'ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം'; 'ഈശോ' വിവാദത്തില്‍ പ്രതികരിച്ച് സക്കറിയ
കൊച്ചി: നാദിർഷാ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ പേര് സംബന്ധിച്ച വിവാദങ്ങൾക്കിടെ പ്രതികരിച്ച് എഴുത്തുകാരൻ സക്കറിയ. സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ താഴ്ത്തിക്കെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന കേരള സംസ്കാരത്തിന്റെ ആധാര ശിലയായ സാമുദായിക സൌഹൃദം പങ്കുവെത്ത് ജീവിക്കുന്ന ക്രൈസ്തവ സമൂഹത്തെയാണെന്നും സക്കറിയ വിമർശിക്കുന്നു.

കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള അതീവലജ്‌ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേർക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും "വിശ്വാസി"കളും ചേർന്ന് "ഈശോ" എന്ന സിനിമയുടെ പേരിൽ ചെയ്തുവച്ചിരിക്കുന്നത്. ഭാഗ്യവശാൽ അവരുടെ സംസ്കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ശരാശരി മലയാളി ക്രിസ്ത്യാനി വീണ്ടുവിചാരത്തോടെയും പക്വതയോടെയും കേരളത്തിന്‍റെ സവിശേഷമായ മതമൈത്രീസംസ്കാരത്തിൽ ഇണങ്ങിച്ചേർന്നു ജീവിക്കുന്നു - അങ്ങനെയായിട്ട് ശതാബ്ദങ്ങളായെന്നും അദ്ദേഹം പറയുന്നു.

മേൽപ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപൽക്കരമായിത്തീരുന്നത് നാദിർഷായ്‌ക്കോ മലയാളസിനിമയ്ക്കോ മുസ്ലിങ്ങൾക്കോ അല്ല, ക്രൈസ്തവർക്ക് തന്നെയാണ്. അവർ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്കാരത്തിന്‍റെ ആധാരശിലയായ സാമുദായികസൗഹാർദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂർവം ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നുണ്ടെന്നും സക്കറിയ പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യൻ ഒരിക്കൽ കണ്ട സുന്ദരമാനവികസ്വപ്നത്തിന്‍റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെക്കൂടി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനി താലിബാൻ. ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ്, സാംസ്കാരികകേരളത്തിന്‍റെ ആവശ്യവുമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

നേരത്തെ 'ഈശോ' വിവാദത്തിൽ നാദിർഷയെ പിന്തുണച്ചുകൊണ്ട് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മിലിത്തിയോസ് മെത്രാപ്പൊലീത്ത രംഗത്തെത്തിയിരുന്നു. എന്താണ് ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാൽ കുഴപ്പം എന്ന് ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. സിനിമയെ പിന്തുണയ്ക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ, ഈശോ എന്ന് പേരുണ്ടെന്നും ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ലെന്നും അദ്ദേഹം പറയുന്നു. ക്രിത്യാനികളിൽ ചിലർ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ എന്നും യൂഹാൻ മിലിത്തിയോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.












Click it and Unblock the Notifications