വീണ്ടും മന്ത്രിമാർ; രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.സഗൗരവ പ്രതിജ്ഞയെടുത്താണ് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തത്. ദൈവനാമത്തിലായിരുന്നു കെ ബി ഗണേഷ്കുമാറിന്റെ സത്യപ്രതിജ്ഞ.
മുന്നണി ധാരണപ്രകാരം ഐ എന്‍ എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു എന്നിവർക്ക് പകരമായാണ് ഇരുവരും ചുമതലയേറ്റത്. ആന്റണി രാജു വഹിച്ച ഗതാഗത വകുപ്പാണ് ഗണേഷിന് ലഭിക്കുക. എന്നാൽ അഹമ്മദ് ദേവർകോവിൽ വഹിച്ച തുറമുഖം അടക്കമുള്ള വകുപ്പുകൾ അല്ല രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകുക. പകരം രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പുകൾ ആണ് അദ്ദേഹത്തിന് ലഭിക്കുക. ഗണേഷ് കുമാറിന് സിനിമ വകുപ്പ് വേണമെന്ന് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. സജി ചെറിയാനാണ് നിലവിൽ വകുപ്പിന്റെ ചുമതല. എന്നാൽ സാംസ്‌കാരിക വകുപ്പില്‍ നിന്ന് അടര്‍ത്തി സിനിമ വകുപ്പ് ഗണേഷ് കുമാറിന് നല്‍കുന്നതിനോട് സി പി എമ്മിന് താത്പര്യമില്ല. ഏത് വകുപ്പും ആര്‍ക്കും ആവശ്യപ്പെടാമെങ്കിലും തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നായിരുന്നു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രതികരിച്ചത്.

2001 മുതല്‍ പത്തനാപുരത്ത് നിന്നുള്ള എം എൽഎയാണ് കെ ബി ഗണേഷ് കുമാര്‍. 2001 ല്‍ എ കെ ആന്‍റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. തുടർന്ന് 22 മാസങ്ങള്‍ക്ക് ശേഷം പിതാവ് ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നീ വകുപ്പുകളുടെ മന്ത്രിയായി. ഭാര്യയുമായുള്ള വിവാഹമോചന തർക്കങ്ങളേയും വിവാദങ്ങളേയും തുടർന്ന് 2013 ൽ രാജിവെച്ചു. 2015 ൽ യു ഡി എഫ് വിട്ട് കേരള കോൺഗ്രസ് (ബി) എൽ ഡി എഫിലെത്തി. നിലവിൽ കേരള കോൺഗ്രസ് (ബി) ചെയർമാൻ കൂടിയാണ് ഗണേഷ് കുമാർ.
കണ്ണൂർ മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് കടന്നപ്പള്ളി രാമചന്ദ്രൻ. വിഎസ് അച്യുതാനന്ദൻ സർക്കാരിൽ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്നു. 2016 ൽ ആദ്യ പിണറായി സർക്കാരിലും അദ്ദേഹത്തിന് മന്ത്രിപദം ലഭിച്ചു. ഇത് മൂന്നാം തവണയാണ് കടന്നപ്പള്ളി മന്ത്രിയാകുന്നത്.












Click it and Unblock the Notifications