Nilambur Election Result: ആദ്യ റൗണ്ടിൽ ഷോക്ക് നൽകി പിവി അൻവർ; യുഡിഎഫിന് പ്രതീക്ഷിച്ച ലീഡില്ല, ഇനിയും തുടരുമോ?
മലപ്പുറം: ആദ്യറൗണ്ടിൽ നിലമ്പൂരിൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ യുഡിഎഫ് ക്യാമ്പിന് ഉണ്ടായിരുന്ന ആത്മവിശ്വാസം തല്ലിക്കെടുത്തിയിരിക്കുകയാണ് പിവി അൻവർ. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ ആര്യാടൻ ഷൗക്കത്ത് കൃത്യമായ മുന്നേറ്റം പ്രകടമാക്കിയപ്പോൾ സ്വരാജും അൻവറും പിന്നിലേക്ക് പോയിരുന്നു. ഈ ഘട്ടത്തിൽ യുഡിഎഫ് ക്യാമ്പ് ഒന്നാകെ തങ്ങളുടെ പ്രതീക്ഷ യാഥാർഥ്യമാവുന്നതിന്റെ ആഹ്ളാദത്തിൽ ആയിരുന്നു.
എന്നാൽ ഇതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വോട്ടെണ്ണൽ ആദ്യ റൗണ്ടിലേക്ക് കടന്നതോടെ അൻവർ കരുത്തുകാട്ടുന്ന സാഹചര്യമാണ് പിന്നീട് ഉണ്ടായത്. ആര്യാടൻ ഷൗക്കത്ത് തന്നെ പ്രതീക്ഷിച്ചത് പോലെ വഴിക്കടവിൽ മുന്നിട്ട് നിൽക്കുകയാണെങ്കിലും ഇവിടെ വൻ ശക്തിയായി പിവി അൻവറും മാറിയെന്നതാണ് നിർണായകമായ കാര്യം.

രണ്ടാമതുള്ള എം സ്വരാജിനെക്കാൾ ചെറിയ വ്യത്യാസം മാത്രമാണ് ആദ്യ റൗണ്ടിൽ അൻവറിന് ഉള്ളത്. ഷൗക്കത്ത് 3614 വോട്ടുകൾ നേടിയപ്പോൾ, രണ്ടാമതുള്ള സ്വരാജ് ആവട്ടെ ഇവിടെ 3195 വോട്ടുകളും നേടിയപ്പോൾ അൻവർ ആയിരം കടന്നു ഇരു മുന്നണികളെയും ഞെട്ടിച്ചു. ഇവിടെ ആദ്യ റൗണ്ടിൽ അൻവർ നേടിയത് 1588 വോട്ടുകളാണ്. എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് ഇവിടെ കേവലം 400 വോട്ടുകൾ മാത്രമാണ് നേടാനായത്.
ഏഴാം റൗണ്ട് വരെ യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്ന ബൂത്തുകളിൽ അൻവർ സമാനമായ പ്രകടനം തുടർന്നാൽ അത് ആര്യാടൻ ഷൗക്കത്തിന് തലവേദനയാവും. ശേഷം എട്ടാം റൗണ്ട് മുതൽ എൽഡിഎഫ് പ്രതീക്ഷ വയ്ക്കുന്ന ബൂത്തുകളിലും അൻവർ തന്റെ കരുത്ത് കാട്ടിയാൽ നിലമ്പൂരിൽ അവസാന ഫലം പ്രവചനങ്ങൾക്കും അതീതമാവും എന്നാണ് വിലയിരുത്തൽ.
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്‌തു തുടങ്ങിയതിന് പിന്നാലെ തന്നെ യുഡിഎഫ് പ്രവർത്തകർ വിവിധ ഇടങ്ങളിൽ ആഘോഷം തുടങ്ങിയെങ്കിലും അവിടെയാണ് ഇടിത്തീ പോലെ അൻവറിന്റെ മുന്നേറ്റം കണ്ടത്. തന്റെ വീട്ടിലിരുന്ന് ഫലം വീക്ഷിച്ച അൻവറിന്റെ മുഖത്ത് ചിരി വ്യക്തം. ജയിച്ചില്ലെങ്കിലും വോട്ട് പിടിക്കാമെന്ന അമ്പുക്ക ക്യാമ്പിന്റെ വിശ്വാസം നിലനിർത്തി കൊണ്ടാണ് ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കിയത്.
അൻവര്‍ കൂടുതൽ വോട്ട് നേടുന്നത് തന്നെയാണ് യുഡിഎഫിന്റെ വോട്ടിൽ കുറവ് ഉണ്ടാവാൻ കാരണമെന്നാണ് ആദ്യ ഘട്ടത്തിലെ വിലയിരുത്തൽ. ഇത് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് ഗുണമാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. മാത്രമല്ല ബിജെപി അണികൾ പലരും അവസാന നിമിഷം എൽഡിഎഫിനെ തോൽപ്പിക്കാനായി വോട്ട് മറിച്ചെന്ന ആരോപണം നിലനിൽക്കുന്നതിനാൽ മോഹൻ ജോർജിന്റെ പ്രകടനവും നിർണായകമാണ്.
എല്‍ഡിഎഫിന് വേണ്ടി എം സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പിവി അന്‍വര്‍ എന്നിവർ ഉൾപ്പെടെ 10 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്. അതിന് കാരണമായി വിലയിരുത്തുന്ന മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ ആയിരുന്നഅൻവറിന്റെ കൂടുമാറ്റവും ഇപ്പോഴത്തെ നിലപാടുകളും ഒക്കെയാണ്. അൻവർ വോട്ട് പിടിച്ചാൽ അത് എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ ക്ഷീണമാവും എന്നാണ് വിലയിരുത്തൽ.
കൂടാതെ ഈ വർഷം അവസാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ നിലമ്പൂരിൽ എല്ലാവർക്കും ഒരുപോലെ പ്രതീക്ഷയുണ്ട്. ആര്യാടൻ ഷൗക്കത്തും സ്വരാജും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ അവിടെ പിവി അൻവർ എങ്ങനെ പ്രകടനം നടത്തുന്നു എന്നത് അനുസരിച്ചായിരിക്കും അന്തിമഫലം.












Click it and Unblock the Notifications