'ആ അക്കൗണ്ട് പൂട്ടിയത് ഞങ്ങള്‍', കേരളത്തില്‍ ബിജെപിക്ക് ഒരിടത്തും രണ്ടാം സ്ഥാനം കിട്ടില്ലെന്ന് പിണറായി
ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ബി ജെ പി ലഭിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മണ്ഡലത്തില്‍ പോലും രണ്ടാം സ്ഥാനത്തെത്താന്‍ ബി ജെ പിക്ക് സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസിന്റെ വോട്ട് കൊണ്ടാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. ബി ജെ പിയുടെ കരുത്തിന്റെ ഭാഗമായാണ് ഒരു സീറ്റ് ലഭിച്ചത് എന്ന് അവര്‍ക്ക് പോലും അവകാശപ്പെടാനാവില്ല. 2021 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി തുറന്ന അക്കൗണ്ട് പൂട്ടിച്ചാണ് ശിവന്‍കുട്ടി അവിടെ നിന്ന് ജയിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'2011 ല്‍ 17.38 ശതമാനം വോട്ടാണ് നേമത്ത് യുഡിഎഫിനുണ്ടായിരുന്നത്. 2016 ല്‍ 9.7 ശതമാനമായി കുറഞ്ഞു. ആ വോട്ട് എവിടെപ്പോയി. ആ വോട്ട് ചെന്നപ്പോഴാണ് ബി ജെ പി അക്കൗണ്ട് തുറന്നത്. ബി ജെ പിക്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യമൊരുക്കിയത് യു ഡി എഫാണ്. നാല് വോട്ടിന് വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ നിലപാട് മാറ്റില്ല'', മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിര്‍ക്കുകയും അവരെ അധികാരത്തില്‍നിന്നു പുറത്താക്കാനുള്ള ചാലകശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ സിഎഎയെ കുറിച്ച് പരാമര്‍ശിക്കാത്തത് കുറ്റകരമാണ് എന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ, പിഎംഎല്‍എ തുടങ്ങിയ കരിനിയമങ്ങളെ കുറിച്ച് തങ്ങള്‍ പ്രകടനപത്രികയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികളെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണോ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക എന്നതില്‍ സംശയമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 'മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തിനെതിരേ മാത്രമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നതായി കണ്ടു. തിരഞ്ഞെടുപ്പ് പ്രചരണ വിഷയങ്ങളില്‍ സിഎഎ ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ബന്ധം കോണ്‍ഗ്രസിന് എങ്ങനെയാണ് വരുന്നത്,' അദ്ദേഹം ചോദിച്ചു.
അതേസമയം വിദേശ സര്‍വകലാശാലകളെ സംബന്ധിച്ച് അതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നാണ് ബജറ്റില്‍ പറഞ്ഞത് എന്നും അത് അംഗീകാരമല്ല എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശം പാലിക്കും. അത് തന്നെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.
വകുപ്പുതല നടപടിയെടുക്കുന്നത് ആരോടെങ്കിലുമുള്ള വിരോധമോ താല്‍പര്യമോ വെച്ചല്ല. അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വിവരം കോടതിയെ അറിയിക്കുമെന്നും അതില്‍ കോടതിയുടെ നിര്‍ദേശം പാലിക്കും എന്നുമാണ് മന്ത്രി പറഞ്ഞത് എന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications