കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ കൊച്ചനുജത്തിയുടെ മരണമെങ്കിലും കേരളത്തിന്റെ മനസാക്ഷിയെ ഉണർത്തണം; സർക്കാരിന്റെ കണ്ണു തുറപ്പിക്കണം'

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വളാഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. മാങ്കേരി ദളിത് കോളനിയിലെ കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്റെയും ഷീബയുടെയും മകള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയെ ആണ് വീടിന് സമീപത്ത് തീക്കൊളുത്തി ആത്മഹത്യ ചെയ്തത്. ദേവികയുടെ മരണത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. പൊതുവിദ്യാഭ്യാസത്തേക്കുറിച്ചും ഇന്‍ക്ലൂസിവിറ്റിയേക്കുറിച്ചുമുള്ള കേരളത്തിന്റെ പൊങ്ങച്ചങ്ങളെ തുറന്നു കാട്ടുന്ന ഒരു ദാരുണ സംഭവമായാണ് ഞാനിതിനെ നോക്കിക്കാണുന്നതെന്ന് ബല്‍രാം പറയുന്നു. ആയതിനാല്‍ത്തന്നെ സര്‍ക്കാരിനേയോ വിദ്യാഭ്യാസ വകുപ്പിനേയോ ബന്ധപ്പെട്ട പഞ്ചായത്തിനേയോ മറ്റാരെയെങ്കിലുമോ ഇക്കാര്യത്തില്‍ നേരിട്ട് കുറ്റപ്പെടുത്താന്‍ ഈ ഘട്ടത്തില്‍ ആഗ്രഹിക്കുന്നില്ലെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

ആഗ്രഹിക്കുന്നില്ല

ആഗ്രഹിക്കുന്നില്ല

ഓണ്‍ലൈന്‍/വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള പഠനത്തിന് സൗകര്യമില്ലാത്തതിനാലുണ്ടായ മാനസിക വിഷമത്താല്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ഒരു ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തേക്കുറിച്ചും ഇന്‍ക്ലൂസിവിറ്റിയേക്കുറിച്ചുമുള്ള കേരളത്തിന്റെ പൊങ്ങച്ചങ്ങളെ തുറന്നു കാട്ടുന്ന ഒരു ദാരുണ സംഭവമായാണ് ഞാനിതിനെ നോക്കിക്കാണുന്നത്. ആയതിനാല്‍ത്തന്നെ സര്‍ക്കാരിനേയോ വിദ്യാഭ്യാസ വകുപ്പിനേയോ ബന്ധപ്പെട്ട പഞ്ചായത്തിനേയോ മറ്റാരെയെങ്കിലുമോ ഇക്കാര്യത്തില്‍ നേരിട്ട് കുറ്റപ്പെടുത്താന്‍ ഈ ഘട്ടത്തില്‍ ആഗ്രഹിക്കുന്നില്ല.

പ്രധാന ചര്‍ച്ച

പ്രധാന ചര്‍ച്ച

എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും ഈ ദൗര്‍ഭാഗ്യകരമായ മരണത്തില്‍ തീര്‍ച്ചയായും പങ്കുണ്ട്. കാരണം, കൊട്ടിഘോഷിച്ച് ഓണ്‍ലൈന്‍/ വിക്ടേഴ്‌സ് ചാനല്‍ ക്ലാസുകള്‍ തുടങ്ങിയ ഇന്നലെ പോലും അത് പ്രയോജനപ്പെടുത്താന്‍ സാമ്പത്തിക, സാമൂഹിക കാരണങ്ങളാല്‍ കഴിയാതെ പോകുന്ന രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ (ഔദ്യോഗിക കണക്ക്) അനുഭവിക്കേണ്ടി വരുന്ന അനിവാര്യ പുറന്തള്ളലിനേക്കുറിച്ചോ അതിന്റെ സാമൂഹിക, ധാര്‍മ്മിക പ്രത്യാഘാതങ്ങളേക്കുറിച്ചോ ആയിരുന്നില്ല 'പ്രബുദ്ധ കേരള'ത്തിന്റെ പ്രധാന ചര്‍ച്ച.

മനസ്സാക്ഷിയെ ഉണര്‍ത്തണം

മനസ്സാക്ഷിയെ ഉണര്‍ത്തണം

മറിച്ച് വിക്ടേഴ്‌സ് ചാനലിന്റെ പിതൃത്ത്വം തൊട്ട് ക്ലാസെടുത്ത ടീച്ചര്‍മാര്‍ക്കെതിരെയുണ്ടായ ട്രോളുകളും അധിക്ഷേപങ്ങളുമൊക്കെയായിരുന്നു നമുക്ക് പ്രധാനം. അവയെല്ലാം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടവ തന്നെ, എന്നാല്‍ എല്ലാത്തരം പ്രിവിലിജ്ഡ് ചര്‍ച്ചകള്‍ക്കും അപ്പുറം ജീവിക്കുന്നവരേക്കൂടി പരിഗണിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഏതായാലും ഈ കൊച്ചനുജത്തിയുടെ മരണമെങ്കിലും കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തണം; സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കണം.

ഭരണഘടനാപരമായ അവകാശം

ഭരണഘടനാപരമായ അവകാശം

വിദ്യാഭ്യാസത്തിനുള്ള ആക്‌സസ് എന്നത് ഓരോ വിദ്യാര്‍ത്ഥിയുടേയും ഭരണഘടനാപരമായ അവകാശമാണ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് ക്ലാസ് റൂമിന്റേയുമൊക്കെ പേരില്‍ മേനി നടിക്കുന്ന കേരളത്തില്‍ പ്രത്യേകിച്ചും. എന്നാല്‍ ആധുനിക പഠന സൗകര്യങ്ങളില്ലാത്ത ഏറ്റവും സാധാരണക്കാരായ രണ്ടര ലക്ഷം കുട്ടികള്‍ക്കായി എന്ത് മുന്നൊരുക്കമാണ് കഴിഞ്ഞ മൂന്ന് മാസമായി വിദ്യാഭ്യാസ വകുപ്പ് ഇവിടെ നടത്തിയിട്ടുള്ളത്? പഞ്ചായത്ത് തലത്തിലോ മറ്റോ പരിഹരിക്കാവുന്ന വ്യാപ്തിയല്ല ഈ പ്രശ്‌നത്തിനുള്ളത്, സംസ്ഥാന തലത്തില്‍ത്തന്നെ ഇടപെടലുണ്ടാവണം. എന്നാല്‍ മദ്യപാനികള്‍ക്ക് ആപ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ ചെലുത്തിയ ശ്രദ്ധയുടെ ഒരു ശതമാനം പോലും വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിദ്യാര്‍ത്ഥി സംഘടനകളുമായി എല്ലാക്കൊല്ലവും നടത്താറുള്ള പതിവ് ചര്‍ച്ച പോലും ഇത്തവണ നടത്തിയില്ല.

എത്രയോ നിസ്സാരമാണ്

എത്രയോ നിസ്സാരമാണ്

അര്‍ഹതപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് 8000- 10,000 രൂപ വീതം ചെലവഴിച്ച് സൗകര്യമേര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിയേണ്ടിയിരുന്നു. ഇതിന് സംസ്ഥാനത്തൊട്ടാകെ രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കായി വേണ്ടിയിരുന്നത് 200-250 കോടി രൂപയാണ്. സാമാന്യം വലിയ ഒരു തുകയാണിതെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാല്‍ ഒന്നര ലക്ഷത്തോളം വരുന്ന സ്‌കൂള്‍ അധ്യാപകരില്‍ നിന്ന് സാലറി കട്ടിലൂടെ സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന തുകയുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് എത്രയോ നിസ്സാരമാണ്. ഓരോ എംഎല്‍എമാരും ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ നീക്കിവച്ച് 141 കോടി രൂപ ഈയാവശ്യത്തിനായി സമാഹരിക്കുന്ന കാര്യവും സര്‍ക്കാരിന് പരിഗണിക്കാവുന്നതാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ ഈ നിലക്കുള്ള നീക്കമാണ് നടത്തേണ്ടത്. പണവും സൗകര്യവുമില്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയും പുറന്തള്ളപ്പെട്ടു കൂടാ, മാനസിക വേദന അനുഭവിച്ച് ഒരു വിദ്യാര്‍ത്ഥിയും വിലപ്പെട്ട ജീവനൊടുക്കിക്കൂടാ.

വിക്ടേഴ്‌സ് വഴി

വിക്ടേഴ്‌സ് വഴി

വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഇപ്പോഴത്തെ ക്ലാസുകളും നാമമാത്രമായ ഇടപെടലാണ്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു അധ്യയന ദിവസം വിവിധ പീരിയേഡുകളിലായി ലഭിക്കേണ്ടത് അഞ്ചോ ആറോ മണിക്കൂര്‍ ക്ലാസാണ്. എന്നാല്‍ വിക്ടേഴ്‌സ് വഴി ഇപ്പോള്‍ ചെറിയ ക്ലാസിലെ ഒരു കുട്ടിക്ക് ഒരു ദിവസം ലഭിക്കുന്നത് 20 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയുള്ള ഒരു ക്ലാസ് മാത്രമാണ്. 8, 9 ക്ലാസുകാര്‍ക്ക് രണ്ട് സെഷനുകളുണ്ട്, 10 ആം ക്ലാസിന് മൂന്നും 12ന് നാലും സെഷനുകളും. എന്നാല്‍ ദിവസവും രണ്ട് - രണ്ടര മണിക്കൂറെങ്കിലും ഓരോ വിദ്യാര്‍ത്ഥിക്കും ക്ലാസുകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ ഈ പഠനം കൊണ്ട് കാര്യമായ പ്രയോജനമുണ്ടാവുകയുള്ളൂ. അതായത്, അര മണിക്കൂറോളം വരുന്ന നാലോ അഞ്ചോ സെഷനുകള്‍.

എന്തുചെയ്യാന്‍ സാധിക്കും?

എന്തുചെയ്യാന്‍ സാധിക്കും?

ഇതിന് പ്രായോഗികമായി എന്തുചെയ്യാന്‍ സാധിക്കും? വിക്ടേഴ്‌സ് വഴിയുള്ള സംപ്രേഷണം 18 മണിക്കൂര്‍ എങ്കിലുമായി വര്‍ദ്ധിപ്പിക്കുക. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകാര്‍ക്ക് ഒന്നര മണിക്കൂര്‍ വീതം ഇങ്ങനെ ഉറപ്പുവരുത്താന്‍ കഴിയും. നിലവില്‍ 11 ആം ക്ലാസ് ഇല്ലാത്തത് കൊണ്ട് ആ സമയം കൂടി 12കാര്‍ക്ക് നല്‍കാം. അതിനുപുറമേ മറ്റ് സ്വകാര്യ ചാനലുകളിലും ഒരു മണിക്കൂര്‍ വീതമുള്ള സ്ലോട്ടുകള്‍ ദിവസവും സര്‍ക്കാര്‍ വാടകക്കെടുക്കുക. 12 ചാനലുകളിലായി ഒന്ന് മുതല്‍ 12 വരെയുള്ളവര്‍ക്ക് സൗകര്യമൊരുക്കുക. മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട് ' പരിപാടിക്കായി ഇപ്പോള്‍ത്തന്നെ ചാനല്‍ സ്ലോട്ടുകള്‍ സര്‍ക്കാര്‍ വാടകക്കെടുക്കുന്നുണ്ട്.

മുന്‍ഗണന നല്‍കണം

മുന്‍ഗണന നല്‍കണം

അടുത്ത കുറച്ച് മാസങ്ങളെങ്കിലും ആ വക പരിപാടികള്‍ക്ക് പകരം കൂടുതല്‍ പ്രയോജനകരമായ ഇതു പോലുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. ഒരു പൊതുജനസേവനം എന്ന നിലയില്‍ ചുരുങ്ങിയ നിരക്കില്‍ സ്ലോട്ടുകള്‍ അനുവദിക്കാന്‍ ചാനലുകളും തയ്യാറാകും എന്നും ന്യായമായും പ്രതീക്ഷിക്കാം. പ്രാദേശിക ചാനലുകള്‍ കൂടി ഉപയോഗിക്കുകയാണെങ്കില്‍ ചെലവ് ഇതിലും ഗണ്യമായി കുറക്കാം. സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും ബാക്കിയെല്ലാവരും കൂടെ നില്‍ക്കുകയും ചെയ്താല്‍ മാത്രമേ ഈ വലിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ സാധിക്കുകയുള്ളൂ. അതിനാകട്ടെ ഇനിയെങ്കിലും നമ്മുടെ ശ്രദ്ധ.

English summary
Malappuram Valanchery Student Suicide Death; Response of VT Balram MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X