നിപ്പാ; മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള 15ലക്ഷം രൂപയെത്തി, തുക ഇന്ന് കൈമാറും
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ വൈറസ് ബാധിച്ച് മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 15ലക്ഷം രൂപ മലപ്പുറം ജില്ലാ കലക്ടറുടെ കയ്യിലെത്തി. ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം മൂന്നു കുടുംബങ്ങള്‍ക്കും കൂടിയാണ് 15ലക്ഷം രൂപ ലഭിച്ചതെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്‌ട്രേറ്റില്‍ നടന്ന നിപ വൈറസ് ജാഗ്രതയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക കര്‍മ്മ സേനയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. മൂര്‍ഖനാട് വില്ലേജിലെ തടത്തില്‍തോട് വേലായുധന്‍, മൂന്നിയൂര്‍ മേച്ചേരി ബിന്ദു, തെന്നല വില്ലേജില്‍ മണ്ണന്താനത്ത് ഷിജിത എന്നിവരുടെ കുടുംബത്തിനാണ് തുക കൈമാറുക. തുക ഇന്ന് തന്നെ കൈമാറുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്.മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്കും അവരോട് അടുത്ത ഇടപ്പെട്ടവര്‍ക്കും ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കുന്നതിനുള്ള നടപടി പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് മുതല്‍ റേഷന്‍ വിതരണം ചെയ്തു തുടങ്ങാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഗുണഭോക്താക്കളുടെ പട്ടിക ആരോഗ്യ വകുപ്പ് നല്‍കും.
നിപ വ്യാപനത്തിനെതിരെ മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ ആറ് വരെ അവധി നല്‍കിയിട്ടുണ്ടെങ്കിലും ജില്ലാ കലക്ടറുടെ ഉത്തരവ് പാലിക്കാത്ത പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതു സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒക്ക് ജില്ലാ കലക്ടര്‍ നിദ്ദേശം നല്‍കി. മലപ്പുറം മുനിസിപ്പല്‍ പരിധിയില്‍ ഒരു മലേറിയ കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മലപ്പുറത്തെ പബ്‌ളിക് ഹെല്‍ത്ത് ലാബ് ജൂണ്‍ ഒമ്പതിനകം പ്രവര്‍ത്തന സജ്ജമാക്കാന്‍ നിര്‍മ്മിതിക്ക് നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ അസി.കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ആര്‍.ഡി.ഒ. കെ.അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന, ഡപ്യുട്ടി ഡി.എം.ഒ.മാരയ. ഡോ.എ.ഷിബുലാല്‍, ഡോ. ഇസ്മായില്‍, ഡോ.കെ.പ്രകാശ്, ഡോ.പി.ദിനേശ്, മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ ഹെഡ് അസ്മ റഹിം. തുടങ്ങിയവര്‍ പങ്കെടുത്തു.

നിപ: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഡി.എം.ഒ
നിപ വൈറസ് സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് ഡിഎംഒ ഡോ. കെ. സക്കീന അറിയിച്ചു. കോഴികളിലൂടെ നിപ വൈറസ് പകരുന്നുവെന്ന രീതിയില്‍ കോഴിക്കോട് ഡിഎംഒയുടെ വ്യാജ ലെറ്റര്‍ ഹെഡ്ഡ് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് മലപ്പുറം ഡിഎംഒയുടെ മുന്നറിയിപ്പ്. അടിസ്ഥാനരഹിതവും ആധികാരികത ഇല്ലാത്തതുമായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ പറഞ്ഞു.
നിപ: സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വീടുകളില്‍ കഴിയണം
നിപ വൈറസ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പുറമെയുള്ള വരുമായി ഇടപഴകാതെ 42 ദിവസം വീടുകളില്‍ തന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. വൈറസ് വ്യാപനം തടയാന്‍ ഈ നിര്‍ദേശം ഇത്തരം ആളുകള്‍ നിര്‍ബന്ധമായും അനുസരിക്കണം. നാനൂറോളം പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരുടെ ആരോഗ്യ വിവരങ്ങള്‍ ദിവസവും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും വിധേനയുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചികില്‍സ നല്‍കുന്നതിനും ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ഡി.എം.ഒ യുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്
രോഗവ്യാപന സാധ്യത പരിഗണിച്ച് ജൂണ്‍ 15 വരെയെങ്കിലും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ജനങ്ങള്‍ പരമാവധി ഒഴിവാക്കണം. അടിയന്തരമായി ചികിത്സ തേടേണ്ടതില്ലാത്ത രോഗങ്ങള്‍ക്ക് ക്ലിനിക്കുകളിലും ആശുപത്രികളിലും പോവുന്നത് ഒഴിവാക്കണം. ലൈസന്‍സില്ലാത്ത ഭക്ഷ്യ വില്‍പന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്. തുറന്ന സ്ഥലങ്ങളില്‍ ഭക്ഷ്യവില്‍പന പാടില്ല. കൂടുതല്‍ ആളുകളെത്തുന്ന സ്ഥലങ്ങളില്‍ പോകുന്നത് പരമാവധി ഒഴിവാക്കുന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മാര്‍ഗ്ഗം. വായു .സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ രോഗം പകരാനുള്ള സാധ്യത കടുതലാണ്. ജില്ലയില്‍ രോഗം നിയന്ത്രണ വിധേയമാക്കുന്നതിന് പൊതുജനങ്ങളുടയും മാധ്യമ പ്രവര്‍ത്തകരുടേയും സഹകരണമുണ്ടായിട്ടുണ്ട്. തുടര്‍ന്നും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു.
നിപ; മൂന്നിയൂര്‍ കളിയാട്ടം മെഡിക്കല്‍ ടീമിനെ വിന്യസിക്കും.
മൂന്നിയൂര്‍ കളിയാട്ടം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചു നടത്തുന്നത് ഉറപ്പാക്കാന്‍ ഉത്സവ ദിവസം പ്രദേശത്ത് നാല് മെഡിക്കല്‍ ടീമിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ജാഗ്രത പ്രഖ്യാപിച്ച പഞ്ചായത്താണ് മൂന്നിയൂര്‍. മൂന്നിയൂര്‍, നെടുവ, പി.എച്ച.സി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവയിലെ ഡോക്ടര്‍മാരുടെ നേത്യത്വത്തിലായിരിക്കും ടീം പ്രവര്‍ത്തിക്കുക. ഇതിന് പുറമെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അടിയന്തിര സഹചര്യങ്ങളില്‍ ഉപയോഗിക്കാനായി പ്രത്യേക സൗകര്യവും ഒരുക്കും.
ഇന്ന് രാവിലെ മുതല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്തും അടുത്ത പഞ്ചായത്തുകളിലും ആരോഗ്യ - ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ചുള്ള ജില്ലാ കലക്ടറുടെ നിര്‍ദ്ദേശങ്ങള്‍ മൈക്ക് വഴി പ്രചരിപ്പിക്കും. പരമാവധി ആള്‍ക്കൂട്ടം കളിയാട്ടത്തിന് എത്തുന്നത് ഒഴിവാക്കുക എന്നതായിരിക്കും ലക്ഷ്യം.
Recommended Video

കളിയാട്ടത്തിന് മുന്നോടിയായി പ്രദേശത്ത് രണ്ട് തവണ ക്ലോറിനേഷന്‍ നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന അറിയിച്ചു. നിരവധി കടകളില്‍ പരിശോധന നടത്തി. ഉപ്പിലിട്ട ഭക്ഷണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പൂട്ടിച്ചു. കളിയാട്ട ദിവസം ഭക്ഷ്യ വസ്തുക്കളുടെ തുറന്ന വില്‍പ്പന കര്‍ശനമായി തടയും. ഉത്സവത്തിന് എത്തുന്നവര്‍ തിളപ്പിച്ചാറിയ വെള്ളം കയ്യില്‍ കരുതണം. യാതൊരു കാരണവശാലും കളിയാട്ട സ്ഥലത്തുനിന്ന് തണുത്ത ഭക്ഷണ പാനിയങ്ങള്‍ കഴിക്കരുത്. ആവശ്യമുള്ളവര്‍ ക്ഷേത്രം നല്‍കുന്ന ഭക്ഷണം കഴിക്കണം. ഭക്ഷ്യ വസ്തുക്കളുടെ കുറ്റകരമായ വില്‍പ്പനയും മറ്റും കണ്ടെത്തിയില്‍ 5000 രൂപയില്‍ അധികം പിഴ ചുമത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications