ആന്റണിയുടെ അടി ബിജെപിക്ക്!! ജയത്തില്‍ വലിയ കാര്യമില്ലെന്നു വിഎസും ജലീലും....

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: ഉപ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി വമ്പന്‍ ജയം നേടിയതിനു പിറകെ പ്രമുഖ നേതാക്കള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. കോണ്‍ഗ്രസ് സമിതിയംഗം എകെ ആന്റണി ബിജെപിക്കെതിരേ ആഞ്ഞടിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തെ താഴ്ത്തിക്കെട്ടാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്.

വിധിയെഴുത്ത്

മലപ്പുറത്തെ തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താണെന്നാണ് ആന്റണി ചൂണ്ടിക്കാട്ടിയത്. ഒഡീഷയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതിയില്‍ ബിജെപി പറഞ്ഞതൊന്നും നടക്കാന്‍ പോവുന്നില്ല. ബിജെപി കേരളത്തില്‍ വേരുറപ്പിക്കില്ലെന്നു വ്യക്തമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാഭാവികം

ലീഗിന് മലപ്പുറത്തു ലഭിച്ചത് സ്വാഭാവിക ഭൂരിപക്ഷം മാത്രമാണെന്നു വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ലീഗിനു സ്വാധീനമുള്ള മണ്ഡലമാണ് മലപ്പുറം. വിശദമായി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വിഎസ് വ്യക്തമാക്കി.

മതേതരത്വത്തിന്റെ വിജയം

മതേതരത്വത്തിന്റെ വിജയമാണ് മലപ്പുറത്ത് യുഡിഎഫ് നേടിയതെന്നു കെപിപിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ മുന്നറിയിപ്പും താക്കീതുമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി പ്രഭാവം ഇല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ലീഡ് കുറഞ്ഞതായി കണക്കാക്കുന്നില്ലെന്നും ഹസ്സന്‍ പറഞ്ഞു.

അഭിമാനിക്കാവുന്ന ജയമല്ല

പറയുന്നത്ര അഭിമാനിക്കാവുന്ന ജയമൊന്നുമല്ല മലപ്പുറത്തു യുഡിഎഫ് നേടിയതെന്നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം. ഇ അഹമ്മദിനു ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ കുഞ്ഞാലിക്കുട്ടിക്കു ലഭിച്ചിരുന്നെങ്കില്‍ മാത്രമേ അതു സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്നു പറയാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതീക്ഷിച്ച വിജയം

യുഡിഎഫ് പ്രതീക്ഷിച്ച വിജയമാണ് മലപ്പുറത്തു നേടിയതെന്നു മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കതിരായ വിധിയെഴുത്താണ് ഈ ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന് വോട്ട് കുറഞ്ഞു

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് ഇത്തവണ യുഡിഎഫിനു കുറഞ്ഞിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എസ്ഡിപിഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അധികമായി ലഭിച്ചത്. മലപ്പുറത്ത് ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനാണ് ബിജെപി ശ്രമിച്ചതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

മുഖത്തേറ്റ അടി

സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് ്തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നു കോടിയേരി പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ തോവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വോട്ട് വര്‍ധന

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ച വോട്ടില്‍ വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫിന്റെ വോട്ട് ശതമാനത്തില്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ബിജെപിയും പുറകോട്ട് പോയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
Ak anthony says election result shows bjp have no future in kerala.
Please Wait while comments are loading...