കേരളത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു
തിരുവനന്തപുരം: കേരളത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. കെ എസ് യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ എസ് യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വല്‍ക്കരിക്കുന്നതിനെതിരെ ആണ് കെ എസ് യു സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മാര്‍ച്ചിന് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചിരുന്നു.

പൊലീസിന് നേരെ കെ എസ് യു പ്രവര്‍ത്തകര്‍ വടിയില്‍ കെട്ടി കൊടി വലിച്ചെറിഞ്ഞിരുന്നു. സംഘര്‍ഷത്തിനിടെ കല്ലേറുമുണ്ടായി. സംഘര്‍ഷത്തില്‍ അയവ് വരാതിരിക്കുകയും കെ എസ് യു പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയും ചെയ്തതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതിരുന്ന പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുതിയ നേതൃത്വം ചുമതലയേറ്റെടുത്ത ശേഷം കെ എസ് യു നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധമാണിത്.

ഇതിന് പിന്നാലെ വിദ്യാഭ്യാസ ബന്ദും പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്തംഭനാവസ്ഥ, വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ച, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ഒത്തുകളി തുടങ്ങിയവ ഉയര്‍ത്തിയാണ് കെ എസ് യുവിന്റെ പ്രതിഷേധം. പ്രതിഷേധ മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തിരുന്നത്.

മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ കെ എസ് യു സംസ്ഥാന നേതാക്കള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. സംസ്ഥാന നേതാക്കള്‍ അടക്കം പത്തോളം നേതാക്കളെ ആണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കും എന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications