മുസ്ലിം ലീഗ് കാര്യമായി തന്നെ!! കോണ്‍ഗ്രസ് പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍, 13ന് അറിയാം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനം യുഡിഎഫില്‍ പൊല്ലാപ് സൃഷ്ടിക്കുന്നു. വേഗത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി പ്രഖ്യാപനവും നടത്തി പ്രചാരണം തുടങ്ങാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടിയത്. മൂന്നാം സീറ്റ് പതിവ് പോലെ മുസ്ലിം ലീഗ് ഒഴുക്കന്‍ മട്ടില്‍ ചോദിക്കുക മാത്രമാകും ചെയ്യുക എന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്.
മൂന്നാം സീറ്റ് വേണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. എല്ലാ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും സമാനമായ ആവശ്യം മുസ്ലിം ലീഗ് ഉന്നയിക്കാറുണ്ട്. പിന്നീട് ചര്‍ച്ചകളിലൂടെ അവരെ പിന്തിരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുക. ഇത്തവണ മുസ്ലിം ലീഗ് അല്‍പ്പം ഗൗരവത്തിലാണ്. മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നത് വെറുതെയല്ല എന്ന് പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.

മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ എന്നിവരെല്ലാം സമ്മതിക്കുന്നു. എന്നാല്‍ ഏത് സീറ്റാണ് മുസ്ലിം ലീഗിന് വിട്ടുകൊടുക്കുക എന്നാണ് തീരുമാനമാകാത്തത്. സിറ്റിങ് സീറ്റ് വിട്ടുകൊടുക്കുന്നതില്‍ സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ ഹൈക്കമാന്റ് തീരുമാനമെടുക്കൂ.
രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. ഇത്തവണ രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കുകയും ചെയ്തു. ലീഗ് നോട്ടമിടുന്ന മറ്റൊരു സീറ്റ് കണ്ണൂരാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ സിറ്റിങ് സീറ്റാണിത്. മല്‍സരിക്കാനില്ലെന്ന് പറഞ്ഞ സുധാകരന്‍ മറ്റൊരാളെ ഈ സീറ്റിലേക്ക് നിര്‍ദേശിച്ചിരിക്കെയാണ് ലീഗിന്റെ ആവശ്യം.
മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഞായറാഴ്ച മലപ്പുറത്ത് യോഗം ചേര്‍ന്ന് മൂന്നാം സീറ്റിന്റെ കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാക്കിയിരുന്നു. ഇന്ന് ബജറ്റ് അവതരണത്തിന് ശേഷം നിയമസഭ പിരിഞ്ഞതോടെ യുഡിഎഫ് നേതൃത്വം സീറ്റ് വിഭജന ചര്‍ച്ച നടത്തി. ഇന്നത്തെ യോഗത്തിലും മുസ്ലിം ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് അനുവദിച്ചില്ല. ഈ മാസം 13ന് അടുത്ത യോഗം ചേരാനും ചര്‍ച്ച ചെയ്യാനുമാണ് തീരുമാനം. 14ന് യുഡിഎഫ് യോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും.
ചര്‍ച്ച ഇനിയും തുടരുമെന്നാണ് പികെ കുഞ്ഞാലിക്കുട്ടി യോഗ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, സിറ്റിങ് സീറ്റുകള്‍ കൈമാറുന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. ദേശീയതലത്തില്‍ സീറ്റ് നില ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നത് ഉചിതമാകില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വികാരം. വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് മുസ്ലിം ലീഗും തീരുമാനിക്കുമ്പോള്‍ യുഡിഎഫില്‍ ബദല്‍ ഫോര്‍മുല തയ്യാറായി വരേണ്ടതുണ്ട്.












Click it and Unblock the Notifications