നിര്‍ണായക വെളിപ്പെടുത്തല്‍; കൊടകര കുഴല്‍പണ കേസില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളെ ശനിയാഴ്ച ചോദ്യം ചെയ്യും
തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ ബിജെപി, ആര്‍എസ്എസ് നേതൃത്വം വന്‍ പ്രതിസന്ധിയിലേക്ക്. കേസില്‍ നേതാക്കളെ തന്നെ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാക്കളെയാണ് മെയ് 22 ന് ചോദ്യം ചെയ്യുക.
പരാതിക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്റേയും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കിന്റേയും നിര്‍ണായക മൊഴികള്‍ ആണ് അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവായിരിക്കുന്നത്. സുനില്‍ നായിക്കിന് ബിജെപിയുടെ ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. വിശദാംശങ്ങള്‍...

ബിജെപി- ആര്‍എസ്എസ് നേതാക്കള്‍
കൊടകര കുഴല്‍പണ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആര്‍എസ്എസ് നേതാവ് കാശിനാഥന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുക. മെയ് 22, ശനിയാഴ്ച രാവിലെ 10.30 ന് തൃശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍ണായക മൊഴി
ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും തട്ടിയെടുത്തു എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനും കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുമായ ധര്‍മരാജന്‍ പരാതി നല്‍കിയിരുന്നു. ഈ പണം തനിക്ക് നല്‍കിയത് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്നും ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു.

അത് മൂന്നര കോടി തന്നെ
നഷ്ടപ്പെട്ടത് 25 ലക്ഷമല്ല, മൂന്നര കോടി തന്നെയാണ് എന്ന് സുനില്‍ നായികും ധര്‍മരാജനും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ബിജെപി-ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യുന്നത്.

അനധികൃത പണം
കാറില്‍ ഉണ്ടായിരുന്ന മൂന്നര കോടി രൂപ അനധികൃത പണം ആണെന്ന് സുനില്‍ നായിക്കും ധര്‍മരാജനും അന്വേഷണ സംഘത്തോട് സമ്മതിച്ചുകഴിഞ്ഞിട്ടുണ്ട്. സ്രോതസ്സുള്ള പണമാണെന്നായിരുന്നു ആദ്യം ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒടുവില്‍ ഇവര്‍ തന്നെ സത്യം വെളിപ്പെടുത്തുകയായിരുന്നു.

കള്ളപ്പണം എന്ന് തെളിഞ്ഞു
ഇതോടെ നഷ്ടപ്പെട്ടത് കള്ളപ്പണം ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ പണം എത്തിയത് കേരളത്തിന് പുറത്ത് നിന്നാണെന്ന് വ്യക്തമായിട്ടുണ്ട് എന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത് എന്നാണ് ഇനി ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത്.

വലിയ കുടുക്കിലേക്ക്
തിരഞ്ഞെടുപ്പ് ആവശ്യത്തിന് വേണ്ടി കൊണ്ടുവന്ന പണം ആണ് ഏപ്രില്‍ 3 ന് രാത്രി കൊടകരയില്‍ വച്ച് തട്ടിയെടുക്കപ്പെട്ടത്. ഇതിന് പിന്നില്‍ ബിജെപി നേതാക്കള്‍ തന്നെയാണെന്നാണ് ഉയര്‍ന്ന ആക്ഷേപം. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വം നിഷേധിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ ബിജെപി- ആര്‍എസ്എസ് നേതാക്കളിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ്.

ഉന്നത ബന്ധങ്ങള്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യുവമോര്‍ച്ച അധ്യക്ഷനായിരുന്ന കാലത്തായിരുന്നു സുനില്‍ നായിക്ക് യുവമോര്‍ച്ചയുടെ ട്രഷറര്‍ ആയിരുന്നത്. സുരേന്ദ്രനുമായി മാത്രമല്ല, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ ഉന്നത നേതാക്കളുമായും സുനില്‍ നായിക്കിന് അടുത്ത ബന്ധമുണ്ട് എന്നാണ് വിവരം.

കോടികള്‍ ഒഴുകി
എറണാകുളം ജില്ലയിലേക്ക് കൊടുത്തയച്ച പണം ആണ് നഷ്ടപ്പെട്ടത് എന്നാണ് പറയുന്നത്. മറ്റ് ജില്ലകളിലേക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ എത്തിയിട്ടുണ്ട് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട് എന്നാണ് വിവരം.












Click it and Unblock the Notifications