പ്രവചനാതീതമായി ആലപ്പുഴ.. ഷാനിമോളും ആരിഫും ഇഞ്ചോടിഞ്ച് പോരാട്ടം, ലീഡ് നില മാറി മറിയുന്നു!
ആലപ്പുഴ: ആലപ്പുഴയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്. എല്‍ഡിഎഫിന്റെ എഎം ആരിഫും യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനും തമ്മില്‍ കടുത്ത മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. നേരിയ വോട്ട് വ്യത്യാസത്തില്‍ ലീഡ് നില മാറി മറിയുകയാണ്. പല ഘട്ടങ്ങളിലും ഷാനിമോള്‍ ഉസ്മാന്‍ മുന്നിലെത്തിയെങ്കിലും ആരിഫ് ലീഡ് തിരിച്ച് പിടിച്ചു.
മണ്ഡലത്തിലെ 21 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 714 വോട്ടുകള്‍ക്ക് ആരിഫ് ലീഡ് ചെയ്യുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആരിഫ് ആണ് ലീഡ് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊതുവേ ചുവന്ന മണ്ഡലമാണ് ആലപ്പുഴ. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ആലപ്പുഴ കൂടുതലും ജയിപ്പിച്ചിട്ടുളളത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ആണ്. 2014ലെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് കെസി വേണുഗോപാല്‍ ജയിച്ചത് 19,407 വോട്ടുകള്‍ക്കാണ്. സിപിഎമ്മിലെ സിബി ചന്ദ്രബാബുവിനെ ആണ് കെസി വേണുഗോപാല്‍ തോല്‍പ്പിച്ചത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ ആറ് മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം നിന്നു. ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഈ ആറ് മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് നല്‍കിയത്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പളളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് ആലപ്പുഴ മണ്ഡലം.