ലൗ ജിഹാദ് ഉണ്ട്, പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്ത് ഇസ്ലാമിലേക്ക് ആകര്‍ഷിക്കുന്നു: വെള്ളാപ്പള്ളി
ആലപ്പുഴ: ലൗ ജിഹാദിനെ കുറിച്ചും മതപരിവര്‍ത്തനത്തെ കുറിച്ചും മുന്‍പ് പറഞ്ഞ പ്രസ്താവനകളില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. ലവ് ജിഹാദ് യഥാര്‍ത്ഥമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിച്ചു. ഒറ്റപ്പെട്ടതെങ്കിലും ലൗ ജിഹാദ് എന്നൊന്നുണ്ട്.
പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന സമ്പന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി സഹപാഠികള്‍ ബ്രെയിന്‍ വാഷ് ചെയ്യുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം എന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗമാണ് മിക്ക മതപരിവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹത്തേയും താന്‍ പറയുന്നില്ല. മതപരിവര്‍ത്തനത്തിന് കോടികളാണ് അവര്‍ ചെലവഴിക്കുന്നത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സര്‍ക്കാരിന്‍ മുസ്ലീം-ഭൂരിപക്ഷ സമുദായ പ്രീണനമാണ് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മുസ്ലീം സംഘടനകള്‍ക്ക് മുന്നില്‍ പതറി.

ഇത് പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കിയത്. ജനാധിപത്യം പിന്നാക്കം പോയതുപോലെയും മതഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന്‍ കീഴില്‍ സര്‍ക്കാര്‍ തലകുനിച്ചതായും തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെയും മുന്നാക്ക സമുദായങ്ങളുടെയും താളത്തിനൊത്ത് സര്‍ക്കാര്‍ നൃത്തം ചെയ്യുന്നു. ലത്തീന്‍ സമുദായം ന്യൂനപക്ഷം മാത്രമാണെങ്കിലും വിഴിഞ്ഞം കേസില്‍ ഇടതു സര്‍ക്കാര്‍ അവര്‍ക്ക് മുന്നില്‍ തലകുനിക്കുകയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ 96 ശതമാനം ജീവനക്കാരും മുന്നാക്ക സമുദായത്തില്‍ നിന്നുള്ളവരാണ്. കൂടാതെ, ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റിനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങള്‍ മുന്നാക്ക സമുദായത്തിന് അനുകൂലമാണ്. മുന്നാക്ക സമുദായങ്ങള്‍ മൊത്തം ജനസംഖ്യയുടെ 15 ശതമാനം മാത്രമാണെങ്കിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 10 ശതമാനം സീറ്റുകള്‍ ആ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

പാര്‍ട്ടിയില്‍ ചേരാന്‍ സഭയെ തള്ളിപ്പറയേണ്ടിവരുമെന്ന് ക്രിസ്ത്യന്‍ സമുദായ നേതാക്കളോട് സിപിഎം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍, അതേ പാര്‍ട്ടിയുടെ നേതാക്കള്‍ ബിഷപ്പുമാരെയും വൈദികരെയും കാണാന്‍ കാത്തിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈഴവ യുവാക്കളെ തങ്ങളുടെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാനും അവര രക്തസാക്ഷികളാക്കാനുമാണ് ആഗ്രഹിക്കുന്നത് എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം 2026 ലും എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് താന്‍ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാഗ്യം അനുദിനം കുറഞ്ഞുവരികയാണ്. വിഭാഗീയത കോണ്‍ഗ്രസിന്റെ വോട്ട് അടിത്തറ തകര്‍ത്തു. ക്രിസ്ത്യന്‍, മുസ്ലീം വോട്ടര്‍മാര്‍ സി പി ഐ എമ്മിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു.

ഈഴവര്‍ സി പി ഐ എമ്മിന് വോട്ട് ചെയ്യുന്നത് തുടരും. കോണ്‍ഗ്രസ് പൂര്‍ണമായും മുസ്ലീം ലീഗിനെയാണ് ആശ്രയിക്കുന്നത്, എന്നാല്‍ ലീഗ് പോലും ശിഥിലമാകുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്ല സ്വാധീനം ഉണ്ടായിരുന്നെങ്കിലും കടുത്ത നിലപാടുകളുടെ സ്വാധീനം പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന്റെ സ്ഥാനം ദുര്‍ബലപ്പെടുത്തി എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications