ദേശീയപാത അലൈന്‍മെന്റില്‍ തിരൂരങ്ങാടി കക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനും, പ്രതിഷേധവുമായി നാട്ടുകാര്‍
മലപ്പുറം: ദേശീയപാതയുടെ പുതിയ അലൈന്‍മെന്റില്‍ തിരൂരങ്ങാടി കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനും ഉള്‍പ്പെട്ടതായി പരാതി. തീര്‍ത്തും അശാസ്ത്രീയമായാണ് കക്കാട് പുതിയ സര്‍വെയെന്ന് നാട്ടുകാര്‍. നോട്ടിഫിക്കേഷന്‍ പ്രകാരം 20 സെന്റ് സ്ഥലം കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാന് നഷ്ടപ്പെടും. നൂറ്റാണ്ടുകളായി ഖബര്‍സ്ഥാനാണിത്. ആരാധനാലയങ്ങളിലേക്ക് കയ്യേറ്റം ഉണ്ടാവില്ലെന്ന നിലപാടിനു വിരുദ്ധമായാണ് ഇപ്പോള്‍ പള്ളിസ്ഥലം എടുക്കുന്നത്.
നേരത്തെ കക്കാട്ടെ അലൈന്‍മെന്റില്‍ പള്ളി ഖബര്‍സ്ഥാന്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ അലൈന്‍മെന്റ് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയും പുതിയ അലൈന്‍മെന്റ് പ്രകാരം പൂര്‍ണമായും ഇല്ലാതാവും. നേരത്തെയുള്ള അലൈന്‍മെന്റിനേക്കാളും ഭൂമി മദ്രസക്കും നഷ്ടപ്പെടുന്നുണ്ട്.

കക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ റാലി
റോഡ് വളവ് നികത്താനെന്ന പേരില്‍ ഈ മേഖലയില്‍ ജനവാസ മേഖലയിലൂടെ പാത തിരിച്ചുവിട്ടതായും ഇതു മൂലം നിരവധി വീടുകള്‍ നഷ്ടപ്പെടുമെന്നും ഭൂ ഉടമകള്‍ പറഞ്ഞു. വളവ് നികത്താന്‍ അപകടകരമായ വലിയ വളവുകള്‍ ഇവിടെ സൃഷ്ടിക്കപ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു. നേരത്തെയുള്ള അലൈന്‍മെന്റില്‍ നിന്നു ഭിന്നമാണിത്. പള്ളി ഖബര്‍സ്ഥാന്‍ കയ്യേറരുതെന്നും അലൈന്‍മെന്റിനെതിരെയുള്ള പരാതികള്‍ പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇന്നലെ ജുമുഅക്ക് ശേഷം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കക്കാട് വന്‍ പ്രതിഷേധ റാലി നടത്തി. നൂറ്റാണ്ടുകളായി വിശ്വാസികള്‍ ഉപയോഗിക്കുന്ന ഖബര്‍സ്ഥാന്‍ ഇല്ലാതാക്കുന്ന ദേശീയ പാത അലൈന്‍മെന്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം. പള്ളിയില്‍ ഭീമ ഒപ്പുശേഖരണവും നടത്തി. ജുമുഅക്ക് മുമ്പ് മഹല്ല് സെക്രട്ടറി കെ.മരക്കാരുട്ടി മാസ്റ്റര്‍ ഇത് സംബന്ധിച്ച ആശങ്കകള്‍ വിശദമാക്കി.
ഖബര്‍സ്ഥാന്‍ കയ്യേറാന്‍ അനുവദിക്കില്ലെന്നും നേരത്തെയില്ലാത്ത അലൈന്‍മെന്റില്‍ ഖബര്‍സ്ഥാന്‍ ഉള്‍പ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും ശക്തമായി ചെറുക്കുമെന്നും മഹല്ല് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. റാലിക്ക് ഭാരവാഹികള്‍ നേതൃത്വം നല്‍കി. മഹല്ല് ഖത്തീബ് പി.അബ്ദുല്ല മൗലവി സന്ദേശം നല്‍കി. കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാന്‍ ദേശീയ പാതക്ക് വേണ്ടി കയ്യേറരുതെന്ന് ആവശ്യപ്പെട്ട് കക്കാട് ടൗണ്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി.












Click it and Unblock the Notifications