
'കള്ളപ്പണം തിരിച്ചുചോദിക്കാൻ യാതൊരു ഉളുപ്പും ഇല്ലാത്ത ആദർശധീരൻ'; കെഎം ഷാജിയെ പരിഹസിച്ച് ജയരാജൻ
കണ്ണൂർ: മുൻ അഴിക്കോട് എം എൽ എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിയെ രൂക്ഷമായി പരിഹസിച്ച് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വീട്ടിൽ സൂക്ഷിച്ച കള്ളപ്പണം വിജിലൻസ് പിടിച്ചെടുത്ത കേസിൽ നിന്നും തടിയൂരാൻ വ്യാജ റസീറ്റ് അച്ചടിച്ച് കോടതിയിൽ ഹാജരാക്കിയ ആദർശധീരനാണ് കെ എം ഷാജിയെന്ന് അദ്ദേഹം പരിഹസിച്ചു.
1.47 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് ഷാജിക്കെതിരെയുള്ള കേസ്. അഴീക്കോട്ടെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു അന്നത്തെ എം എൽ എ.കോഴിക്കോട്ട് നിയമവിരുദ്ധമായി പണിത നക്ഷത്ര ബംഗ്ലാവ് കള്ളപ്പണത്തിന്റെ സാക്ഷ്യപത്രമാണെന്നും എന്നിട്ടും കോടതിയിൽ പോയി കള്ളപ്പണം തിരിച്ചുചോദിക്കാൻ യാതൊരു നാണക്കേടും ഷാജിക്ക് ഉണ്ടായില്ലെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
എംവി ജയരാജന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം-
ആദർശധീരന്റെ കള്ളപ്പണവും വ്യാജ റസീറ്റും
വീട്ടിൽ സൂക്ഷിച്ച കള്ളപ്പണം വിജിലൻസ് പിടിച്ചെടുത്ത കേസിൽ നിന്നും തടിയൂരാൻ വ്യാജ റസീറ്റ് അച്ചടിച്ച് കോടതിയിൽ ഹാജരാക്കിയ ആദർശധീരനാണ് കെ എം ഷാജി. പണം പിടിച്ചെടുത്തപ്പോൾ പണത്തിന്റെ ഉറവിടം രേഖാമൂലം വിജിലൻസ് മുമ്പാകെ ഹാജരാക്കാൻ ഷാജിക്ക് കഴിഞ്ഞില്ല. ലീഗ് ബൂത്ത് കമ്മിറ്റികൾ പിരിച്ച് നൽകിയ പണമാണെന്നാണ് കോടതിയിൽ പറഞ്ഞത്. ബൂത്ത് കമ്മിറ്റികൾ ഇത്തരത്തിലൊരു പണം പിരിച്ചതായി ആർക്കുമറിയില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശമനുസരിച്ച് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നിശ്ചിതതുകയിൽ കൂടുതൽ സംഭാവന നൽകിയവരുണ്ടെങ്കിൽ അവരുടെ പാൻകാർഡ് ഉൾപ്പെടെ ഹാജരാക്കണം. ചെക്കോ ഡി.ഡി.യോ ആയി മാത്രമേ അത്തരം സംഭാവനകൾ സ്വീകരിക്കാൻ പാടുള്ളൂ. അത് നടന്നിട്ടില്ലെന്ന് മാത്രമല്ല, തെരഞ്ഞെടുപ്പ് വരവ്-ചെലവ് കണക്കുകളിൽ ഈ കാശ് ഉൾപ്പെട്ടിട്ടുമില്ല! 1.47 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് ഷാജിക്കെതിരെയുള്ള കേസ്. അഴീക്കോട്ടെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു അന്നത്തെ എം എൽ എ.
കോഴിക്കോട്ട് നിയമവിരുദ്ധമായി പണിത നക്ഷത്ര ബംഗ്ലാവ് കള്ളപ്പണത്തിന്റെ സാക്ഷ്യപത്രമാണ്. എന്നിട്ടും കോടതിയിൽ പോയി കള്ളപ്പണം തിരിച്ചുചോദിക്കാൻ യാതൊരു ഉളുപ്പും ഈ ആദർശധീരന് ഉണ്ടായില്ല. നാടുനീളെ ഷാജി പ്രസംഗിച്ച് നടന്നത് വീട്ടിലെ ക്ലോസറ്റിൽ നിന്നും മറ്റും എടുത്തുകൊണ്ടുപോയ പണം കോടതിയിൽ കണക്ക് ഹാജരാക്കി തിരിച്ചുപിടിക്കും എന്നായിരുന്നു.
എന്നാൽ പിടിച്ചെടുത്തത് കള്ളപ്പണം തന്നെയാണെന്ന് ഉറപ്പിക്കുക മാത്രമല്ല, അഴിമതി നിരോധന നിയമപ്രകാരം അനധികൃത സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് കൂടി നൽകുകയായിരുന്നു വിജിലൻസ്. തളരരുത് പുണ്യാത്മാവേ, കേറിയിറങ്ങാൻ കോടതികൾ ഇനിയുമുണ്ടല്ലോ! പോരാടണം, അവസാന ശ്വാസം വരെയും!
'നമ്പർ നൽകിയതോടെ തെറിവിളി, പിള്ളേരുടെ കൂടെ എന്താടി കാണിക്കുന്നത് എന്നായിരുന്നു ചോദ്യം';മഞ്ജു പത്രോസ്
ലോട്ടറി പ്രമികളെ കാത്തിരിക്കുന്നത് ചാകര; അടുത്ത ബംബർ എത്തുന്നു, സമ്മാനം 16 കോടി