അല്‍ത്താഫ് വയനാട്ടിലെത്തി; ബംപർ ടിക്കറ്റ് ഇനി ഈ ബാങ്കില്‍, ഇവിടെ തന്നെ പ്രത്യേക കാരണമെന്നും ജേതാവ്
മലയാളികള്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ട് ഓണം ബംപർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം കരസ്ഥമാക്കിയിരിക്കുന്നത് മൈസൂരിന് അടുത്തുള്ള പാണ്ഡവപുരം സ്വദേശീയായ അല്‍ത്താഫാണ്. കഴിഞ്ഞ 15 വർഷമായി ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള അല്‍ത്താഫിനെ തേടി ആദ്യമായിട്ടാണ് ഒരു സമ്മാനം എത്തുന്നത്. അത് 25 കോടിയുടെ ബംപർ തന്നെയായപ്പോള്‍ വീടും നാടുമൊക്കെ ആഘോഷതിമിർപ്പിലാണ്.
അല്‍ത്താഫാണ് ബംപർ ജേതാവ് എന്ന വിവരം പുറത്ത് അറിയുന്നത് ഇന്ന് രാവിലെയോടെയാണ്. സമ്മാനം അടിച്ചെങ്കിലും തുടർന്നുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അല്‍ത്താഫിന് അറിയില്ലായിരുന്നു. ഇതേ തുടർന്ന് അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയ അദ്ദേഹം അടുത്ത ദിവസം തന്നെ കേരളത്തിലെത്തി ടിക്കറ്റ് ബാങ്കില്‍ നല്‍കുമെന്നായിരുന്നു പറഞ്ഞത്.

അടുത്ത ദിവസം കേരളത്തിലേക്ക് എത്തുമെന്നാണ് പറഞ്ഞതെങ്കിലും ഇന്ന് തന്നെ അദ്ദേഹം കല്‍പ്പറ്റയിലേക്ക് എത്തിയിരിക്കുകയാണ്. കല്‍പറ്റയിലെ എസ് ബി ഐ ബ്രാഞ്ചിലേക്കാണ് അദ്ദേഹം എത്തിയത്. ബംപർ ജേതാവിന് ബാങ്ക് അധികൃതർ മികച്ച സ്വീകരണം തന്നെ ഒരുക്കുകയും ചെയ്തു.
ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് എസ് ബി ഐ ബ്രാഞ്ചിന് കൈമാറും. കേരളത്തെ പൂർണ്ണ വിശ്വാസമാണെന്നും അതിനാലാണ് കല്‍പ്പറ്റയിലെ ബ്രാഞ്ചിലേക്ക് എത്തിയതെന്നും അല്‍ത്താഫ് മാധ്യമങ്ങളോട് പറഞ്ഞു. ബംപർ ജേതാവിനെ കാണാനായി നിരവധി നാട്ടൂകാരും ചുറ്റും കൂടി. അടുത്ത ബന്ധുക്കള്‍ക്കൊപ്പമാണ് ഭാഗ്യ ജേതാവ് വയനാട്ടിലെത്തിയത്.
എല്ലാവർഷവും ഓണം ബംപറില്‍ പ്രതീക്ഷ അർപ്പിക്കാറുണ്ടെങ്കിലും ഇത്തവണയാണ് ഭാഗ്യം തേടിയെത്തിയത്. പണമൊക്കെ എന്ത് ചെയ്യണമെന്ന് ഇപ്പോള്‍ തീരൂമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അല്‍ത്താഫിന് കല്‍പ്പറ്റയിലെ ബ്രാഞ്ചില്‍ അക്കൗണ്ട് ഇല്ലെങ്കിലും പുതിയ അക്കൗണ്ട് തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ബാങ്ക് അധികൃതർ പൂർത്തിയാക്കി.
ടിക്കറ്റ് എസ് ബി ഐ ബ്രാഞ്ചില്‍ കൈമാറിയതിന് പിന്നാലെ സമ്മാനത്തിന് അർഹമായ ലോട്ടറി തനിക്ക് വിറ്റ സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ജി ആർ ലോട്ടറി ഉടമ നാഗരാജുവിനേയും അല്‍ത്താഫ് കണ്ടേക്കും. ഇരുവരും നേരത്തെ ഫോണില്‍ ബന്ധപ്പെടുകയും വയനാട്ടില്‍ എത്തുമ്പോള്‍ നേരില്‍ കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. നാഗരാജില്‍ നിന്നും അല്‍ത്താഫ് വാങ്ങിയ TG 434222 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നികുതിയ ഏജന്‍സി കമ്മീഷനും കിഴിച്ച് 12.5 കോടിയോളം രൂപ അല്‍ത്താഫിന് ലഭിക്കും.












Click it and Unblock the Notifications