കുഞ്ഞാലിക്കുട്ടിയെ ഇഴകീറി വീണ്ടും കെടി ജലീല്‍; മാനേജ് ചെയ്‌തെന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തെ പറ്റിച്ചു!!
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ നിയമസഭയിലും പുറത്തും ശക്തമായ ആക്രമണം നടത്തി തവനൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെടി ജലീല്‍. കുഞ്ഞാലിക്കുട്ടിയുടെ കുടുംബത്തിന്റെ അനധികൃത സ്വത്ത് സംബന്ധിച്ചാണ് നിയമസഭയില്‍ കെടി ജലീല്‍ ഇന്ന് സംസാരിച്ചത്.
കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തെ പറ്റിച്ചുവെന്നും ഇഡി യഥാര്‍ഥത്തില്‍ നോട്ടീസ് അയക്കേണ്ടത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കല്ല, കുഞ്ഞാലിക്കുട്ടിക്കാണെന്നും നിയമസഭയ്ക്ക് പുറത്ത് അദ്ദേഹം കുറ്റപ്പെടുത്തി. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ...

മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരുള്ള നിക്ഷേപം സംബന്ധിച്ച് പരിശോധിക്കണമെന്ന് കെടി ജലീല്‍ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ആവശ്യപ്പെട്ടു. കാര്‍ഷിക സഹകരണ സംഘങ്ങളായി രജിസ്റ്റര്‍ ചെയ്ത ബാങ്കുകള്‍ക്ക് എന്‍ആര്‍ഐ നിക്ഷേപം തുടങ്ങാന്‍ ആര്‍ബിഐ അനുമതി നല്‍കുന്നില്ലെന്നും കെടി ജലീല്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ മകന്റെത് എന്‍ആര്‍ഇ നിക്ഷേപമാണ് എന്നാണ് പറയുന്നത്. അത് എങ്ങനെ സഹകരണ ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കും. റിസര്‍വ് ബാങ്ക് അതിന് അനുമതി നല്‍കിയിട്ടുണ്ടോ എന്നും കെടി ജലീല്‍ സഭയില്‍ ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ രേഖകള്‍ കൈവശമില്ലെന്നും പരിശോധിച്ച് മറുപടി പറയാമെന്നും സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ മറുപടി നല്‍കി.

അതേസമയം, കെടി ജലീലിന്റെ വാദങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തുവന്നു. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപം എന്‍ആര്‍ഐ നിക്ഷേപമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എസ്ബിഐ അക്കൗണ്ടില്‍ നിന്ന് സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്നും സതീശന്‍ വിശദീകരിച്ചു. വ്യക്തിപരമായ ആരോപണങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു. നിക്ഷേപങ്ങള്‍ പരിശോധിക്കണം. അദ്ദേഹത്തിന്റെ മകന്റെ നിക്ഷേപങ്ങളും പരിശോധിക്കണം. ഇക്കാര്യം ഉന്നയിച്ച് ഇഡിക്ക് പരാതി നല്‍കുമെന്നും കെടി ജലീല്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇന്ന് അദ്ദേഹം വീണ്ടും മാധ്യമങ്ങളെ കണ്ടു. കുറച്ച് കൂടി ശക്തമായ ആരോപണങ്ങളാണ് ഇന്ന് ഉന്നയിച്ചിരിക്കുന്നത്.

ആരാണ് കുറ്റവാളി എന്ന് ഇഡിക്ക് നന്നായി അറിയാം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇത്തരം പണമിടപാടില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് അറിയാം. എന്നാല്‍ കുറ്റവാളി കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹത്തിനാണ് ഇഡി നോട്ടീസ് അയക്കേണ്ടത്. ഇഡി കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് മാറ്റി അയക്കണമെന്നും കെടി ജലീല്‍ ആവശ്യപ്പെട്ടു.

ഇതിന് മുമ്പ് ഇഡി പാണക്കാട് വന്നിരുന്നു. അന്ന് ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. പാണക്കാട് കുടുംബാംഗങ്ങളെ കുഞ്ഞാലിക്കുട്ടി അന്ന് പറഞ്ഞുപറ്റിച്ചു. എല്ലാം മാനേജ് ചെയ്തിട്ടുണ്ട്. ഇനി ആരും വരില്ല എന്നാണ് കുഞ്ഞാലിക്കുട്ടി പാണക്കാട്ടെ കുടുംബത്തെ അറിയിച്ചത്. എന്നാല്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നുവെന്നും കെടി ജലീല്‍ കുറ്റപ്പെടുത്തി.

ഹൈദരലി ശിഹാബ് തങ്ങളുടെ മക്കളടക്കം കുഞ്ഞാലിക്കുട്ടിയുടെ വാക്ക് വിശ്വസിച്ചു. എന്നാല്‍ ഹൈദരലി തങ്ങള്‍ അസുഖം കാരണം ചികില്‍സയിലിരിക്കുമ്പോള്‍ ഇഡിയുടെ നോട്ടീസ് വന്നിരിക്കുകയാണ്. തങ്ങളെയും കുടുംബത്തെയും ചതിക്കുഴില്‍ വീഴ്ത്താനും വഞ്ചിക്കാനും തയ്യാറായ കുഞ്ഞാലിക്കുട്ടി മുസ്ലിം സമുദായത്തെയും ലീഗിന്റെ രാഷ്ട്രീയ സംവിധാനങ്ങളെയും നാല് വെള്ളികാശിന് വിറ്റികിക്കുകയാണെന്നും കെടി ജലീല്‍ പറഞ്ഞു.

ചന്ദ്രിക പത്രത്തിന്റെ ബാങ്ക് അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണമായി ഉപയോഗിക്കുകയാണ്. പിഎഫ് ഇനത്തില്‍ 5 കോടിയോളം രൂപയാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. ചന്ദ്രികയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യവും കൂടിയാണിത്. ചന്ദ്രികയിലെ അക്കൗണ്ടിലൂടെ കോടികള്‍ വന്നു പോകുന്നു എന്ന് പത്രത്തിലെ ജീവനക്കാര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കെടി ജലീല്‍ പറഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള പത്രമായിരുന്നു ചന്ദ്രിക. കഴിഞ്ഞ ജനുവരി മുതല്‍ യുഎഇ എഡിഷന്‍ നിര്‍ത്തിയിരിക്കുന്നു. ആറ് കോടിയോളം രൂപയുടെ കുടിശിക പത്രം അച്ചടിച്ച സ്ഥാപനത്തിന് യുഎഇയില്‍ കൊടുക്കാനുണ്ട്. ആ പണം കൊടുക്കാനെന്ന പേരില്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് 4.5 മില്യണ്‍ യുഎഇ ദിര്‍ഹം പിരിച്ചെടുത്തു. ഈ പണത്തില്‍ ഒരു രൂപ പോലും യുഎഇയിലെ അച്ചടി കമ്പനിക്ക് കൊടുത്തില്ല. ഈ പണം ചിലര്‍ പോക്കറ്റിലാക്കിയെന്നും ജലീല്‍ ആരോപിച്ചു.

ചന്ദ്രികയ്ക്ക് വേണ്ടി പിരിച്ച പണം കേരളത്തിലേക്ക് എത്തി. കുഞ്ഞാലിക്കുട്ടിയുടെ ഗള്‍ഫിലെ സ്ഥാപനങ്ങള്‍ മുഖേനയാണ് ഇത് കേരളത്തിലെത്തിയത് എന്നാണ് മനസിലാക്കുന്നത്. ഇപ്പോള്‍ കേരളത്തിന് പുറത്ത് ചന്ദ്രിക പത്രം ഇറക്കുന്നത് ഖത്തറില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ മാത്രമായി ചുരുങ്ങി. കേരളത്തിന്റെ പുറത്തുള്ള ചന്ദ്രികയുടെ എല്ലാ എഡിഷനുകളും നിലച്ചു. ഗള്‍ഫില്‍ നിന്ന് ചന്ദ്രികയ്ക്കും ലീഗിനും വേണ്ടി പിരിക്കുന്ന പണം മൊത്തം പോക്കറ്റിലാക്കാന്‍ കുഞ്ഞാലിക്കുട്ടി കെഎംസിസികയുടെ തലപ്പത്ത് തന്റെ ഇഷ്ടക്കാരെ മാത്രം നിയോഗിച്ചുവെന്നും കെടി ജലീല്‍ ആരോപിച്ചു.

ഇത്രയും വലിയ വഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും കുഞ്ഞാലിക്കുട്ടി ചെയ്തിരിക്കുന്നത്. അദ്ദേഹം സുഖമായി നിയമസഭയില്‍ എത്തുന്നു. ഇതിലൊന്നും ബന്ധമില്ലാത്ത പാണക്കാട് ഹൈദരലി തങ്ങള്‍ അന്വേഷണം നേരിടുന്നു. ഇത് തങ്ങള്‍ കുടുംബത്തെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്. ലീഗില്‍ നിന്ന് തന്നെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും കെടി ജലീല്‍ പറഞ്ഞു.
ഒരു തരി പൊന്നില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം; ചിത്രങ്ങള്‍ കാണാം, വരന്‍ നടന്‍ സാം സബിന്‍












Click it and Unblock the Notifications