ചുങ്കത്തറയില്‍ യുഡിഎഫിന് മധുരപ്രതികാരം: വാർഡ് പിടിച്ചു, ഇനി പഞ്ചായത്ത് ? തിരിച്ചടി അന്‍വറിനെന്ന്
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂർ ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് വാർഡ് പിടിച്ചെടുത്ത് യു ഡി എഫിന്റെ മധുര പ്രതികാരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച എം കെ നജ്മുന്നിസ യു ഡി എഫിൽ നിന്ന് മറുകണ്ടം ചാടി എൽ ഡി എഫിലെത്തി പഞ്ചായത്ത് പ്രസിഡന്റായതോടെ 15 വർഷങ്ങള്‍ക്ക് ശേഷം പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായിരുന്നു. എന്നാല്‍ യു ഡി എഫ് പരാതിയില്‍ കുറുമാറ്റ് നിരോധന നിയമപ്രകാരം നജ്മുന്നിസയെ അയോഗ്യയാക്കിയതോടെയാണ് വാർഡില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
2020 ഡിസംബറില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോള്‍ ആകെ 20 അംഗങ്ങളുള്ള ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ ഡി എഫിനും യു ഡി ഫിഎനും 10 വീതം സീറ്റുകളിലായിരുന്നു വിജയിക്കാന്‍ സാധിച്ചത്. ഇതേ തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ ചുങ്കത്തറ പഞ്ചായത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നു. കോണ്‍ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യാനായിരുന്നു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

തുടക്കം മുതല്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റിന്റെതിരെ യു ഡി എഫ് മെംമ്പർമാരില്‍ നിന്നും അമർഷം ഉയർന്നിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് 2022 ഏപ്രിലില്‍ ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ലീഗ് സ്വതന്ത്രയായി വിജയിച്ച നജ്മുന്നി അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് യു ഡി എഫ് ഭരണം വീണു. ഇതിന് പിന്നാലെ നജ്മുന്നിസയെ എല്‍ ഡി എഫ് പഞ്ചായത്ത് പ്രസിഡന്റുമാക്കി.
എന്നാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് ഒരു കൊല്ലമാവുമ്പോഴാണ് നജ്മുന്നീസയെ തേടി അയോഗ്യതാ വിധിയെത്തി. ചുങ്കത്തറ ചെമ്പന്‍കൊല്ലി വാര്‍ഡംഗം ലീഗിലെ സൈനബ മാമ്പള്ളിയുടെ പരാതിയിലായിരുന്നു കമ്മീഷന്റെ നടപടി. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര കെ പി മൈമൂന നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
മൈമൂനയുടെ വിജയത്തോടെ പഞ്ചായത്തിലെ കക്ഷി നില യു ഡി എഫിനും എല്‍ ഡി എഫിനും പത്തു വീതമാകും. നിലവില്‍ എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ യു ഡി എഫ് ഉടന്‍ തന്നെ അവിശ്വാസ പ്രമേയം കൊണ്ടു വരും. നാടകീയ നീക്കങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ നറുക്കെടുപ്പിലൂടെയായിരിക്കും അടുത്ത പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. കളക്കുന്നിലെ വിജയം യു ഡി എഫ് അണികള്‍ വലിയ രീതിയില്‍ ആഘോഷിക്കുകയാണ്. എംഎല്‍എ പിവി അന്‍വറിനുണ്ടായ തിരിച്ചടിയെന്ന നിലയിലാണ് യു ഡി എഫ് പ്രവർത്തകരുടെ ആഘോഷം.
കളക്കുന്ന് ഉള്‍പ്പെടെ മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന നാല് വാർഡിലും യു ഡി എഫ് സ്ഥാനാർത്ഥികള്‍ വിജയിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് ഡിവിഷന്‍, തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കംപുറം വാര്‍ഡ്, പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശ്ശേരി എന്നിവയാണ് ഉപതിരഞ്ഞെടുപ്പു നടന്ന മറ്റു വാര്‍ഡുകള്‍. ഉപതിരഞ്ഞെടുപ്പു നടന്ന ഏക ബ്ലോക്ക് ഡിവിഷനായ ചെമ്മാണിയോട് യു ഡി എഫിന്റെ ലീഗ് സ്ഥാനാര്‍ഥി യു ടി മുന്‍ഷിറാണ് വിജയിച്ചത്.
അതേസമയം, സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് മുന്നേറ്റം നടത്തി. കളക്കുന്നിലെ സ്വതന്ത്ര ഉള്‍പ്പെടേ 17 ല്‍ 9 സീറ്റുകളാണ് യു ഡി എഫ് സ്വന്തമാക്കിയത്. 7 സീറ്റുകളില്‍ എല്‍ ഡി എഫും ഒരു സീറ്റില്‍ ബി ജെ പിയും വിജയിച്ചു. എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു.












Click it and Unblock the Notifications