സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു, കേരളത്തിന് പുറത്ത് നിന്ന് വൈദ്യുതി എത്തിച്ച് പരിഹാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചതായി കെഎസ്ഇബി അറിയിച്ചു. മൂലമറ്റത്തെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ച പശ്ചാത്തലത്തില്‍ ആണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് പ്രഖ്യാപിച്ചത്. ഇടുക്കി മൂലമറ്റം പവര്‍ ഹൗസിലെ ആറ് ജനറേറ്ററുകളുടേയും പ്രവര്‍ത്തനം നിലച്ചതാണ് പ്രതിസന്ധിയായത്. സാങ്കേതിക തകരാര്‍ മൂലമാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തനം നിലച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോട് കൂടിയാണ് ജനറേറ്ററുകള്‍ പണി മുടക്കിയത്.
എന്നാല്‍ സംസ്ഥാനത്ത് പുറത്ത് നിന്ന് വൈദ്യുതി എത്തിച്ച് പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചിരിക്കുകയാണ്. കേരളത്തിന് പുറത്ത് നിന്ന് നാന്നൂറ് മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് ലഭിച്ച് തുടങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം വേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. ഇതോടെ രാത്രി ഒന്‍പത് മണിയോടെ വൈദ്യുതി നിയന്ത്രണം കെഎസ്ഇബി പൂര്‍ണമായും പിന്‍വലിക്കുകയായിരുന്നു.

മൂലമറ്റം പവര്‍ ഹൗസിലെ 6 ജനറേറ്ററുകളുടേയും പ്രവര്‍ത്തനം നിലയ്ക്കാനുളള കാരണം പുതിയതായി സ്ഥാപിക്കുന്ന ഡിസി പ്ലാന്റിന്റെ കേബിളില്‍ സംഭവിച്ച തകരാറാണാണ് എന്നാണ് സൂചന. ജനറേറ്ററുകള്‍ പ്രവര്‍ത്തന രഹിതമായതോടെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ മുന്നൂറ് മെഗാവാട്ടിന്റെ കുറവാണ് സൃഷ്ടിക്കപ്പെട്ടത്. ഇതോടെയാണ് കെഎസ്ഇബി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് പലയിടത്തും പതിനഞ്ച് മിനുറ്റോളം വൈദ്യുതി മുടങ്ങും എന്നായിരുന്നു അറിയിപ്പ്. അതേസമയം ആശുപത്രികളില്‍ അടക്കം വൈദ്യുതി മുടങ്ങില്ലെന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് വേണ്ടി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പ്രശ്‌നത്തില്‍ ഇടപെട്ടു. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന് ആവശ്യമായ വൈദ്യുതി എത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചത്. 400 മെഗവാട്ട് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നാണ് കേരളം വാങ്ങിയത്. ഇതോടെ വൈദ്യുതി നിയന്ത്രണത്തിന് താല്‍ക്കാലിക പരിഹാരമായി. മൂലമറ്റം പവര്‍ഹൗസിലെ തകരാറിലായ ജനറേറ്ററുകള്‍ നന്നാക്കുന്നതിനുളള ശ്രമം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications