വമ്പന്‍ മാറ്റത്തിനൊരുങ്ങി കൊച്ചി മെട്രോ; ഇനി ചരക്ക് നീക്കവും മെട്രോയില്‍?
കൊച്ചി: ചരക്ക് ഗതാഗതം കൂടി ആരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. നിലവിലുള്ള യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചെറിയ ചരക്ക് നീക്കം കൂടി മെട്രോ വഴി നടത്താനാണ് കെ എം ആര്‍ എല്‍ ആലോചിക്കുന്നത്. വരുമാനം കൂട്ടാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഇത്തരമൊരു ആലോചന. സമ്മിശ്ര ഗതാഗത പ്രവര്‍ത്തനം കൈവരിക്കുന്നതിനായി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാന്‍ കൊച്ചി മെട്രോ നീക്കം ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം.
മെട്രോയില്‍ ചരക്ക് നീക്കം ആരംഭിക്കുന്നത് കൊച്ചി നഗരത്തിലുള്ള ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍, എന്നിവര്‍ക്ക് ഗുണപരമാകും. നിലവില്‍ ചരക്ക് ഗതാഗതത്തിന് നഗരത്തിലുള്ളവര്‍ റോഡിനെയാണ് ആശ്രയിക്കുന്നത്. ഇത് കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം അധിക ചെലവാണ്. മാത്രമല്ല റോഡിലെ ഗതാഗത കുരുക്കിനൊപ്പം വാഹനങ്ങളില്‍ നിന്നും മറ്റുള്ള മലിനീകരണം വര്‍ധിപ്പിക്കാനും ഇത് കാരണമാകുന്നുണ്ട്.

അതിനാല്‍ തന്നെ മെട്രോയില്‍ ചരക്ക് നീക്കം ആരംഭിക്കുന്നത് പല അര്‍ത്ഥത്തില്‍ ഗുണപരമാകും. മെട്രോയിലെ യാത്രക്കാരെ പ്രതികൂലമായി ബാധിക്കാതെ തന്നെ ഇത് നടപ്പിലാക്കും എന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ( കെ എം ആര്‍ എല്‍ ) അധികൃതരെ ഉദ്ധരിച്ച് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെട്രോ സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കണം എന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നാണ് ലഘു ചരക്ക് മേഖലയിലേക്ക് കടക്കാന്‍ തീരുമാനിച്ചത് എന്ന് കെ എം ആര്‍ എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരുടെ തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രമേ ചരക്ക് നീക്കത്തിനുള്ള സര്‍വീസുകള്‍ നടത്തൂ എന്നും കെ എം ആര്‍ എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് വിശദവിവരങ്ങള്‍ ലഭിക്കുന്നതിന് ഒരു സര്‍വേ നടത്തും.
അതിന് ശേഷമായിരിക്കും നിരക്ക് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കുക. ചരക്ക് ഗതാഗതം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമ ചട്ടക്കൂടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉടന്‍ തയ്യാറാക്കും എന്നും ഈ ഘട്ടത്തില്‍ ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും നിലവിലുള്ള ആലുവ-തൃപ്പൂണിത്തുറ മെട്രോ സൗകര്യം മുഴുവന്‍ ഇതിനായി പ്രയോജനപ്പെടുത്താനാണ് കെ എം ആര്‍ എല്ലിന്റെ നീക്കം.
നേരത്തെ നഗരങ്ങള്‍ക്കുള്ളില്‍ ചരക്ക് നീക്കത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിവിധ മെട്രോ ഏജന്‍സികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മെട്രോ ട്രെയിനുകളില്‍ പ്രത്യേക കാര്‍ഗോ കമ്പാര്‍ട്ടുമെന്റുകള്‍ ചേര്‍ക്കാന്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഡല്‍ഹി മെട്രോയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അധിക കോച്ചുകള്‍ ചേര്‍ക്കുന്നതില്‍ കൊച്ചി മെട്രോയ്ക്ക് സാങ്കേതിക തടസങ്ങളുണ്ട്.
നിലവിലുള്ള മെട്രോ ട്രെയിനിന്റേയും പ്ലാറ്റ്‌ഫോമിന്റേയുമെല്ലാം നീളമാണ് പ്രധാന പോരായ്മ. നിലവില്‍ ഓരോ ട്രെയിനിനും 66.55 മീറ്റര്‍ നീളമാണ് ഉള്ളത്. 975 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 136 സീറ്റുകളാണ് ഓരോ ട്രെയിനിലും ക്രമീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications