വീട് കുത്തിത്തുറന്ന് 25 ലക്ഷവും സ്വർണവും കവർന്നു; ലൊക്കേഷൻ മാനേജർ അറസ്റ്റിലായത് ഇങ്ങനെ
കൊച്ചി: ഫോർട്ട് കൊച്ചി ചിരട്ടപ്പാലത്തുള്ള വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിൽ ലൊക്കേഷൻ മാനേജർ അറസ്റ്റിൽ. കൽവാത്തി സ്വദേശി അബ്ദുൽ റഹീമാണ് പിടിയിലായത്. കഴിഞ്ഞ മാസം 26നാണ് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഡിജിറ്റൽ ക്യാമറയും ഉൾപ്പെടെ മോഷണം പോയത്.
വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറിയായിരുന്നു മോഷണം. ഫോർട്ട്കൊച്ചി ബീച്ചിൽ ഫുഡ് കോർട്ട് നടത്തുകയാണ് അറസ്റ്റിലായ അബ്ദുൽ റഹീം. ലൊക്കേഷൻ മാനേജരായ ഇയാൾ സിനിമകളിൽ ചെറുവേഷങ്ങളും ചെയ്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി ചക്കിട്ടപറമ്പ് സ്വദേശി മുജീബിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ടി.ബിജു ഭാസ്ക്കറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പക്ടർ ത്രിദീപ് ചന്ദ്രൻ, ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷൻ എസ്ഐമാരായ രൂപേഷ് കെ.ആർ, മധുസൂദനൻ, എസ്‍സിപിഒമാരായ മധു,
എഡ്വിൻ റോസ്, സിനീഷ്, ഉമേഷ് ഉദയൻ, അനീഷ്, സിപിഒ ജോൺ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ഫോർട്ട് കൊച്ചി, മട്ടാഞ്ചരി പൊലീസ് സ്റ്റേഷനുകളിൽ മുൻപ് അടിപിടി, ലഹരിമരുന്ന് ഉപയോഗം എന്നീ കേസുകളുൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, ചേരാനെല്ലൂരിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച എംബിഎക്കാരൻ പോലീസ് പിടിയിൽ ആയിരുന്നു. മാഞ്ഞുമ്മൽ സ്വദേശി സോബിൻ സോളമനെ ആണ് പൊലീസ് പിടികൂടിയത്. ഇന്നലെ മൂന്ന് മണിയോയോടെയാണ് ഇയാൾ വീട്ടമ്മയുടെ മാല കവർന്നത്. ചേരാനെല്ലൂർ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ചെറിയ ഇടവഴിയിലൂടെ വീട്ടമ്മ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സോബിൻ പിന്തുടരുകയും മാല മോഷ്ടിക്കുകയുമായിരുന്നു.
മാല തട്ടിയെടുത്തിന് പിന്നാലെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ ഇന്നലെ രാത്രി തന്നെ പൊലീസ് പിടികൂടിയത്. പുതിയ കാർ വാങ്ങാനായി പണം കണ്ടെത്താൻ ആണ് മോഷണം നടത്തിയതെന്ന് ആണ് പ്രതിയുടെ മൊഴി. നേരത്തെ സോബിൻ പലയിടങ്ങളിലും ജോലി ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications