കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ വിമര്‍ശിച്ച് വിഎം സുധീരന്‍; കെഎസ്‌യുവിന്റെ പ്രതാപം തിരിച്ചുപിടിക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ന് കെഎസ്‌യു സ്ഥാപക ദിനം. പഴയകാല നേതാക്കളെയും പ്രവര്‍ത്തനങ്ങളും ഓര്‍ത്തെടുത്ത് മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍. കെഎസ്‌യുവിന്റെ പഴയ പ്രതാപ കാലവും പിന്നീട് സംഭവിച്ച അപചയങ്ങളുമെല്ലാം വിവരിച്ചായിരുന്നു സുധീരന്റെ പ്രതികരണം. നിലവിലെ നേതൃത്വത്തിന് ശക്തമായ സാന്നിധ്യം അറിയിക്കാനും ഐക്യവും കെട്ടുറപ്പും നിലനിര്‍ത്താനും സാധിക്കട്ടെ എന്നും സുധീരന്‍ ആശംസിച്ചു. സംഘടനയുടെ തുടക്കവും വളര്‍ച്ചയും പിന്നീടുണ്ടായ പാളിച്ചകളുമെല്ലാം വിവരിക്കുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

v

ഗതകാല പ്രൗഢിയിലേക്കുള്ള തിരനോട്ടം: കെ എസ് യുവിന് കൂടുതൽ കരുത്താകട്ടെ.
കേരളീയ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾക്കിട വരുത്തിയ കേരള വിദ്യാർത്ഥി യൂണിയൻ്റെ സ്ഥാപകദിനമാണിന്ന്.
വിദ്യാർത്ഥികളുടെ അവകാശ സമരങ്ങൾക്ക് ക്രിയാത്മകമായി നേതൃത്വം നൽകിയ 64 വർഷത്തെ മഹത്തായ പാരമ്പര്യമുള്ളതും സമാനതകളില്ലാത്തതുമായ കെ എസ് യു വിൻ്റെ ജന്മദിനത്തിൽ എല്ലാ കെഎസ്‌യു പ്രവർത്തകർക്കും കെഎസ്‌യു വിനെ അകമഴിഞ്ഞു സ്നേഹിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു; ആശംസകൾ നേരുന്നു.
വിദ്യാഭ്യാസ രംഗത്തെ പരിവർത്തനത്തിനും വിദ്യാർത്ഥി സമൂഹം കൈവരിച്ച നേട്ടങ്ങൾക്കും ഉത്തരവാദി കെഎസ്‌യു ആണെന്നത് എന്നെന്നും അഭിമാനകരമാണ്. സെനറ്റ്,സിൻഡിക്കേറ്റ് ഉൾപ്പെടെയുള്ള സർവ്വകലാശാലാ സമിതികളിലെ വിദ്യാർത്ഥി പങ്കാളിത്തവും യൂണിവേഴ്സിറ്റി യൂണിയൻ ആരംഭിച്ചതും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലെ ജനാധിപത്യവത്ക്കരണവും പ്രീഡിഗ്രി-എസ് എസ് എൽ സി വിദ്യാഭ്യാസം സൗജന്യമാക്കിയതും, അപരിഷ്കൃതമായ ഡീറ്റെൻഷൻ സമ്പ്രദായം അവസാനിപ്പിച്ചതും ഉന്നതവിദ്യാഭ്യാസരംഗത്തെ ഫീസ് ഏകീകരണം തുടങ്ങി ഏറെക്കാലമായിട്ടുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും ധീരോദാത്തമായി പൊരുതിയ മഹത്തായ പ്രസ്ഥാനമാണ് കെഎസ്‌യു.
അതാത് കാലത്ത് സർക്കാരുകളുടെയും വിദ്യാഭ്യാസ അധികൃതരുടെയും കണ്ണുതുറപ്പിക്കാൻ കാരണക്കാരായത് കെഎസ്‌യു തന്നെയാണ്.
അനാവശ്യ സമരങ്ങൾ ഒഴിവാക്കാനും ക്രിയാത്മക പ്രവർത്തനങ്ങൾക്ക് വിദ്യാർഥികളെ നയിക്കാനും കെഎസ്‌യുവിനായി. ഉമ്മൻചാണ്ടി കെഎസ്‌യു അധ്യക്ഷനായിരുന്ന കാലത്ത് ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കിയ 'ഓണത്തിന് ഒരുപറ നെല്ല്' എന്ന ഭാവനാസമ്പന്നമായ കർമപദ്ധതി വ്യാപകമായി പ്രശംസിക്കപ്പെട്ടിരുന്നു.
കേരളത്തിലെ സർവ്വകലാശാല യൂണിയനുകളിലും കോളേജ് യൂണിയനുകളിലും സ്കൂൾ പാർലമെൻ്റുകളിലും കെഎസ്‌യു വൻ ആധിപത്യം പുലർത്തിയത് ഇന്നും അഭിമാനത്തോടെ ഞാനോർക്കുന്നു.

k

കക്ഷിരാഷ്ട്രീയത്തിനതീതമായി വിദ്യാർത്ഥികളുടെ വിശ്വാസം ആർജ്ജിച്ചു കൊണ്ട് കെഎസ്‌യുവിന് മുന്നോട്ടുപോകാനായത് സുസജ്ജവും കെട്ടുറപ്പുള്ളതും ഐക്യബോധവും സാഹോദര്യവും സമ്പൂർണമായി നിലനിന്ന സംഘടനാ സംവിധാനത്തിന്റെ പരിണിതഫലമായിട്ടായിരുന്നു.
ഭരണഘടന പ്രകാരം സ്വതന്ത്ര വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിലെ യൂണിറ്റ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു.
കെഎസ്‌യുവിൻ്റ പ്രധാന ശക്തിസ്രോതസ്സ് സ്കൂളുകൾ ആയിരുന്നു. ഹൈസ്കൂളുകളിലും കോളേജുകളിലുമൊക്കെ യൂണിറ്റ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് അതാത് വർഷം തന്നെ നടന്നിരുന്നു. ഓരോ വർഷവും സംസ്ഥാന സമ്മേളനത്തിന് മുമ്പ് കൃത്യമായി യൂണിറ്റ്-താലൂക്ക്-ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നത്. കെഎസ്‌യു ഭാരവാഹിത്വത്തിൽ നിന്നും ഒഴിഞ്ഞവർ തന്നെയായിരുന്നു തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ബാധ്യതപ്പെട്ട റിട്ടേണിങ് ഓഫീസർമാർ ആകുന്നതും. കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് പദം ഒഴിഞ്ഞ് തുടർന്നുള്ള വർഷത്തെ സംസ്ഥാന റിട്ടേണിംഗ് ഓഫീസർ ആയി പ്രവർത്തിക്കാനായത് ഞാനോർക്കുന്നു.
സംഘടനയ്ക്കകത്ത് പൂർണമായ ഐക്യവും സഹോദര ബന്ധവും നിലനിന്നിരുന്നു. അത്യപൂർവ്വമായ തലങ്ങളിൽ മത്സരം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തികച്ചും ആരോഗ്യകരമായിരുന്നു. യാതൊരു തരത്തിലുള്ള ഗ്രൂപ്പിസവും ബാഹ്യമായ ഇടപെടലുകളും അന്നുണ്ടായിരുന്നില്ലെന്നത് എടുത്തുപറയേണ്ടതാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആശയങ്ങളോട് ആഭിമുഖ്യം ഉണ്ടായിരുന്നുവെങ്കിലും നയരൂപീകരണത്തിലോ ആവശ്യങ്ങൾ ഉന്നയിക്കുന്നതിലോ പ്രവർത്തനങ്ങൾ മുന്നോട്ടു നീക്കുന്നതിലോ അതൊന്നും സ്വാധീനിക്കപ്പെട്ടതേയില്ല. തികച്ചും സ്വതന്ത്രവും ജനാധിപത്യപരമായിട്ടുമായിരുന്നു പ്രവർത്തനം. അർഹതപ്പെട്ടവർ അതാതു സ്ഥാനങ്ങളിൽ വരുന്നതിന് തികഞ്ഞ ജാഗ്രത സർവ്വ തലത്തിലും ഉണ്ടായിരുന്നു. ഒരിക്കൽ എ.സി.ജോസിനെ സംസ്ഥാന പ്രസിഡൻ്റായി അദ്ദേഹത്തിൻ്റെ അഭാവത്തിലാണ് തെരഞ്ഞെടുത്തത് എന്നത് വളരെയേറെ ശ്രദ്ധേയമാണ്.
കൃത്യമായി നടന്നിരുന്ന യൂണിറ്റ്-താലൂക്ക്-ജില്ല-സംസ്ഥാന സമ്മേളനങ്ങൾക്ക് പുറമേ മുടക്കമില്ലാതെ നടന്നിരുന്ന വിവിധ തലങ്ങളിലുള്ള ക്യാമ്പുകളും കെഎസ്‌യുവിനെ സംഘടനാപരമായും ആശയപരമായും ശക്തിപ്പെടുത്തിയ പ്രധാന ഘടകങ്ങളായിരുന്നു.
ദേശീയ വിദ്യാർത്ഥി പ്രസ്ഥാനമായ നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യയ്ക്ക് രൂപം കൊടുക്കുന്നതിലും പ്രചോദനമായത് കെഎസ്‌യുവും ബംഗാളിലെ ചത്ര പരിഷത്തുമാണ്. ഒറ്റപ്പാലത്ത് നടന്ന കെഎസ്‌യു സംസ്ഥാന ക്യാമ്പിൽ പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ നേതൃത്വത്തിൽ ബംഗാളിൽ നിന്നും ചത്ര പരിഷത്ത് നേതാക്കൾ പങ്കെടുത്തിരുന്നു. ആന്ധ്ര ഉൾപ്പെടെ മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും സൗഹാർദ്ദ പ്രതിനിധികളും ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ദേശീയ വിദ്യാർത്ഥി പ്രസ്ഥാനം രൂപീകരിക്കുന്നതിനെ കുറിച്ച് പ്രാരംഭ ആശയവിനിമയം നടക്കുന്നത്. പിന്നീട് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായിരുന്ന വയലാർജി കോൺഗ്രസ് അധ്യക്ഷ ഇന്ദിരാഗാന്ധിയുമായി ചർച്ച ചെയ്തിട്ടാണ് 1971-72 കാലഘട്ടത്തിൽ എൻ എസ് യു ഐ സ്ഥാപിച്ചത്.കേരളത്തിൽ നിന്നുള്ള ടി.ജി.വിശ്വനാഥൻ ആയിരുന്നു കൺവീനർ. പിന്നീട് രംഗരാജൻ കുമാരമംഗലം പ്രസിഡണ്ടും കെ.സി.ജോസഫ് , അഷിത് മിത്ര,ഹരികേശ് ബഹാദൂർ, ഗീതാഞ്ജലി ശർമ്മ എന്നിവർ സെക്രട്ടറിമാരുമായി ദേശീയ കമ്മിറ്റി പുനസംഘടിപ്പിക്കപ്പെട്ടു. കെഎസ്‌യു-ചത്ര പരിഷത്ത് കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്നായിരുന്നു എൻ എസ് യു ഐ നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന ധാരണ. ഈ ധാരണപ്രകാരമാണ് വർഷങ്ങളോളം മുന്നോട്ടു പോയത്. ദേശീയതലത്തിലുള്ള യാതൊരു ഇടപെടലുകളും ഏറെക്കാലം കെഎസ്‌യു പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നില്ല.
പിൽക്കാലത്ത് കേരളത്തിൽ ശക്തിയാർജ്ജിച്ച കോൺഗ്രസ്സ് ഗ്രൂപ്പിസമാണ് ദേശീയതലത്തിലുള്ള അനാരോഗ്യകരമായ ഇടപെടലുകൾക്ക് വഴിവെച്ചത്. എൻ എസ് യു ഐ കേന്ദ്രനിർദ്ദേശങ്ങളും നടപടിക്രമങ്ങളും സംഘടനാ രീതിയും പലതരത്തിലും കേരളത്തിന് അപ്രായോഗികമായിരുന്നു. സ്കൂൾ യൂണിറ്റുകൾ പാടില്ല എന്ന തീരുമാനവും കെ എസ് യുവിന് ദോഷകരമായി. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പഴയ രീതിയിൽ തന്നെ സ്വതന്ത്ര സ്വഭാവത്തോടെ കെ എസ് യുവിന് പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം പുനസ്ഥാപിക്കേണ്ടത് ആവശ്യമാണ്.

23

കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തി കെഎസ്‌യുവിനെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് കെഎസ്‌യു പ്രസിഡൻറ് കെ.എം.അഭിജിത്തിൻ്റെ നേതൃത്വത്തിൽ കൂടുതൽ ശക്തവും ഭാവനാസമ്പന്നവുമായ ശ്രമങ്ങൾ തുടരട്ടെ. മാരകമായ ഗ്രൂപ്പിസത്തിൽ നിന്നും കെഎസ്‌യുവിനെ മുക്തമാക്കാനും വിദ്യാർത്ഥി ലോകം രണ്ട് കൈയും നീട്ടി ഉൾക്കൊണ്ട പഴയ സംഘടനാ രീതിയും പ്രവർത്തനശൈലിയും ആധുനിക കാലഘട്ടത്തിനനുസരിച്ച് ഉചിതവും സ്വീകാര്യവുമായ നിലയിൽ ഭേദഗതിയോടെ തിരിച്ചുകൊണ്ടു വന്ന് വിദ്യാർത്ഥികളുടെ വിശ്വാസം കൂടുതൽ കൂടുതൽ ആർജിക്കാനാകുന്ന കൂട്ടായ പ്രവർത്തനം ഉണ്ടാകേണ്ടിയിരിക്കുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഗ്രൂപ്പ് താൽപര്യങ്ങളും വെടിഞ്ഞ് കെ എസ് യുവിൻ്റെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ട പരിപൂർണ്ണ സഹകരണം ഇക്കാര്യത്തിൽ അഭിജിത്തിനും സഹപ്രവർത്തകർക്കും നൽകാൻ എല്ലാവരും തയ്യാറാകണമെന്നാണ് എൻ്റെ അഭ്യർത്ഥന.
ആലപ്പുഴയിൽ കെഎസ്‌യു ജന്മം കൊണ്ടപ്പോൾ അതിനെല്ലാം നേതൃത്വം നൽകിയ വയലാർ രവി, ആദ്യ പ്രസിഡണ്ട് ജോർജ് തരകൻ, തുടർന്ന് കെ എസ് യുവിന് ശക്തി പകർന്ന എ.സി.ജോസ്, എം.എ.ജോൺ, എ.എ.സമദ്, എ.സി.ഷൺമുഖദാസ്, തോപ്പിൽ രവി, വി.എം.മോഹൻദാസ് തുടങ്ങിയ ആദ്യകാല നേതാക്കളുടെ മഹനീയ സേവനം ഇത്തരുണത്തിൽ നന്ദിപൂർവ്വം ഓർക്കുന്നു.
വയലാർജി കെഎസ്‌യു പ്രസിഡൻ്റായ 21 അംഗ സംസ്ഥാന കമ്മിറ്റിയിൽ അംഗമായി വന്ന് പിന്നീട് എ.കെ.ആൻറണി, ഉമ്മൻചാണ്ടി, കടന്നപ്പള്ളി എന്നിവർക്ക് പിന്നാലെ കെഎസ്‌യു പ്രസിഡൻ്റാകാനായത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നു. അതിനെല്ലാം കളമൊരുക്കിയ നേതാക്കളെയും സഹപ്രവർത്തകരെയും കടപ്പാടോടുകൂടി ഓർക്കുന്നു.
തുടർന്നുള്ള കാലങ്ങളിലും കെഎസ്‌യു നേതൃ രംഗത്ത് കടന്ന് വന്നവരെയും ത്യാഗനിർഭരമായി പ്രവർത്തിച്ചവരെയും തികഞ്ഞ മതിപ്പോടെ മനസ്സിൽ കാണുന്നു. വിദ്യാർഥികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങളിലും കെഎസ്‌യു പ്രവർത്തകനരംഗത്തും രക്തസാക്ഷിത്വം വരിച്ച സഹോദരങ്ങളുടെ ധീരസ്മരണയ്ക്കു മുന്നിൽ സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു.

English summary
KSU Foundation Day: Former President VM Sudheeran criticized Groupism in Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X