കോട്ടയത്ത് സിപിഎം മത്സരിക്കും, പി കരുണാകരന് സീറ്റില്ല, നാല് സിറ്റിംഗ് എംപിമാർ വീണ്ടും മത്സരിക്കും
Recommended Video

തിരുവനന്തപുരം: സിപിഐക്ക് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സിപിഎമ്മും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. ജെഡിഎസ് അടക്കമുളള ഘടകകക്ഷികള്‍ക്കൊന്നും സീറ്റ് കൊടുക്കേണ്ടതില്ല എന്നാണ് സിപിഎമ്മിനകത്തുളള പ്രാഥമികമായ ധാരണ.
2014ല്‍ കോട്ടയത്ത് നിന്നും മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് നല്‍കിയേക്കില്ല. കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ ജെഡിഎസിന് സീറ്റ് നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണ് എന്നാണ് സിപിഎം ന്യായം. എന്നാല്‍ പത്തനംതിട്ട സീറ്റ് ഘടകകക്ഷികള്‍ക്കായി മാറ്റി വെയ്ക്കണോ എന്ന കാര്യം സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. സിപിഎം സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് നോക്കാം..

കരുണാകരന് സീറ്റില്ല
ഇടത് സിറ്റിംഗ് എംപിമാരില്‍ കാസര്‍ഗോഡ് നിന്നും മത്സരിച്ച പി കരുണാകരനെ ഇത്തവണ മത്സരിപ്പിക്കില്ല. കെപി സതീഷ് ചന്ദ്രനെ കാസര്‍ഗോഡ് മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. വിപിപി മുസ്തഫയെ പരിഗണിച്ചിരുന്നുവെങ്കിലും പെരിയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ കൊലവിളി പ്രസംഗമാണ് വിനയായത്.

നാല് സിറ്റിംഗ് എംപിമാർ
ചാലക്കുടി എംപിയായ ഇന്നസെന്റിനെ ഇത്തവണ മത്സരിപ്പിക്കണോ എന്ന വിഷയം സിപിഎം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം മറ്റ് സിറ്റിംഗ് എംപിമാര്‍ എല്ലാവരും അതത് സീറ്റുകളില്‍ മത്സരിക്കും. എംബി രാജേഷ് പാലക്കാടും പികെ ബിജു ആലത്തൂരും പികെ ശ്രീമതി കണ്ണൂരും എ സമ്പത്ത് ആറ്റിങ്ങലും തന്നെ ഇത്തവണയും മത്സരിക്കും.

സാധ്യതാ പട്ടിക
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ജോയ്‌സ് ജോര്‍ജ് തന്നെയാവും ഇത്തവണയും ഇടുക്കിയില്‍ മത്സര രംഗത്ത് ഇറങ്ങുക. വടകരയിലേക്ക് പി സതീദേവിയെ ആണ് സിപിഎം പരിഗണിക്കുന്നത്. കോഴിക്കോട് മുഹമ്മദ് റിയാസിന് ആണ് സാധ്യത. എറണാകുളത്ത് പി രാജീവിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മലപ്പുറത്തേക്ക് എസ്എഫ്‌ഐ നേതാവ് വിപി സാനുവിനെ പരിഗണിക്കുന്നു.മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.

മൂന്ന് സീറ്റിൽ ആശയക്കുഴപ്പം
മൂന്ന് പ്രധാന സീറ്റുകളുടെ കാര്യത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ സീറ്റുകളാണ് ഇവ. ചാലക്കുടിയില്‍ നിന്നും മാറ്റി ഇന്നസെന്റിനെ എറണാകുളത്ത് മത്സരിപ്പിക്കുന്നത് സിപിഎം ആലോചിക്കുന്നുണ്ട്.

കൊല്ലത്ത് ബാലഗോപാൽ
കൊല്ലത്ത് കെഎന്‍ ബാലഗോപാല്‍ ആണ് സിപിഎം സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ കൊല്ലത്ത് നിന്നും മത്സരിപ്പിച്ചുവെങ്കിലും തോല്‍വി ആയിരുന്നു ഫലം.. ഇടത് മുന്നണി വിട്ട് യുഡിഎഫിലെത്തിയ എന്‍കെ പ്രേമചന്ദ്രനാണ് ബേബിയെ തോല്‍പ്പിച്ചത്. ഇത്തവണ മണ്ഡലം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലഗോപാലിനെ ഇറക്കുന്നത്.

സിപിഐ സ്ഥാനാർത്ഥികൾ
2014ല്‍ പതിനഞ്ച് സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. ഇത്തവണ കോട്ടയം കൂടി ഏറ്റെടുക്കുകയാണ് എങ്കില്‍ പതിനാറ് സീറ്റില്‍ സിപിഎമ്മും 4 സീറ്റില്‍ സിപിഐയുമാണ് മത്സരിക്കുക. സിപിഐ സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സി ദിവാകരന്‍ തിരുവനന്തപുരത്തും രാജാജി മാത്യു തോമസ് തൃശൂരും ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലും പിപി സുനീര്‍ വയനാട്ടിലും മത്സരിക്കും.

പത്തനംതിട്ടയിൽ സംശയം
പത്തനംതിട്ടയുടെ കാര്യത്തിലും സിപിഎമ്മില്‍ വിശദമായ ചര്‍ച്ച നടക്കുന്നുണ്ട്. സിപിഎം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണോ അതോ ഘടകകക്ഷികളിലൊരാള്‍ക്ക് സീറ്റ് വിട്ട് കൊടുക്കണോ എന്നതാണ് സംശയം. 16 സീറ്റുകളിലും സിപിഎം തന്നെ മത്സരിക്കണം എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പൊതുവികാരം എന്നാണ് സൂചന.

അഭിമാന പോരാട്ടം
ശബരിമല സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയ്ക്ക് പത്തനംതിട്ടയിലേത് സിപിഎമ്മിന് അഭിമാന പോരാട്ടമാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് എങ്കിലും ബിജെപിക്ക് ഏറെ പ്രതീക്ഷ പത്തനംതിട്ടയിലുണ്ട്. അതുകൊണ്ട് തന്നെ ബിജെപിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാതിരിക്കാനുളള മുന്‍ കരുതല്‍ സിപിഎമ്മിന് എടുക്കേണ്ടതുണ്ട്.












Click it and Unblock the Notifications