കൃഷ്ണപിള്ള സ്മാരകത്തിന്റെ പേരിലും സിപിഎമ്മില്‍ കൊഴിഞ്ഞുപോക്ക്, ലാഭം ബിജെപിക്ക്
ആലപ്പുഴ: അടുത്ത കാലത്തിനിടെ സിപിഎം ഏറ്റവും വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ചിലപ്പോഴെല്ലാം പറയേണ്ടി വരും. അടവ് നയങ്ങള്‍ പാളിപ്പോയെന്ന് ജനറല്‍ സെക്രട്ടറി തന്നെ വിലയിരുത്തുന്ന സമയമാണ്.
പാര്‍ട്ടിയുടെ സ്ഥാപക നേതാവായ പി കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തതിന് പിന്നിലും പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് വന്നത് വലിയ ചീത്തപ്പേരാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്മാരകം തകര്‍ത്തവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ശനിദശ മാറുന്നില്ലെന്ന് തന്നെ പറയേണ്ടിവരും.

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി കഴിഞ്ഞ കുറേ നാളായി വിഭാഗീയതയുടെ പേരില്‍ സിപിഎമ്മിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇവിടെ നിന്ന് നൂറോളം പേര്‍ ബിജെപിയില്‍ ചേരുകയാണെന്നതാണ് പുതിയ വാര്‍ത്ത.
കാല്‍ നൂറ്റാണ്ടോളം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ച എന്‍പി ശശിയുടെ നേതൃത്വത്തിലാണ് ഈ കൂടുമാറ്റം. ശശി മുന്‍ പഞ്ചായത്ത് അംഗവും ആണ്. സിപിഎം വിട്ട വരുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ബിജെപി ജില്ലാ നേതൃത്വവും തയ്യാറാണെന്നാണ് വിവരം.
കണ്ണൂരില്‍ നമോ വിചാര്‍ മഞ്ച് രൂപീകരിച്ച് ബിജപിയില്‍ നിന്ന് അകന്നവര്‍ സിപിഎമ്മിലേക്ക് വന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അവരില്‍ ഭൂരിപക്ഷം പേരും തിരിച്ച് ബിജെപിയില്‍ തന്നെ ചേര്‍ന്നുവെന്നാണ് പിന്നീട് കേട്ടത്.
ആലപ്പുഴ സംഭവത്തില്‍ പാര്‍ട്ടി വിശദീകരണം വന്നിട്ടുണ്ട്. എന്‍പി ശശിയെ നേരത്തെ തന്നെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.












Click it and Unblock the Notifications