എറണാകുളം കെഎസ്ആർടിസി ബസ് ടെർമിനൽ ഉടൻ വരുമോ? രൂപരേഖ തയ്യാറായി, കൊച്ചി മാറ്റത്തിന്റെ പാതയിൽ..!
കൊച്ചി: നഗരത്തിന്റെ മുഖം മാറ്റുന്ന വികസന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമായും ഗതാഗത സൗകര്യങ്ങൾ തന്നെയാണ് മെച്ചപ്പെടുത്തുന്നതും. ഇപ്പോഴിതാ എറണാകുളം കെഎസ്ആർടിസി ബസ് ടെർമിനലിനായുള്ള രൂപരേഖയ്ക്ക് അധികൃതർ അന്തിമരൂപം നൽകിയിരിക്കുകയാണ്. സർക്കാരിന്റെ ഭരണാനുമതി ലഭിച്ചാലുടൻ നഗരത്തിലെ കാരിക്കാമുറിക്ക് സമീപമുള്ള ഈ ടെർമിനലിന്റെ നിർമ്മാണം ആരംഭിക്കും.
പുതിയ കെട്ടിടത്തിനായുള്ള വിശദമായ പ്ലാൻ തയ്യാറായിക്കഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം കൊച്ചി മേയർ എം അനിൽകുമാർ അറിയിച്ചത്. 1968 നവംബർ 1-ന് കേരളപ്പിറവി ദിനത്തിലാണ് എറണാകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് രാജ്യത്തെ ഏറ്റവും വലിയ ബസ് സ്‌റ്റാൻഡായി പ്രഖ്യാപിക്കപ്പെട്ട് പ്രവർത്തനമാരംഭിച്ചത്. 57 വർഷങ്ങൾക്ക് ഇപ്പുറവും കാര്യമായ വികസനം ഒന്നുമില്ലാതെ നിലനിൽകുകയായിരുന്നു ഇവിടം.

AI Image
ഏറെ ശോച്യാവസ്ഥയിലായിരുന്ന നിലവിലുള്ള ടെർമിനൽ ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് സന്ദർശിച്ചിരുന്നു. സന്ദർശനത്തിന് ശേഷം ധനകാര്യമന്ത്രി പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 13 കോടി രൂപ അനുവദിക്കുകയും വിശദമായ പ്ലാനും രൂപകൽപ്പനയും തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നുവെന്ന് മേയർ അനിൽകുമാർ പറഞ്ഞു.
പദ്ധതിക്ക് ഭരണാനുമതി നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അനുമതി ലഭിച്ചാൽ ഉടൻതന്നെ ടെൻഡർ വിളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ബാലഗോപാൽ അന്ന് വ്യക്തമാക്കിയതാണ്. ഫണ്ടിന് തടസമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകിയെന്നും പുതിയ സ്‌റ്റാൻഡ് പൂർത്തിയാകുന്നതോടെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നും മേയർ കൂട്ടിച്ചേർത്തു.
നിലവിലുള്ള കെഎസ്ആർടിസി ടെർമിനൽ ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ് ഉള്ളത്. വൃത്തിഹീനമായ ശുചിമുറികളും വിശ്രമ സൗകര്യങ്ങളുടെ അഭാവവും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. മഴ പെയ്യുമ്പോൾ ബസ് ടെർമിനൽ പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്.
നേരത്തെ ഈ വെള്ളക്കെട്ടിനെക്കുറിച്ച് പഠനം നടത്താൻ സർക്കാർ സെന്റർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഉയർന്ന വെള്ളപ്പൊക്ക രേഖ രേഖപ്പെടുത്തി. ടെർമിനലിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ്, സ്ഥലത്തിന്റെയും സമീപ റോഡുകളുടെയും ഉയരം ഈ പരിധിക്ക് മുകളിലേക്ക് ഉയർത്തും.
നേരത്തെ നിശ്ചയിച്ച പദ്ധതി പ്രകാരം, കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) 12 കോടി രൂപ ധനസഹായം നൽകേണ്ട കരിക്കമുറിയിലെ സംയോജിത ബസ് ടെർമിനലിൽ ഒരേസമയം 16 കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്ക് ബർത്ത് ചെയ്യാൻ കഴിയുന്ന നിലയിലാവും ഒരുക്കുക എന്നാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്.
എന്നാൽ സ്‌മാർട്ട്‌സിറ്റി ധനസഹായത്തോടെ പരസ്‌പരം ഭൂമി കൈമാറുന്ന പദ്ധതി നിർത്തലാക്കിയ ശേഷം, നിലവിലുള്ള തകർന്ന ബസ് സ്‌റ്റേഷന് പിന്നിലുള്ള കാരിക്കാമുറിയിലെ ഭൂമിയിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് ഒരു ആധുനിക ബസ് ടെർമിനൽ നിർമ്മിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. ഈ പദ്ധതിയാണ് ഇപ്പോൾ വേഗത്തിൽ മുന്നോട്ട് നീങ്ങുന്നത്. ഉടൻ തന്നെ ഇതിന്റെ രൂപരേഖ അംഗീകരിച്ച് നിർമ്മാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ സ്‌റ്റീൽ ഘടന നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല നിലവിലുള്ള ബസ് സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലം പ്രമുഖ സ്വകാര്യ കമ്പനികൾക്ക് ഒരു ഷോപ്പിംഗ് മാളോ പഞ്ചനക്ഷത്ര ഹോട്ടലോ സ്ഥാപിക്കുന്നതിനായി പാട്ടത്തിന് നൽകുവാനും നീക്കമുണ്ട്, ഇത് കോർപ്പറേഷന് വരുമാനം നേടിത്തരുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications