താരസംഘടന ഡിസംബര്‍ അഞ്ചിന് നിര്‍മാതാക്കളെ കാണും, മോഹന്‍ലാലിന്റെ നിലപാട് നിര്‍ണായകം!!
കൊച്ചി: ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് മാറാനുള്ള സാധ്യത ശക്തമാകുന്നു. സൂപ്പര്‍ താരവും താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ വിഷയത്തില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. മുമ്പ് താരസംഘടനയ്ക്ക് സംഭവിച്ച തെറ്റുകളും ഈ വിഷയത്തില്‍ നിര്‍ണായകമായിരിക്കുകയാണ്. അതേസമയം ഷെയ്‌നിന്റെ അമ്മ സുനിലയുടെ ഇടപെടലുകളും ഈ വിഷയത്തില്‍ ഗുണകരമായി എന്നാണ് വിലയിരുത്തല്‍.
ഇത്രയൊക്കെ ആണെങ്കിലും നിര്‍മാതാക്കളുടെ സംഘടന ഷെയ്‌നിനെ ഇനി അഭിനയിപ്പിക്കുന്ന കാര്യത്തില്‍ എളുപ്പം വിട്ടുവീഴ്ച്ച വരുത്തില്ലെന്നാണ് സൂചന. അതേസമയം കാരവാന്‍ സംസ്‌കാരം അടക്കം സിനിമാ നിര്‍മാണത്തെ ദോഷകരമായി ബാധിക്കുന്നു എന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ഇത്തരം വിട്ടുവീഴ്ച്ചകള്‍ താരസംഘടനയില്‍ നിന്നുണ്ടായാല്‍ മാത്രമേ നിര്‍മാണ സംഘടനകള്‍ പൂര്‍ണമായി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകും.

മോഹന്‍ലാല്‍ ഇടപെടുമോ?
മോഹന്‍ലാല്‍ ഷെയ്ന്‍ വിഷയത്തില്‍ ഇടപെടുമോ എന്നാണ് പ്രധാനമായ ചോദ്യം. ഇന്ന് അത്തരത്തില്‍ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് മാറിനില്‍ക്കാനായിരുന്നു മോഹന്‍ലാലിന്റെ മറുപടി. എന്നാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്നാണ് മോഹന്‍ലാലിന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം താരസംഘടനയിലെ ഭാരവാഹികളെയും അറിയിച്ചിട്ടുണ്ട്. ഈ നിലപാടാണ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടാല്‍ ഇടവേള ബാബു തന്നെ രംഗത്തെത്താന്‍ കാരണം.

ചര്‍ച്ച വ്യാഴാഴ്ച്ച
നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുമെന്ന് മാത്രമാണ് അമ്മ പറഞ്ഞിരുന്നത്. എന്നാല്‍ പ്രശ്‌നം തീര്‍പ്പാക്കാന്‍ ഡിസംബര്‍ അഞ്ചിന് തന്നെ നിര്‍മാതാക്കളെ കാണുമെന്നാണ് തീരുമാനം. വളര്‍ന്നു വരുന്ന യുവനടന്‍ എന്ന നിലയില്‍ ഷെയ്‌നെ മലയാള സിനിമയില്‍ നിന്നും പാടെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് സംഘടനയിലെ വിവിധ താരങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഷെയ്‌നിന് സാധിക്കില്ല. കാരണം അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ പ്രശ്‌നം വന്നാല്‍ അതിന് താരസംഘടന ഉത്തരം പറയേണ്ടി വരും.

രക്ഷയായത് ഷെയ്‌നിന്റെ അമ്മ
ഷെയ്‌നിന്റെ അമ്മ സുനിലയുടെ ഇടപെടലുകളാണ് ഈ വിഷയത്തില്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ പോകുന്നത്. വളരെ പെട്ടെന്ന് തന്നെ അവര്‍ താരസംഘടനയെ ഈ വിഷയത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. ഷെയ്ന്‍ നിഗമിന്റെ പിതാവ് അബിയോടുള്ള സ്‌നേഹവും അമ്മയിലെ പ്രവര്‍ത്തകര്‍ക്കുണ്ട്. ഷെയ്ന്‍ ഇനി എല്ലാ ചിത്രങ്ങളുമായി സഹകരിക്കുമെന്ന് ആദ്യം ഉറപ്പ് നല്‍കിയതും സുനിലയാണ്. ഇക്കാര്യം നിര്‍മാതാക്കളുടെ യോഗത്തില്‍ അമ്മ ആവര്‍ത്തിക്കും.

സംവിധായകരുടെ ഭാവി
രണ്ട് പുതുമുഖ സംവിധായകരുടെ ഭാവി ഇല്ലാതായി പോകുന്ന വിഷയത്തെ ഗൗരവമായിട്ടാണ് അമ്മ കാണുന്നത്. ആദ്യം ഷെയ്‌നുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഡയറക്ടേഴ്‌സ് യൂണിയനും നവാഗതരുടെ സിനിമ മുടങ്ങുന്നതിലുള്ള ആശങ്കയാണ് പങ്കുവെക്കുന്നത്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്‍ ഫെഫക്കയ്ക്ക് കത്തും നല്‍കിയിരുന്നു. നടനെ തിരുത്തി മടക്കി കൊണ്ടുവരണമെന്നാണ് ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അമ്മയിലെ വിഷയങ്ങള്‍
അമ്മയിലെ പ്രശ്‌നങ്ങള്‍ മോഹന്‍ലാല്‍ നേരത്തെ സമര്‍ത്ഥമായി പരിഹരിച്ചിരുന്നു. അതേ രീതിയാണ് ഷെയ്‌നിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത്. മുമ്പ് തിലകനെയും വിനയനെയും സംഘടനകള്‍ വിലക്കിയത് തെറ്റിപ്പോയ കാര്യങ്ങളാണെന്ന് പിന്നീട് സംഘടനകള്‍ക്ക് തന്നെ തിരുത്തിപ്പറയേണ്ടി വന്നിരുന്നു. ഇതൊക്കെ മോഹന്‍ലാല്‍ ഈ വിഷയത്തിലും പരിഗണിച്ചതെന്നാണ് സൂചന. അതേസമയം ഇടവേള ബാബു നിര്‍മാതാക്കളുടെ സംഘടനയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ എല്ലാം തീരുമാനമാവും.

കേസിന് പോയാല്‍
ഷെയ്ന്‍ കേസിന് പോയാല്‍ നിര്‍മാതാക്കള്‍ ശരിക്കും പ്രതിസന്ധിയിലാവും. സംവിധായകന്‍ വിനയന്‍ ഇത്തരത്തില്‍ കേസിന് പോയി വിജയിക്കുകയും, നഷ്ടപരിഹാരം നേടിയെടുക്കുകയും ചെയ്തിരുന്നു. മന്ത്രി എകെ ബാലന്‍ ആര്‍ക്കും ആരെയും വിലക്കാന്‍ അവകാശമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ഷെയ്‌നിനെ തിരിച്ചെടുക്കാന്‍ അവര്‍ തയ്യാറാവും. പക്ഷേ താരങ്ങളുടെ പിടിവാശികള്‍ മൂലമുള്ള നഷ്ടങ്ങള്‍ സഹിക്കാനാവില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കും. ഇത് അമ്മയ്ക്ക് അംഗീകരിക്കേണ്ടി വരും.
സിനിമകളില്‍ ഷെയിന്‍ അഭിനയിക്കും; പക്ഷേ, ഇതാണ് കണ്ടീഷന്‍, അമ്മ സുനില പറയുന്നു