സംസ്ഥാനത്ത് ആദ്യ പത്രിക സമർപ്പിച്ച് മുകേഷ്,കെട്ടിവയ്ക്കാൻ പണം നൽകിയത് മത്സ്യത്തൊഴിലാളികൾ
കൊല്ലം; സംസ്ഥാനത്തെ ആദ്യ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ് . കൊല്ലം കളക്ട്രേറ്റിലേക്ക് പ്രകടനമായെത്തിയാണ് മുകേഷ് പത്രിക സമർപ്പിച്ചത്. മത്സ്യ തൊഴിലാളികളാണ് മുകേഷിന് കെട്ടി വെക്കാനുള്ള തുക നൽകിയത്. കാസർഗോട്ടെ എൻ ഡി എ സ്ഥാനാർത്ഥി അശ്വിനിയും പത്രിക സമർപ്പിച്ചു.
കെ എൻ ബാലഗോപാൽ അടക്കമുള്ള നേതാക്കൾക്കൊപ്പമാണ് മുകേഷ് പത്രിക സമർപ്പിക്കാൻ എത്തിയത്. വളരെ ആവേശത്തോടെയാണ് പത്രിക സമർപ്പിച്ചിരിക്കുന്നതെന്നും മണ്ഡലത്തിൽ വിജയം ഉറപ്പിച്ചുവെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇത്തവണയും കൊല്ലത്ത് ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. യു ഡി എഫിനായി ആർ എസ് പി നേതാവും സിറ്റിംഗ് എംപിയുമായ എൻകെ പ്രേമചന്ദ്രനാണ് മത്സരിക്കുന്നത്. സി പി എമ്മിന്റെ ശക്തികേന്ദ്രമായ കൊല്ലത്ത് 2019ൽ 1,48,869 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രേമചന്ദ്രൻ വിജയിച്ചത്.പ്രേമചന്ദ്രൻ 499,667 വോട്ടുകൾ നേടിയപ്പോൾ സി പി എം സ്ഥാനാർത്ഥിയായെത്തിയ കെ എൻ ബാലഗോപാൽ 3,50,821 വോട്ടുകളാണ് നേടിയത്. ബി ജെ പിക്കായി മത്സരിച്ച അഡ്വ കെവി സാബുവിന് 1,03,339 വോട്ടുകളും ലഭിച്ചു. ഇത്തവണ എൻ ഡി എ സ്ഥാനാർത്ഥിയായി നടൻ കൃഷ്ണകുമാറാണ് മത്സരിക്കാനെത്തിയിരിക്കുന്നത്. ബി ജെ പിയുടെ അഞ്ചാം ഘട്ട പട്ടികയിലായിരുന്നു കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
അതേസമയം ഇക്കുറി മുകേഷിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് എൽ ഡി എഫിന്റെ കണക്ക് കൂട്ടൽ. മുകേഷിന്റെ ജനപിന്തുണ വോട്ടായി മാറുമെന്നാണ് നേതൃത്വം കരുതുന്നത്. ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കൊല്ലം ലോക്സഭ മണ്ഡലം. 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആറിടത്തും എൽ ഡി എഫ് ആണ് വിജയിച്ചത്. കുണ്ടറയിൽ മാത്രമാണ് യു ഡി എഫിന് വിജയിക്കാനായത്. ഇതും എൽ ഡി എഫിൻറെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.
എന്നാൽ എൻ കെ പ്രേമചന്ദ്രൻ മണ്ഡലത്തിൽ ഹാട്രിക് അടിക്കുമെന്നാണ് യു ഡി എഫ് അവകാശവാദം. 2019ല്‍ 51.61 ശതമാനം വോട്ടുകൾ നേടാൻ പ്രേമചന്ദ്രന് സാധിച്ചിരുന്നു. അത് ആവർത്തിക്കുമെന്നും ജനങ്ങൾ ഇത്തവണയും തന്നെ കൈവിടില്ലെന്നും പ്രേമചന്ദ്രൻ പറയുന്നു.












Click it and Unblock the Notifications