ബാണാസുര സാഗർ അണക്കെട്ടിൽ കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി!!
ബാണാസുര സാഗർ അണക്കെട്ടിൽ മിൻപിടിക്കുന്നതിനിടെ കുട്ടത്തോണി മറിഞ്ഞ് കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചെമ്പുകടവ് വട്ടച്ചോട് ജോണിന്റെ മകൻ ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വയനാട്: ബാണാസുര സാഗർ അണക്കെട്ടിൽ മീൻപിടിക്കുന്നതിനിടെ കുട്ടത്തോണി മറിഞ്ഞ് കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചെമ്പുകടവ് വട്ടച്ചോട് ജോണിന്റെ മകൻ ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന് അഞ്ചാം ദിവസമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.

നിരോധനം മറികടന്ന് റിസർവോയറിൽ മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കൊട്ടത്തോണികൾ കൂട്ടിക്കെട്ടിയായിരുന്നു മീൻപിടിത്തം നടത്തിയത്. ഏഴുപേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. നാലുപേരെ കാണാതായി.
അപകടം നടന്ന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയത്. താമരശേരി ചെമ്പുകടവ് നെല്ലിപ്പൊയിൽ മണിത്തൊടി മാത്യു വിന്റെ മകൻ മെൽബിൻ, തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ വിത്സൻ എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച കണ്ടെത്തിയത്. വ്യാഴാഴ്ച മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി. കോഴിക്കോട് നെല്ലിപ്പൊയിൽ കാട്ടിലത്തു വീട്ടിൽ ചന്ദ്രന്റെ മകൻ സച്ചിൻ ചന്ദ്രന്റെ മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെത്തയത്.
പടിഞ്ഞാറേത്തറ എസ്ഐ അബൂബക്കറും സംഘവും നടത്തിയ തിരച്ചിലിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. നാവിക സേന, ഫയർ ഫോഴ്സിന്റെ സ്കൂബ ഡൈവിങ് ടീം, കോഴിക്കോട് നിന്നെത്തിയ അണ്ടർ വാട്ടർ സെർച്ചിങ് ടീം തുർക്കി ജീവൻ രക്ഷ സമിതിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ തിരച്ചിൽ പലപ്പോഴും തടസപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications