ഒരു പണിയുമില്ലാത്തതിനാലാണ് മലയാളികൾ ട്രോളുന്നതെന്ന്! കക്കൂസ് ഇല്ലാത്തതിനെ കുറിച്ച് ഇനിയും പറയും...
ഞാനും എന്റെ പിള്ളേരും എന്നതാണു മലയാളിയുടെ ചിന്തയെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
Recommended Video

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലെ ട്രോളുകൾക്കെതിരെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തതിനാലാണ് മലയാളികൾ സമൂഹമാധ്യമങ്ങളിലൂടെ പരിഹാസങ്ങൾ തൊടുത്തുവിടുന്നതെന്നും, ആരിതൊക്കെ ശ്രദ്ധിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എല്ലാവരും പങ്കുവെച്ച് ജീവിക്കുക എന്ന പ്രധാനമന്ത്രിയുടെ ആശയം രാജ്യവ്യാപകമായി ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, ഞാനും എന്റെ പിള്ളേരും എന്നതാണു മലയാളിയുടെ ചിന്തയെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. സമ്പത്തുള്ളവർ രാജ്യത്തെ പാവപ്പെട്ടവരെക്കൂടി ചിന്തിക്കണമെന്നും, രാജ്യത്തെ 67% പേർക്ക് കക്കൂസ് ഇല്ല എന്നു പറയുന്നത് എന്തൊരു നാണക്കേടാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എതിർപ്പുണ്ടാകും...
ഒരു ശതമാനം പേർ മാത്രമാണ് നേരത്തെ നികുതി കൊടുത്തിരുന്നത്. നമ്മളും അത്ര മാന്യന്മാരല്ല, തട്ടിപ്പും വെട്ടിപ്പുമാണ് നമ്മളും നടത്തിക്കൊണ്ടിരുന്നത്. അതിനെല്ലാം തടയിടുമ്പോൾ എതിർപ്പുണ്ടാകുമെന്നും കണ്ണന്താനം പറഞ്ഞു.

വിപ്ലവകരമായ മാറ്റം...
രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടാകാം. ഏതൊരു വിപ്ലവകരമായ മാറ്റം വരുമ്പോഴും ഇത്തരത്തിലുള്ള ചെറിയ കടമ്പകൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയെക്കുറിച്ച്...
കണ്ണന്താനത്തിന് വട്ടാണെന്ന് പറഞ്ഞാലും മോദിയുടെ സ്വപ്നങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും. കക്കൂസ് ഇല്ലാത്തതിനെക്കുറിച്ചും, പാവപ്പെട്ടവർക്ക് കുട്ടികളെ സ്കൂളിൽ വിടാൻ കഴിയാത്തതിനെക്കുറിച്ചും താൻ പറയുമെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.

തമാശയാണ്...
ആളുകൾ പരിഹസിക്കുന്നതെല്ലാം എനിക്ക് തമാശയാണ്. ചിരിക്കേണ്ടവർ ചിരിക്കട്ടെ. സമൂഹമാധ്യമങ്ങളിൽ ചിലർ രാവിലെ മുതൽ തുടങ്ങും. പക്ഷേ, എല്ലാവരും അത്തരക്കാരാണെന്നല്ല പറയുന്നത്.

വിലക്കയറ്റം കുറവ്...
പെട്രോൾ വില വർദ്ധനവ് പാവപ്പെട്ടവരെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പെട്രോളിന് 3.3% മാത്രമാണ് ഇന്ത്യയിലെ വിലവർദ്ധന. ലോകത്ത് ഇന്ത്യയാണ് വിലക്കയറ്റം ഏറ്റവും കുറഞ്ഞ രാജ്യമെന്നും കണ്ണന്താനം പറഞ്ഞു.












Click it and Unblock the Notifications