മീഡിയ വണ്‍ വിലക്ക്; മറുപടി നല്‍കാന്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍, തീരുമാനമെടുക്കുന്നത് ഉന്നതങ്ങളില്‍
ന്യൂദല്‍ഹി: മലയാളത്തിലെ വാര്‍ത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍. വിശദമായ മറുപടി ഫയല്‍ ചെയ്യാന്‍ നാല് ആഴ്ച കൂടി സമയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മാര്‍ച്ച് 30 വരെയാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാന്‍ നേരത്തെ സമയം അനുവദിച്ചിരുന്നത്.
മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികളുടെ മറുപടി സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഉന്നതങ്ങളിലാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നാളെ കേസില്‍ അന്തിമ വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ക്ക് കൈമാറാന്‍ പത്ര പ്രവര്‍ത്തക യൂണിയന് കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു.
മീഡിയ വണ്‍ നല്‍കിയ ഹര്‍ജികള്‍ക്കൊപ്പമാണ് പത്ര പ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയും കോടതി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായ അമരീഷ് കുമാറാണ് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ചന്ദ്രചൂഢിനെ കൂടാതെ സഞ്ജീവ് ഖന്ന, സൂര്യ കാന്ത് എന്നിവരാണ് ബെഞ്ചിലുള്ളത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കത്ത് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. മുദ്ര വെച്ച കവറില്‍ കൈ മാറിയ രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറാമോ എന്നതിനെ സംബന്ധിച്ച നിലപാടും മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മറുപടി സത്യവാങ്മൂലത്തിന് കൂടുതല്‍ സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തോട് മീഡിയ വണ്‍ കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്. മാനേജ്‌മെന്റിന് വേണ്ടി കോടതിയില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications