അടിമുടി മാറാന്‍ ലീഗ്; നേതാക്കള്‍ വാര്‍ഡിലേക്ക് ഇറങ്ങണം, 27 മണ്ഡലങ്ങളില്‍ പ്രത്യേക പദ്ധതി
കോഴിക്കോട്: മുസ്ലിം ലീഗിന് വലിയ തിരിച്ചടികള്‍ നേരിട്ട ഒരു നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ കഴിഞ്ഞ് പോയത്. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ആദ്യമായി 27 ല്‍ എത്തിയെങ്കിലും എക്കാലത്തും ഉയര്‍ന്ന് നില്‍ക്കുന്ന വിജയ ശതമാനത്തില്‍ ഇത്തവണ വലിയ കുറവുണ്ടായി. 2016 ല്‍ 24 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് 18 സീറ്റില്‍ വിജയിച്ചുവെങ്കില്‍ ഇത്തവണ 3 സീറ്റുകളില്‍ കൂടുതല്‍ മത്സരിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചത് 15 സീറ്റില്‍ മാത്രമായിരുന്നു.
അഴീക്കോട് ഉള്‍പ്പടെ നാല് സീറ്റുകള്‍ നഷ്ടമായപ്പോള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് കൊടുവള്ളി മാത്രമായിരുന്നു. വിജയിക്കാന്‍ കഴിഞ്ഞ ചില മണ്ഡലങ്ങളില്‍ തന്നെ വോട്ട് കുറയുകയും ചെയ്തു. വലിയ വിഭാഗം പ്രവര്‍ത്തകരും നേതാക്കളും നല്ല രീതിയില്‍ തന്നെ പണിയെടുത്തപ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തനങ്ങളില്‍ നിര്‍ജീവമായിരുന്നുവെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം. ശക്തീകരണത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ കരട് പ്രവര്‍ത്തന രൂപരേഖയില്‍ വ്യക്തമാക്കുന്നത് നേതാക്കള്‍ താഴെത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നാണ്. ഒരോ നേതാക്കളും തങ്ങളുടെ വാര്‍ഡ് തലത്തിലെ നേതാക്കളുമായി സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തണമെന്നും രൂപരേഖയില്‍ പറയുന്നു.

അച്ചടക്ക ലംഘനം ഒരു തരത്തിലും വെച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവേണ്ടതുണ്ട്. ജില്ലാതലത്തില്‍ കൂടി അച്ചടക്ക സമിതി രൂപീകരിക്കണം. പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കണം. സാംസ്കാരിക മേഖലയില്‍ സജീവമായ ഇടപെടല്‍ വേണം. ഇതിനായി സാംസ്കാരിക നേതാക്കളുമായി ചർച്ചകള്‍ നടത്തണമെന്നും ലീഗ് നിയോഗിച്ച പത്തംഗ ഉപസമിതി നിർദേശം സമർപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിച്ചത്. ഈ കമ്മറ്റിയാണ് ഇപ്പോള്‍ സുപ്രധാനമായ നിര്‍ദേശങ്ങള് മുന്നോട്ട് വെച്ചത്. മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍ സംഘടനാ തലത്തില‍് മാത്രം പോര. അവര്‍ അണികളിലേക്ക് ഇറങ്ങിച്ചെല്ലണം. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പടെ വാര്‍ഡ് തലത്തിലുള്ള ഭാരവാഹികളുമായി നേരിട്ട് സംസാരിക്കണം.

കഴിയുന്ന അവസരങ്ങളില്‍ എല്ലാം സാധാരണ പ്രവര്‍ത്തകരുമായും നേരിട്ടും ഇടപെടണം. സംഘടനാ തലത്തിലും ചില ശുപാര്‍ശകള്‍ കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വാർഡ് തല ഭാരവാഹികളെ വിളിച്ചു ചേർക്കണം. എല്ലാ ജില്ലയിലും പ്രധാനപ്പെട്ട സംസ്ഥാന നേതാക്കള്‍ തന്നെ നേരിട്ട് പങ്കെടുത്ത് ആശയ വിനിമയം നടത്തണം. ഇതിന് പുറമെ സംസ്ഥാന നേതാക്കള്‍ മുഴുവന്‍ പങ്കെടുക്കുന്ന പ്രവര്‍ത്തന കണ്‍വെന്‍ഷന്‍ എല്ലാജില്ലകളിലും നടത്തണം.

സംഘടനയ്ക്ക് അകത്ത് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്ന് വന്നാല്‍ അത് പരസ്യ വിഷയങ്ങളായി പൊതുമധ്യത്തിലേക്ക് എത്തിക്കരുത്. ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങള്‍ നേതാക്കള്‍ ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹരിക്കണം. വളരെ വേഗത്തിലുള്ള നടപടികള്‍ക്കായി ജില്ലാ തലത്തില്‍ അച്ചടക്ക നടപടി രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

പാര്‍ട്ടിയില്‍ വനിതകളുടെ പ്രവര്‍ത്തനവും കൂടുതല്‍ സജീവമാക്കേണ്ടതുണ്ട്. അതിനായി താഴെക്കിടയില്‍ തന്നെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. യൂത്ത് ലീഗ്, എംഎസ്എഫ് ഉള്‍പ്പടേയുള്ള പോഷക സംഘടനങ്ങളുടെ പ്രവര്‍ത്തനവും സജീവമാക്കണം. പാര്‍ട്ടി മത്സരിക്കുന്ന 27 മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കണമെന്ന നിര്‍ദേശവും കമ്മറ്റി മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

അതേസമയം കരട് രൂപരേഘ ഉന്നതാധികാര സമിതിയംഗങ്ങളുമായി ചര്‍ച്ച ചെയ്താവും അന്തിമ രൂപരേഖ ഉണ്ടാക്കുക. അതിന് ശേഷം സംസ്ഥാന പ്രവര്‍ത്തക സമിതിക്ക് മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. തെരഞ്ഞെടുപ്പ് തോല്‍വി ചർച്ച ചെയ്യാന്‍ ചേർന്ന നേതൃയോഗമാണ് ഉപസമിതിക്ക് രൂപം നല്‍കിയത്.












Click it and Unblock the Notifications