില്‍ മാണിയുടെ രാജിയില്‍ എത്തുകയും ചെയ്തു.












Click it and Unblock the Notifications