'അയാള്‍ എന്ത് മഹത് കാര്യമാണ് ചെയ്തത്'; സവാദിന് സ്വീകരണം നല്‍കിയതിനെതിരെ പരാതിക്കാരി
കൊച്ചി: കെ എസ് ആര്‍ ടി സി ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവതിയുടെ പരാതിയില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നല്‍കിയതില്‍ പ്രതികരിച്ച് പരാതിക്കാരി. പ്രതിക്ക് സ്വീകരണം നല്‍കിയതില്‍ ലജ്ജ തോന്നുന്നെന്ന് പരാതിക്കാരി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ വേട്ടയാണ് നടക്കുന്നതെന്നും പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്ന് പരാതിക്കാരി പറഞ്ഞു.
'അയാള്‍ എന്ത് മഹത് കാര്യമാണ് ചെയ്തത്. സ്വാതന്ത്ര്യ സമരത്തിന് പോയി വന്ന ഒരാളെ പോലെ മലയിട്ടാണ് അയാളെ ആനയിച്ച് കൊണ്ടുവരുന്നത്. എന്ത് മഹത് കാര്യമാണ് അയാള്‍ ചെയ്തതെന്ന് പറഞ്ഞുതരുമോ? ബെഡ്‌റൂമിലും ബാത്ത്‌റൂമിലും ചെയ്യേണ്ട കാര്യം കെ എസ് ആര്‍ ടി സി ബസില്‍ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം. ഈ ഒരു ചോദ്യം പൊതു സമൂഹത്തോടുണ്ട്. ഇതിന് എങ്ങനെ മനസുവന്നു'.

'അയാള്‍ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കില്‍ ശരി. ജാമ്യത്തിലിറങ്ങിയ അവനോട് ഞങ്ങള്‍ കൂടെയുണ്ട് കേട്ടോ എന്നാണ് പറഞ്ഞത്. എന്തിനാണ് കൂടെയുള്ളത്? 20 ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തെറിവിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരില്‍ എനിക്ക് ലഭിച്ചത്'.- പരാതിക്കാരി പറഞ്ഞു.
സംഭവത്തില്‍ നിയമപോരാട്ടം നടത്തുമെന്നും യുവതി പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസമാണ് കേസില്‍ ജാമ്യം ലഭിച്ച് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സവാദിന് കോടതി ജാമ്യം അനുവദിച്ചത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഓല്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയത്. സംഘടനയുടെ പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
ഇതിന്റെ ലൈവ് ദൃശ്യങ്ങള്‍ അസോസിയേഷന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇതോടൊപ്പം പരാതിക്കാരിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അജിത് കുമാര്‍ അറിയിച്ചിരുന്നു. നഗ്നതാപ്രദര്‍ശനവുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
സമൂഹത്തില്‍ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി പരാതി ഉന്നയിച്ചത് എന്നാണ് അജിത്കുമാര്‍ ആരോപിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കൂട്ടുന്നതിന് വേണ്ടിയാണ് യുവതി കള്ളപ്പരാതി കൊടുത്തതെന്നും അജിത്കുമാര്‍ പറഞ്ഞു. 'യുവതി കാണിച്ച വീഡിയോയില്‍ മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണം. യുവതിയുടെ ഭാഗത്താണ് ആദ്യമൊക്കെ ശരിയെന്ന് കരുതിയത്. എന്നാല്‍ ഇന്‍സ്റ്റഗ്രാം ഐ ഡി പരിചയപ്പെടുത്തി യുവതി വീഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസിലായത്'- അജിത് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications