കുറ്റവിമുക്താനാക്കപ്പെടുന്നതോടെ ഈശ്വരപ്പ മന്ത്രിസഭയിലേക്ക് തിരികെയെത്തും: യദ്യൂരപ്പ
ബെംഗളൂരു: മുതിർന്ന നേതാവായ കെഎസ് ഈശ്വരപ്പയുടെ മന്ത്രിസഭയില്‍ നിന്നുള്ള പടിയിറക്കം കർണാടക ബി ജെ പിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ബെലഗാവിയിലെ കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ജീവനൊടുക്കിയതിനെ തുടർന്ന് ഉയർന്ന് വന്ന ആരോപണങ്ങളുടേയും പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ രാജി. സന്തോഷ് പാട്ടീല്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഈശ്വരപ്പയുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു.
ആത്മഹത്യാപ്രേരണയ്ക്ക് ഒന്നാം പ്രതിയാക്കിയാണ് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടികള്‍ പ്രക്ഷോഭവുമായി രംഗത്ത് വരികയായിരുന്നു. മന്ത്രിയുടെ സഹായികളായ ബസവരാജു, രമേഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

അതേസമയം, കേസില്‍ ഈശ്വരപ്പ കുറ്റവിമുക്താനാക്കപ്പെട്ടാല്‍ അദ്ദേഹം മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബിഎസ് യദ്യൂരപ്പ രംഗത്ത് എത്തി. അഴിമതി കേസിലെയും സന്തോഷ് പാട്ടീലിന്റെ ആത്മഹത്യാ കേസിലെയും എല്ലാ കുറ്റങ്ങളിൽ നിന്നും മുക്തനായ ശേഷം ഈശ്വരപ്പയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കിയത്.
"അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല, പക്ഷെ അദ്ദേഹം രാജിവെക്കുകയായിരുന്നു. രണ്ട് മൂന്ന് മാസത്തിനുള്ളിൽ കേസ് അന്വേഷണം പൂർത്തിയാവും കുറ്റക്കാരനല്ലെന്ന് തെളിയുമ്പോൾ ഈശ്വരപ്പയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും," യെദ്യൂരപ്പ പറഞ്ഞു.
അതേസമയം ഈശ്വരപ്പയുടെ രാജിയില്‍ പ്രതികരിച്ചുകൊണ്ട് കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറും രംഗത്ത് എത്തി. ഈ പോരാട്ടം സന്തോഷ് പാട്ടീലിന്റെ കുടുംബത്തിന് വേണ്ടി മാത്രമുള്ളതല്ല. ബിജെപി സർക്കാരിന്റെ അഴിമതിയുടെ ഭാരം പേറുന്ന ഓരോ കന്നഡിഗർക്കും വേണ്ടിയുള്ളതാണ്. ഈശ്വരപ്പയെ അറസ്റ്റ് ചെയ്യുക അല്ലെങ്കിൽ ഞങ്ങൾ പ്രതിഷേധം നിർത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
ഈശ്വരപ്പയ്‌ക്കെതിരേ അഴിമതിയാരോപണമുയര്‍ത്തിയ സന്തോഷ് പാട്ടീല്‍ ബി ജെ പി നേതാവും ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയുമായിരുന്നു. ഈശ്വരപ്പയുടെ മണ്ഡലത്തില്‍ നടത്തിയ നാലുകോടി രൂപയുടെ റോഡ് പ്രവൃത്തിയില്‍ തുകയുടെ 40 ശതമാനം മന്ത്രി കമ്മീഷനായി ആവശ്യപ്പെട്ടെന്നായിരുന്നു അദ്ദേഹം ഉയർത്തിയ ആരോപണം. ഇതിന് പിന്നാലെ ഉഡുപ്പിയിലെ ലോഡ്ജില്‍ സന്തോഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിന് കാരണം ഈശ്വരപ്പയാണെന്ന് കാണിച്ച് സന്തോഷ് പാട്ടീല്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശം കണ്ടെത്തിയതാണ് മന്ത്രിക്കെതിരെ കേസെടുക്കുന്നതിലേക്ക് നയിച്ചത്.












Click it and Unblock the Notifications