ആശങ്കയും ഭയപ്പാടുമില്ല: തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ല: കെ സുധാകരന്‍
കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്ന് കെ സുധാകരന്‍. കോടതിയെ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉൾക്കൊള്ളാൻ താൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കേസിൽ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടും. ഒരു തെളിവും ഉണ്ടെന്ന് അവർ പറഞ്ഞിട്ടില്ല. അവർക്ക് കുറേ കാര്യങ്ങള്‍ അറിയണമായിരുന്നു. അവർ ചോദിച്ചതിനെല്ലാം ഞാന്‍ മറുപടി പറഞ്ഞു. അത് എന്തൊക്കെയാണെന്ന് ഇവിടെ വെളിപ്പെടുത്താന്‍ താല്‍പര്യമില്ല. പൊലീസില്‍ കൊടുത്ത മൊഴി പുറത്ത് വിടുന്നത് ശരയല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

'മോന്‍സന് ആജീവനാന്ത ശിക്ഷ ലഭിച്ച് കഴിഞ്ഞു. ഇനി അയാള്‍ക്കെതിരെ എന്താണ് ഞാന്‍ ചെയ്യേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.'- മോന്‍സനെ തള്ളാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു.
അതേസമയം, ഏഴുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു കെപിസിസി സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് വിട്ടയക്കുകയായിരുന്നു. സുധാകരൻ മോൻസന്റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ സുധാകരനെ പ്രതിചേർത്തത്.
അതേസമയം, കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അവകാശപ്പെട്ടു. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications