ശിവശങ്കര്‍ അഞ്ച് ദിവസം ഇഡി കസ്റ്റഡിയില്‍; ചോദ്യം ചെയ്യുമ്പോള്‍ ഇടവേള കൊടുക്കണമെന്ന് കോടതി
തുടര്‍ച്ചയായി ചോദ്യം ചെയ്യുമ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ശിവശങ്കറിനെ ഇ ഡി 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ശിവശങ്കറിനെ ഹാജരാക്കണം എന്നും കോടതി നിര്‍ദേശിച്ചു.
ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഒരോ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിലും ഇടവേള അനുവദിക്കണം എന്നും കോടതി ഇ ഡിയോട് പറഞ്ഞിട്ടുണ്ട്. ഇ ഡി തന്നെ 12 മണിക്കൂര്‍ ചോദ്യം ചെയ്തു എന്നും ഇത് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കി എന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. ലൈഫ് മിഷന്‍ കരാറില്‍ മൂന്ന് കോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈഫ് മിഷന്‍ കരാറിന് ചുക്കാന്‍ പിടിച്ച എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈല്‍ ഫോണും ലഭിച്ചിട്ടുണ്ട് എന്നും ഇ ഡി പറയുന്നു.
ഇതിന് തെളിവുണ്ട് എന്നും ഇ ഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ട് എന്നും ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിനാണ് ഇടപാട് ഉറപ്പിച്ചത്.

യൂണിടാക്കിന് തന്നെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് എം ശിവശങ്കറിന് ഒരു കോടി രൂപ ലഭിച്ചത് എന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ ആയി ലഭിച്ച പണം തന്റെ പേരിലുള്ള ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ശിവശങ്കര്‍ ആണ് എന്നും സ്വപ്‌ന പറയുന്നു.
ഇക്കാര്യവും ഇ ഡിക്ക് മൊഴിയായി സ്വപ്‌ന സുരേഷ് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്‍ കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്ന സുരേഷും വാട്‌സാപ്പില്‍ ചാറ്റ് ചെയ്തിരുന്നു. ഇത് കോഴ ഇടപാടിനും കള്ളപ്പണക്കേസിനും ഉള്ള തെളിവാണ് എന്നാണ് ഇ ഡി അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് കേസില്‍ ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications