കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി: കാളാഞ്ചിമത്സ്യക്കൃഷിയില്‍ നൂതനരീതി

  • By Desk
Google Oneindia Malayalam News

കൊച്ചി: വമ്പന്‍ കയറ്റുമതി സാധ്യതയും ഏറെ ആവശ്യക്കാരുമുള്ള കാളാഞ്ചി മത്സ്യം കൃഷി ചെയ്യാനുള്ള 'ഓപ്പണ്‍ പോണ്ട് കള്‍ച്ചര്‍' എന്ന നൂതനരീതി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വികസിപ്പിച്ചു. ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാവുന്നതും ചെറുകിട മത്സ്യകര്‍ഷകര്‍ക്ക് ചെലവുകുറച്ച് ചെയ്യാവുന്നതുമായ കൃഷി രീതിയാണിത്.

എംപിഇഡിഎയുടെ ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഓഫ് അക്വാകള്‍ച്ചര്‍(ആര്‍ജിസിഎ) പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ഇതിന്റെ മാതൃക പ്രദര്‍ശിപ്പിച്ചത്. നേരത്തെ കൂടുകൃഷിരീതിയിലൂടെയാണ് കാളാഞ്ചി ഉത്പാദിപ്പിച്ചിരുന്നത്. പുതിയ രീതിയിലൂടെ ഒരു ഹെക്ടറില്‍ നിന്ന് 9 ടണ്‍ വരെ കാളാഞ്ചി ഉത്പാദിപ്പിക്കാനാവും. ആഭ്യന്തര വിപണിയില്‍ ഒരു കിലോ കാളാഞ്ചിക്ക് 400 രൂപയിലധികം വില ലഭിക്കുന്നുണ്ട്.

fish

നിലവില്‍ കയറ്റുമതിയുടെ 70 ശതമാനത്തിലധികം വരുന്ന ചെമ്മീനിനു പകരം വയ്ക്കാവുന്ന മത്സ്യമാണിതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡോ. എ ജയതിലക് പറഞ്ഞു. കാരയ്ക്കലില്‍ പുതിയ രീതിയിലുടെ വളര്‍ത്തിയ കാളാഞ്ചിയുടെ വിളവെടുപ്പിനെത്തിയതായിരുന്നു അദ്ദേഹം. ശരാശരി ഒരു മീനിന് ഒന്നര മുതല്‍ രണ്ട് കിലോ വരെ തൂക്കമുണ്ടായിരുന്നു. ആദ്യ കൊയ്ത്തില്‍ തന്നെ 1.10 ടണ്‍ മീന്‍ ലഭിച്ചു.

സുസ്ഥിരമായ ഉത്പാദനത്തിനും വരുമാനത്തിനും വൈവിദ്ധ്യമുള്ള മത്സ്യകൃഷിരീതികള്‍ പ്രധാനമാണെന്ന് ഡോ. ജയതിലക് പറഞ്ഞു. കാളാഞ്ചി പോലുള്ള വ്യത്യസ്തമായ ഇനങ്ങള്‍ കയറ്റുമതിക്ക് മുതല്‍ക്കൂട്ടാണ്. ഹെക്ടറിന് 9 ടണ്‍ മത്സ്യമെന്നത് കര്‍ഷകര്‍ക്ക് ഏറെ മെച്ചം നല്‍കും. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ കൃഷിരീതികളിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ജിസിഎ മുഖേന വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യകൃഷിയ്ക്ക് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാവും.

കാളാഞ്ചിക്ക് കൂടുപയോഗിച്ചുള്ള കൃഷി അനുയോജ്യമാണെങ്കിലും കൂടിയ ഉത്പാദനച്ചെലവ് മൂലം കര്‍ഷകര്‍ക്ക് കാര്യമായ ലാഭം ലഭിക്കില്ലെന്നു മാത്രമല്ല, ചെറുകിട കര്‍ഷകര്‍ക്ക് ഈ രീതി അപ്രാപ്യവുമാണ്. എന്നാല്‍ വലിയ ചെലവില്ലാതെ ചെയ്യാന്‍ കഴിയുന്നതാണ് ഓപ്പണ്‍ പോണ്ട് കള്‍ച്ചര്‍. കാരയ്ക്കലില്‍ ഇത് വിജയകരമാണെന്ന് തെളിഞ്ഞതായി ആര്‍ജിസിഎ പ്രസിഡന്റ് കൂടിയായ ഡോ. ജയതിലക് പറഞ്ഞു.

പുതുച്ചേരി സര്‍ക്കാരില്‍ നിന്ന് 2000-ല്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് പുതിയ കൃഷി രീതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നിരവധി നാഴികക്കല്ലുകളിലൂടെ ഈ കൃഷിയിടം കടന്നുപോയിട്ടുണ്ട്. വിയറ്റ്‌നാം, ഓസ്‌ട്രേലിയ, അമേരിക്ക, ഫിലിപ്പൈന്‍സ്, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംരംഭകര്‍, വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, തുടങ്ങിയവര്‍ ഈ കൃഷിയിടം സന്ദര്‍ശിച്ചിട്ടുണ്ട്. കാളാഞ്ചി, ഞണ്ട് കൃഷി എന്നിവയില്‍ മികച്ച പരിശീലനം നേടാനും പുതിയ സാങ്കേതികവിദ്യ പഠിക്കാനും കാരയ്ക്കല്‍ പോലെ മറ്റൊരു സ്ഥലമില്ല. ഇതുവരെ 2000 പേര്‍ ഇവിടെ നിന്നും പരിശീലനം നേടിക്കഴിഞ്ഞു.

മോത, ആര്‍ട്ടീമിയ, ആറ്റുകൊഞ്ച്, തിലാപിയ, പോംപാനോ, കലവ, റെഡ് സ്‌നാപ്പര്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആര്‍ജിസിഎ നടത്തുന്നുണ്ടെന്ന് ഡോ. ജയതിലക് പറഞ്ഞു. മത്സ്യവിത്തുത്പാദനം, പ്രജനനം, വളര്‍ച്ചാ രീതികള്‍ എന്നിവയിലാണ് പ്രധാനമായും ഗവേഷണം. ഗിഫ്റ്റ് തിലാപിയ ശുദ്ധജലത്തില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. അതേസമയം ഞണ്ട്, ആര്‍ട്ടീമിയ എന്നിവയുടെ കൃഷിയിലൂടെ വൈവിധ്യം നേടാം. വനിതകൂട്ടായ്മകള്‍, സംരംഭകര്‍, മറ്റ് സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്ക് പറ്റിയതാണ് ഈ കൃഷി രീതി.

2017-18 സാമ്പത്തികവര്‍ഷത്തില്‍ 600 കോടി ഡോളര്‍ വിലമതിക്കുന്ന 11.35 ലക്ഷം ടണ്ണാണ് രാജ്യം ലക്ഷ്യമിടുന്ന സമുദ്രോത്പന്ന കയറ്റുമതി. മുന്‍ വര്‍ഷത്തേക്കാള്‍ 300 ദശലക്ഷം ഡോളര്‍ അധികമാണിത്. നിലവില്‍ ചെമ്മീനാണ് കയറ്റുമതിയുടെ സിംഹഭാഗവുമെങ്കിലും ഓപ്പണ്‍ പോണ്ട് കള്‍ച്ചര്‍ പോലുള്ള കൃഷി രീതികള്‍ രാജ്യത്തെ മത്സ്യകൃഷിയില്‍ വൈവിദ്ധ്യം പ്രോത്സാഹിപ്പിക്കുമെന്നും ഡോ. ജയതിലക് ചൂണ്ടിക്കാട്ടി.

English summary
New technology in kalanji fish farm,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X