ദ കേരള സ്റ്റോറി നിരോധിക്കണമെന്ന് സിപിഎം പറഞ്ഞിട്ടില്ല: എംവി ഗോവിന്ദന്‍
തിരുവനന്തപുരം : വിവാദ സിനിമയായ കേരള സ്റ്റോറി നിരോധിക്കണമെന്ന് സി പി എം പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിരോധനമൊക്കെ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. കേരള സ്റ്റോറി ഉള്‍പ്പെടെ ഒന്നും നിരോധിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ സിനിമയെ ശക്തമായി എതിര്‍ക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കേരള സ്റ്റോറി എന്ന പേരില്‍ പുറത്തിറങ്ങുന്ന സിനിമയുടെ ലക്ഷ്യം കേരള വിരുദ്ധത പ്രചരിപ്പിക്കലാണ്. കശ്മീര്‍ ഫയല്‍സ് എന്ന പേരില്‍ കശ്മീരിനെതിരെ സിനിമ നിര്‍മ്മിച്ച പോലെയാണിതും. ഇവിടെ കേരള വിരുദ്ധതയും കമ്യൂണിസ്റ്റ് വിരുദ്ധതയുമാണ് പ്രചരിപ്പിക്കുന്നത്. മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് വലതുപക്ഷ ശക്തികള്‍ ഒഴുക്കുന്നത്.

കേരളത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ വിഷം കലര്‍ത്തുന്ന സമീപനമാണിതെല്ലാം. അത്യന്തം അപകടകരമായ അവസ്ഥയാണിത്. മത നിരപേക്ഷത തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനങ്ങളാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മതസൗഹാര്‍ദ്ദമെന്ന തെളിനീരില്‍ വിഷം കലക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കക്കുകളി നാടകത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതും പരിശോധിക്കാമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ ലജ്ജാകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ബിജെപിയും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ വിഷം തുപ്പാന്‍ ശ്രമിക്കുകയാണ്. 'ദ കേരള സ്റ്റോറി' ചിത്രത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന് വ്യക്തമാണ്. ഈ ശ്രമങ്ങളെ കേരളത്തിലെ ജനങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും.
ജനങ്ങളെ ഭിന്നിപ്പിക്കാനും സ്പര്‍ദ്ധ വളര്‍ത്താനും ഐക്യത്തോടെ നിലനില്‍ക്കുന്ന കേരളത്തെ വിവിധ ചേരികളാക്കി മാറ്റാന്‍ ബി ജെ പി സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രവര്‍ത്തനമാണിതെന്ന് ഇന്നലെ സുരേന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തിലൂടെ വ്യക്തമാണ്. ഇന്ത്യയില്‍ ഏറ്റവും അധികം ടൂറിസം വളരുന്നത് കേരളത്തിലാണ്.
കേരളത്തിലേക്ക് ജനങ്ങള്‍ വരാനുള്ള പ്രധാനകാരണം ഇവിടുത്തെ പ്രകൃതി രമണീയത കൊണ്ട് മാത്രമല്ല മറിച്ച് കേരളത്തിലെ ജനങളുടെ ആതിഥേയ മര്യാദയും മതസൗഹാര്‍ദ്ദ അന്തരീക്ഷവും കേരള ജനതയുടെ മതനിരപേക്ഷ മനസ്സുമാണ്. അങ്ങനെയുള്ള കേരളത്തെ വക്രീകരിക്കാനും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും പരസ്യമായി പിന്തുണ അറിയിച്ചിരിക്കുകയാണ് ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications