20 സീറ്റും തോറ്റാലും രാജിയില്ല, ഈ കട്ടിൽ കണ്ടു പനിക്കേണ്ട! തോൽവിയിൽ പിണറായിയെ ട്രോളി ജയശങ്കർ!
തിരുവനന്തപുരം: ശബരിമലയും മോദി വിരുദ്ധതയും രാഹുല്‍ തരംഗവുമെല്ലാം ഒന്നിച്ച് വന്നപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് പക്ഷം അപ്പാടെ ഒലിച്ച് പോയി. നവോത്ഥാന മുദ്രാവാക്യവുമായി പിണറായി വിജയന്‍ നാട് നീളെ പുത്തരിക്കണ്ടം മൈതാനം പ്രസംഗങ്ങള്‍ നടത്തിയതും വനിതാ മതില്‍ കെട്ടിയതുമൊന്നും വോട്ടായി ഇടത് പെട്ടിയില്‍ വീണിട്ടില്ല.
ശബരിമല തോല്‍വിക്ക് കാരണമായി എന്നാണ് സിപിഎം തന്നെ വിലയിരുത്തുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണം എന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ പിണറായി വിജയന്‍ രാജി വെക്കില്ലെന്നും ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും അഡ്വക്കേറ്റ് എ ജയശങ്കര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

എൽഡിഎഫ് എന്തുകൊണ്ട് തോറ്റു?
'' കേരളത്തിൽ എൽഡിഎഫ് എന്തുകൊണ്ട് തോറ്റു? താത്വികമായ ഒരു അവലോകനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥികൾക്ക് എൽഡിഎഫ് സാരഥികളേക്കാളധികം വോട്ട് കിട്ടി എന്നതാണ് ഒന്നാമത്തെ കാരണം. എണ്ണത്തിൽ അവർ നേടിയെങ്കിലും ഗുണം കൂടിയ വോട്ടുകൾ നമുക്കാണ് കിട്ടിയത്.

വോട്ട് മൂരാച്ചികളായ യുഡിഎഫുകാർക്ക്
ബിജെപിയെ തോല്പിക്കണം, നരേന്ദ്രമോദിയെ താഴെയിറക്കണം എന്ന നമ്മുടെ മുദ്രാവാക്യം ഇന്നാട്ടിലെ മതേതര പുരോഗമന നവോത്ഥാന വിശ്വാസികൾ ഏറ്റെടുത്തു. പക്ഷേ അവരുടെ വോട്ട് മൂരാച്ചികളായ യുഡിഎഫുകാർക്കാണ് പോയത്. ശബരിമല മുൻനിർത്തി നമ്മൾ നടത്തിയ നവോത്ഥാനമാണ് നമ്മുടെ പണി തീർത്തതെന്ന വ്യാഖ്യാനം തെറ്റാണ്.

ഫെമിനിസ്റ്റുകളും തഥൈവ
ഇന്നാട്ടിലെ മൊത്തം സാംസ്കാരിക നായകരും എൽഡിഎഫിനാണ് വോട്ട് ചെയ്തത്. ഫെമിനിസ്റ്റുകളും തഥൈവ. ശബരിമല വിഷയത്തിൽ കുറേ സവർണ മൂരാച്ചികൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരും അങ്ങനെ യുഡിഎഫ് ദുർബലമാകും എന്നാണ് നമ്മൾ കണക്കു കൂട്ടിയത്. ദലിത് പിന്നാക്ക ന്യൂനപക്ഷ വോട്ടുകൾ നമുക്ക് അനുകൂലമാകുമെന്നും കരുതി. അവിടെയും കണക്ക് അല്പം തെറ്റി. നമ്മുടെ ഏതാനും വോട്ടുകൾ കൂടി എതിർ ഭാഗത്തേക്കു പോയി.

അതൊന്നും നടപ്പില്ല
സഖാവ് പി ജയരാജൻ്റെ സ്ഥാനാർഥിത്വം പാർട്ടിയിലും മുന്നണിയിലും വലിയ ആവേശം സൃഷ്ടിച്ചെങ്കിലും വടകരയിൽ കോ-ലീ-ബി സഖ്യവും കുലംകുത്തികളുമായി കൈകോർക്കുന്നതിന് ഇടയാക്കി. പാർട്ടിയും സർക്കാരും തെറ്റു തിരുത്തണം, 2004ൽ ആൻ്റണി ചെയ്ത പോലെ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ചില കുബുദ്ധികൾ ആവശ്യപ്പെടുന്നുണ്ട്. അതൊന്നും നടപ്പില്ല.

ഈ കട്ടിൽ കണ്ടു പനിക്കേണ്ട
ഒന്നാമത് പാർട്ടിക്കോ സർക്കാരിനോ ഒരു തെറ്റും പറ്റിയിട്ടില്ല. തെറ്റിയത് ജനങ്ങൾക്കാണ്. യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തവരാണ് തെറ്റു തിരുത്തേണ്ടത്. പിന്നെ, കോൺഗ്രസല്ല സിപിഎം. 2004അല്ല 2019. ആൻ്റണിയല്ല സഖാവ് വിജയൻ. 20സീറ്റും തോറ്റാലും രാജിയില്ല. ഈ കട്ടിൽ കണ്ടു പനിക്കേണ്ട'' എന്നാണ് ജയശങ്കറിന്റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
നാണംകെട്ട തോൽവിയിൽ മനംമടുത്ത് രാഹുൽ ഗാന്ധി! രാജി പ്രഖ്യാപിക്കും!കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ!
ഇടത് തോൽവിയേക്കാൾ നൂറ് മടങ്ങ് ആഴമുണ്ടാ മുറിവിന്!രാഹുലിനെ എംപിയാക്കി മൂലക്കിരുത്തി,ജലീലിന്റെ പോസ്റ്റ്