115 ചോദ്യങ്ങൾ..മന്ത്രി വീണാ ജോർജ് മറുപടി കൊടുത്തത് നാലെണ്ണത്തിന് മാത്രം..!!
എട്ടാം സമ്മേളനത്തിലെ ആദ്യ ചോദ്യോത്തരവേളയിൽ ആകെയുണ്ടായിരുന്നത് നക്ഷത്രച്ചിഹ്നമിടാത്ത 411 ചോദ്യങ്ങൾ ആയിരുന്നു.

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യങ്ങൾക്ക് മന്ത്രിമാർ ഉത്തരം പറയാൻ മടിക്കുന്നുവെന്ന് ആരോപണം. നിയമസഭയിൽ നേരിട്ട് ഉന്നയിക്കാൻ അവസരമില്ലാത്ത, നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്നാണ് ആരോപണം.
എട്ടാം സമ്മേളനത്തിലെ ആദ്യ ചോദ്യോത്തരവേളയിൽ ആകെയുണ്ടായിരുന്നത് നക്ഷത്രച്ചിഹ്നമിടാത്ത 411 ചോദ്യങ്ങൾ ആയിരുന്നു. ഇതിൽ 149 ചോദ്യങ്ങൾക്കു രണ്ടു ദിവസമായിട്ടും മന്ത്രിമാർ ഉത്തരം നൽകിയിട്ടില്ല എന്നാണ് പറയുന്നത്. സഭയിൽ ചോദ്യം വരുന്നതിനു തലേന്ന് 5നു നിയമസഭാ സെക്രട്ടേറിയറ്റിൽ മറുപടി ലഭിക്കണമെന്നാണു ചട്ടം.

ഉത്തരം 4 എണ്ണത്തിന്...
മുഖ്യമന്ത്രി ഉൾപ്പെടെ 4 മന്ത്രിമാരാണു ബുധനാഴ്ച മറുപടി നൽകേണ്ടിയിരുന്നത്. മന്ത്രി വീണാ ജോർജിനോടുള്ള 115 ചോദ്യങ്ങളിൽ ഇന്നലെ വൈകിട്ടു വരെ മറുപടി കൊടുത്തതു നാലെണ്ണത്തിനു മാത്രം ആണെന്നാണ് റിപ്പോർട്ട്. ആരോഗ്യ ഇൻഷുറൻസ്, മൃതസഞ്ജീവനി, കാൻസർ ബാധിതരുടെ പെൻഷൻ, ചികിത്സ, ആശ്വാസകിരണം പദ്ധതി വഴിയുള്ള സഹായം മുടങ്ങിയത് തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്നും പറയുന്നു.

ആദ്യ ദിനത്തൽ തന്നെ166 ചോദ്യങ്ങളിൽ 156 ചോദ്യത്തിനും മറുപടി നൽകി മുഖ്യമന്ത്രി
മന്ത്രി ജി.ആർ.അനിൽ 39 ചോദ്യങ്ങളിൽ 23 എണ്ണത്തിനു മറുപടി നൽകിയില്ല. മുൻഗണനാ റേഷൻകാർഡ്, റേഷൻകട ലൈസൻസ്, പ്രവർത്തനസമയം, കേന്ദ്രം അനുവദിക്കുന്ന റേഷൻ വിഹിതം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് മറുപടി നൽകാതിരുന്നത്.അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ 166 ചോദ്യങ്ങളിൽ 156 ചോദ്യത്തിനും ആദ്യ ദിനത്തൽ തന്നെ മറുപടി നൽകി. കെ.വി.തോമസിന്റെ നിയമനം, പുതിയ വിമാനത്താവളം ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കാണു മറുപടിയില്ലാത്തത്.മന്ത്രി എം.ബി.രാജേഷ് 92 ചോദ്യങ്ങളിൽ ആറെണ്ണം ഒഴിച്ചുള്ളവയ്ക്കു മറുപടി നൽകി. മറുപടി നൽകാത്തവ എംഎൽഎമാരുടെ മണ്ഡലത്തിലെ പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ടവയാണ്.

ഇന്ന് ബജറ്റ്...
അതേസമയം, ഇന്നാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് പ്രസംഗം ആരംഭിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് അവതരിപ്പിക്കുക. വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനും ചെലവും ചുരുക്കാനുമുള്ള കർശന നടപടികൾ കൈക്കൊള്ളാതെ സാമ്പത്തിക സ്ഥിതി മുന്നോട്ട് പോകുന്നില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്

ആകാംക്ഷയോടെ
ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചേക്കും എന്നുതന്നെയാണ് സൂചന. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. ഇത് 100 രൂപ വർധിപ്പിച്ചേക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന ബജറ്റിൽ നികുതി വർധനവ് ഉണ്ടായേക്കും. ഭൂമിയുടെ ന്യായ വില , മോട്ടോർവാഹന നികുതി എന്നിവയിൽ അടക്കം മാറ്റം വന്നേക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാന വർധന നടപടികൾ ഉണ്ടായേക്കാം. സർക്കാർ സേവനങ്ങൾക്ക് നിരക്ക് കൂടുാനും സാധ്യത ഉണ്ട്.












Click it and Unblock the Notifications