Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി 24 മണിക്കൂറിനകമെന്ന് സതീശൻ, യുഡിഎഫ് സജ്ജമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചത്. സാധാരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ 24 മണിക്കൂറിനകം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറുണ്ടെന്നും ഇക്കുറിയും അതിന് യാതൊരുവിധത്തിലുള്ള കാലതാമസവും ഉണ്ടാകില്ലെന്നുമാണ് സതീശൻ പറഞ്ഞത്.

ഇന്ന് ഞായറാഴ്‌ച ആയതിന്റെ ഒരു പ്രശ്‌നം മാത്രമേയുള്ളൂ എന്നാണ് സതീശൻ ചൂണ്ടിക്കാണിക്കുന്നത്. സാധാരണ ഞായറാഴ്‌ചകളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം പ്രതീക്ഷിക്കാറില്ലല്ലോയെന്നും വിഡി സതീശന്‍ പറഞ്ഞു. എല്ലാ നേതാക്കളുമായും ബന്ധപ്പെടണമെന്നും അതിന് കൃത്യമായ നടപടി ക്രമങ്ങൾ ഉണ്ടെന്നുമാണ് വിഡി സതീശൻ പറയുന്നത്.

vdsatheesanandsunnyjoseph

താനും കെപിസിസി പ്രസിഡന്റും നേതാക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും അതില്‍ ഒരു ധാരണയായി കഴിഞ്ഞാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ തങ്ങളുടെ ശുപാര്‍ശ അറിയിക്കുമെന്നുമാണ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. കോൺഗ്രസ് പ്രസിഡന്റാണ് ഇതിൽ തീരുമാനം എടുക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

ജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് 10 മാസം മുമ്പ് നടക്കുന്ന തിരഞ്ഞെടുപ്പാണ്. യുഡിഎഫ് ഉജ്ജ്വല വിജയം നേടും. കഴിഞ്ഞ തവണ യുഡിഎഫിന്റെ കൈയില്‍നിന്നും നഷ്‍ടപ്പെട്ട സീറ്റാണ് നിലമ്പൂര്‍ എന്നത് ബോധ്യമുണ്ട്. വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിവി അൻവറിന്റെ കാര്യവും പ്രതിപക്ഷ നേതാവ് പരാമർശിക്കുകയുണ്ടായി. പിവി അൻവർ യുഡിഎഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തന്നെ അറിയിക്കും. അന്‍വര്‍ യുഡിഎഫുമായി പൂര്‍ണമായി സഹകരിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെയും വിഎസ് ജോയിയെയും മാത്രമല്ല പരിഗണിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം എത്രയും പെട്ടെന്നുണ്ടാവും. സ്ഥാനാർത്ഥി ആരെന്നതിൽ അന്തിമ ധാരണയായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, ഇന്ന് രാവിലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലമ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. വോട്ടെണ്ണൽ ജൂൺ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ തന്നെ ഉണ്ടാവും.

ഇടത് സ്വതന്ത്രൻ ആയിരുന്ന പിവി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് നിലമ്പൂരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ആഭ്യന്തര വകുപ്പിനെ വിമർശിച്ചും ഇറങ്ങിയ പിവി അൻവർ പിന്നീട് യുഡിഎഫുമായി സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+