ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പില്‍ നാട്; തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിലെത്തി
തിരുവനന്തപുരം: ആഘോഷത്തിമിർപ്പില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിന്ന് തിരുവോണം. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ് രണ്ട് വർഷം പകിട്ട് കുറഞ്ഞ് പോയ തിരുവോണത്തിന്റെ സർവ്വ ആഘോഷവും ഇത്തവണ തിരിച്ച് പിടിച്ചിരിക്കുകയാണ് മലയാളികള്‍. നാട്ടിന്‍പുറങ്ങളിലും വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ഇത്തവണ ഓണാഘോഷം കെങ്കേമമായി തന്നെ അരങ്ങേറി. ഓണക്കോടിയും പൂക്കളവും സദ്യയുമായി വർണ്ണാഭമായി തന്നെ തിരുവോണത്തേയും വരവേല്‍ക്കുകയാണ് മലയാളിയിന്ന്.
തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരില്‍ നിന്നും പുറപ്പെട്ട തിരുവോണത്തോണി ആറന്മുളയില്‍ എത്തിയിട്ടുണ്ട്. ഇതിലെത്തിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ആറന്മുള ക്ഷേത്രത്തില്‍ സദ്യയൊരുക്കുക. കഴിഞ്ഞ രണ്ട് വർഷം നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കില്‍ ഇത്തവണ എല്ലാവിധ ചടങ്ങുകളുമായി പൂർണ്ണമായ ആഘോഷത്തോടെയായിരുന്നു തിരുവോണത്തോണി ആറന്മുളയിലെത്തിയത്. വന്‍ ജനത്തിരക്കായിരുന്നു തിരുവോണത്തോണി എത്തുന്നത് കാണാനുണ്ടായിരുന്നത്.

സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് പുലർച്ചെ ആറന്മുള ക്ഷേത്രകടവില്‍ എത്തിയത്. മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ ഓണ വിഭവങ്ങളുമായി തിരുവോണതോണി കഴിഞ്ഞ ദിവസം ആറ് മണിക്കായിരുന്നു കാട്ടൂരില്‍ നിന്നും പുറപ്പെട്ടത്. വർഷങ്ങള്‍ക്ക് മുമ്പുള്ള ആചാരമാണ് ഇതിലൂടെ ഇപ്പോഴും തുടരുന്നത്. ഓണാഘോഷത്തിന്‍റെ ഭാഗമായി മങ്ങാട്ട് ഇല്ലത്ത് ബ്രഹ്ണർക്ക് കാല്‍കിച്ച് ഊട്ട് എന്ന ആചാരം ഉണ്ടായിരുന്നു. ഒരു ഓണനാളില്‍ സദ്യ സ്വീകരിക്കാൻ ബ്രഹ്മണർ എത്തിയില്ല. പകരം എത്തിയത് ഓരുബാലനായിരുന്നു. ഇത് ആറന്മുള ഭാഗവനാണ് എന്നാണ് വിശ്വാസം. ആ ബാലന്‍റെ നിർദ്ദേശപ്രകാരമാണ് തിരുവോണസദ്യ ക്ഷേത്രത്തിലേക്ക് മാറ്റിയതെന്നാണ് ഐതിഹ്യം.












Click it and Unblock the Notifications