കുമ്മനം, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, സുരേഷ് ഗോപി... ബിജെപിയുടെ സാധ്യതാ പട്ടിക തയ്യാർ!
തൃശൂര്‍: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി അരയും തലയും മുറുക്കി ബിജെപി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കും എന്നുറപ്പിച്ചുളളതാണ് ബിജെപിയുടെ നീക്കങ്ങള്‍.
വിജയസാധ്യതയുളള മണ്ഡലങ്ങളില്‍ ഏറ്റവും കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്ത് ഇറക്കാനാണ് ബിജെപിയുടെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായിക്കഴിഞ്ഞു. സ്ഥാനാർത്ഥി പട്ടികയിലെ വിശദാംശങ്ങള്‍ ഇങ്ങനെ:

ചരിത്രം തിരുത്താൻ
ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് വലിയ സാധ്യതകള്‍ പ്രവചിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ചരിത്രം തിരുത്താന്‍ കഴിവുളള സ്ഥാനാര്‍ത്ഥികളെ ആണ് തുടക്കം മുതല്‍ ബിജെപി അന്വേഷിക്കുന്നതും. മോഹന്‍ലാല്‍ മുതല്‍ ശശികുമാര വര്‍മ്മ വരെയുളള പേരുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി പറഞ്ഞ് കേട്ടിരുന്നു.

സ്ഥാനാർത്ഥി പട്ടിക
എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണ് കൈക്കൊള്ളുക.

സീറ്റ് തർക്കം പരിഹരിച്ചു
ബിഡിജെഎസ് അടക്കമുളള ഘടക കക്ഷികളുമായി ഏകദേശ ധാരണ ആയെന്നും ബിഡിജെഎസുമായുളള സീറ്റ് തര്‍ക്കം പരിഹരിച്ചുവെന്നും ശ്രീധരന്‍ പിളള വ്യക്തമാക്കി. ഒരു മണ്ഡലത്തില്‍ ഏറ്റവും വിജയ സാധ്യതയുളള മൂന്ന് പേരുടെ പേരാണ് പട്ടികയില്‍ ഉളളത്.

ഒന്നാമത് കുമ്മനം
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ആദ്യ പേര് കുമ്മനം രാജശേഖരന്റെതാണ്. രണ്ടാമതായി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് സുരേഷ് ഗോപി എംപിയാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരും തിരുവനന്തപുരത്ത് പരിഹണിക്കുന്നുണ്ട്.

കെ സുരേന്ദ്രൻ തൃശൂരിൽ
കെ സുരേന്ദ്രനെ ഒന്നാമനായി പരിഗണിക്കുന്നത് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ്. അതേസമയം തൃശൂരിലെ പാര്‍ട്ടി ചുമതലയുളള എഎന്‍ രാധാകൃഷ്ണന്റെ പേരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. തൃശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ കെ സുരേന്ദ്രന്‍ ഈ മണ്ഡലത്തില്‍ നിന്നും മത്സരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. കാസര്‍കോഡും സുരേന്ദ്രന് സാധ്യതയുണ്ട്.

തുഷാർ മത്സരിക്കട്ടെ
അതേസമയം തൃശൂര്‍ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണ് എങ്കില്‍ മാത്രമേ സീറ്റ് വിട്ട് നല്‍കൂ എന്നാണ് ബിജെപി തീരുമാനം. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ലെന്ന് നേരത്തെ വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ടയിൽ രമേശ്
ബിജെപിക്ക് ഏറെ പ്രതീക്ഷയുളള മറ്റൊരു മണ്ഡലമായ പത്തനംതിട്ടയില്‍ എംടി രമേശിന്റെ പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കൂടാതെ മഹേഷ് മോഹനര്, അല്‍ഫോണ്‍സ് കണ്ണന്താനം, ശശികുമാര വര്‍മ്മ എന്നിവരേയും പത്തനംതിട്ടയില്‍ മത്സരിക്കുന്നതിനായി ബിജെപി പരിഗണിക്കുന്നുണ്ട്.

ശോഭയ്ക്ക് സാധ്യത രണ്ടിടത്ത്
തിരുവനന്തപുരത്ത് കൂടാതെ കൊല്ലത്തും എംപിയായ സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്. ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രന്റെ പേര് പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലില്‍ പരിഗണിക്കപ്പെടുന്ന മറ്റൊരു നേതാവായ പികെ കൃഷ്ണദാസിന്റെ പേരും പട്ടികയിലുണ്ട്.

തീരുമാനം കേന്ദ്രത്തിന്റെത്
സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇതെന്ന് ശ്രീധരന്‍ പിളള വ്യക്തമാക്കി. ഈ പട്ടിക കേന്ദ്രത്തിന് അയച്ച് കൊടുത്തിട്ടുണ്ട്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണ് എടുക്കുക. തുഷാര്‍ മത്സരിക്കാന്‍ തയ്യാറാവുകയാണ് എങ്കില്‍ പട്ടികയില്‍ വീണ്ടും മാറ്റം വന്നേക്കും.

വിമതനായി മുകുന്ദൻ
അതിനിടെ ബിജെപിക്കെതിരെ തിരുവനന്തപുരത്ത് വിമതനായി മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. പിപി മുകുന്ദനെ പിന്തുണയ്ക്കും എന്ന് ശിവസേനയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിക്ക് ഏറ്റവും അധികം പ്രതീക്ഷയുളള മണ്ഡലമാണ് തിരുവനന്തപുരം.












Click it and Unblock the Notifications