പൊലീസ് സേന യന്ത്രമനുഷ്യരുടേതല്ല; ജില്ലാ സമ്മേളനങ്ങളില്‍ പൊലീസിനെ വിമര്‍ശിച്ചിട്ടില്ലെന്ന് കോടിയേരി
തിരുവനന്തപുരം: സി പി ഐ എം ജില്ലാ സമ്മേളനങ്ങളില്‍ പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സി പി ഐ എം മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഊഹാപോഹത്തിന്റെയും കേട്ടുകേള്‍വിയുടേയും അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നതെന്ന് 'ഭരണം പാര്‍ട്ടി പൊലീസ്' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം എന്ന തരത്തിലൊക്കെ വന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലേത് മികച്ച പൊലീസ് ഭരണമാണെന്നും അതിനെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാണിച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടാനുള്ള ശ്രമങ്ങള്‍ക്ക് യു ഡി എഫ്, ബി ജെ പി നേതാക്കളും ചില വര്‍ഗീയ സംഘടനകളും പിന്തുണ നല്‍കുന്നുണ്ടെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ജനങ്ങളുടെ മെക്കിട്ട് കേറുന്ന സേനയായിരുന്നു പൊലീസെന്നും ഇടത് ഭരണത്തിലാണ് പൊലീസ് ജനസേവകരായിരിക്കണം എന്ന നിലപാട് കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ കാലം മുതല്‍ തങ്ങള്‍ ഇതാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂത്തുപറമ്പ് വെടിവെയ്പ്പ് അടക്കമുള്ള പല സംഭവങ്ങളും വെളിവാക്കുന്നത് ജനകീയ സമരങ്ങളേയും വിദ്യാര്‍ഥി- യുവജന പ്രക്ഷോഭങ്ങളേയും നേരിടാന്‍ യു ഡി എഫ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ചിരുന്നു എന്നതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇടതുപക്ഷത്തിന് തുടര്‍ ഭരണം ലഭിച്ചതോടെ മുന്നണിയുടെ അടിത്തറ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയതയെ ചെറുക്കാന്‍ മതേതര മനസിനെ കൂട്ടുപിടിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നതെന്നും അതുതന്നെയാണ് പൊലീസും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമ്പതിനായിരത്തിലധികം പേരുള്ള പൊലീസ് സേനയില്‍ ഏത് സര്‍ക്കാരിന്റെ കാലത്തും ആക്ഷേപങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ സമയോചിതമായി ഇടപെട്ട് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ക്രമസമാധാനപാലനത്തില്‍ രാജ്യത്ത് തന്നെ ഒന്നാമതാണ് കേരളമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. ഈ നേട്ടത്തിനായി കേരള പൊലീസ് സ്തുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി കലാപം മുതല്‍ മാറാട് കലാപം വരെയുള്ള സംഭവങ്ങള്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ അരങ്ങേറിയിരുന്നു. ഭരണത്തിലെ വര്‍ഗീയ ചേരിതിരിവാണ് ഇത്തരം വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നത് പോലെയുള്ള അനിഷ്ടസംഭവങ്ങള്‍ കേരളത്തില്‍ നടക്കാന്‍ ജനങ്ങളും പൊലീസും സമ്മതിക്കില്ലെന്നും അത്തരം വിദ്വേഷ പ്രചരണം നടത്തുന്നവരെ ജയിലിലടയ്ക്കുമെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേരളം അടുത്തിടെ അഭിമുഖീകരിച്ച പല ദുരന്ത സമയങ്ങളിലും ജനസേവനത്തിന് മുന്നിട്ടിറങ്ങിയത് പൊലീസായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിനായി പൊലീസിനെ പ്രാപ്തമാക്കിയത് ആഭ്യന്തര വകുപ്പ് കൂടി കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മോഷണവും കൊലപാതകവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അടക്കമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ പൊലീസിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇടത് ഭരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊലീസില്‍ നിന്ന് ചില മോശം പ്രവണതകളും കണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
'അമ്പതിനായിരം പേരുള്ള പൊലീസ് സേന യന്ത്രമനുഷ്യരുടേതല്ല. സംസ്‌കാരത്തിനു യോജിക്കാത്ത പ്രവൃത്തി ചെയ്യുന്ന പൊലീസുകാരെ സേനയില്‍ വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്,' കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി പാര്‍ട്ടി സമ്മേളനങ്ങളില്‍ ചില വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ടെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൊലീസിനേയോ ആഭ്യന്തര വകുപ്പിനേയോ ആകെ തള്ളിപ്പറയുന്ന നിലപാട് പാര്‍ട്ടിയുടെ ഒരു സമ്മേളനങ്ങളും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കുറ്റവാളികള്‍ക്ക് വേണ്ടി സി പി ഐ എം പ്രവര്‍ത്തകര്‍ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ നീതി നിര്‍വഹണത്തില്‍ ഇടപെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് സി പി ഐ എമ്മാണെങ്കിലും പൊലീസ് അടക്കമുള്ള ഒരു വകുപ്പിന്റേയും ഭരണ കുത്തക സി പി ഐ എമ്മിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളാണ് സര്‍ക്കാരിന് തുടര്‍ ഭരണം നല്‍കിയതെന്നും ആ നിലയ്ക്ക് ഇടത് സര്‍ക്കാര്‍ ജനങ്ങളുടേതാണെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ പൊലീസിനേയും ആഭ്യന്തര വകുപ്പിനേയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം കേരളം തള്ളിക്കളയുമെന്ന് പറഞ്ഞുകൊണ്ടാണ് കോടിയേരി ലേഖനം അവസാനപ്പിക്കുന്നത്.
സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് ജില്ലാ സമ്മേളനങ്ങള്‍ നടക്കുകയാണ്. ഇതിനോടനുബന്ധിച്ച് നടന്ന ഏരിയ സമ്മേളനങ്ങളിലും പിന്നീട് പൂര്‍ത്തിയായ ജില്ലാ സമ്മേളനങ്ങളിലും പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിനെയാണ് പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ കോടിയേരി തള്ളിക്കളഞ്ഞത്.












Click it and Unblock the Notifications