ഷിരൂർ തിരച്ചില്‍ നിർണ്ണായക ഘട്ടത്തില്‍: പുഴക്ക് അടിയില്‍ ട്രക്ക് കണ്ടെത്തി
മാംഗ്ലൂരു: ഷിരൂരിലെ ഗംഗാവാലി പുഴയില്‍ നടത്തുന്ന തിരച്ചില്‍ നിർണ്ണായക ഘട്ടത്തില്‍. പുഴയുടെ അടിത്തട്ടില്‍ നടത്തിയ തിരച്ചിലില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വർ മാല്‍പെ അറിയിച്ചു. 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കണ്ടെത്തിയത് ലോറിയുടെ ടയർ തന്നെയാണെങ്കിലും ഇത് ഏത് ലോറിയാണെന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നാണ് അർജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് വ്യക്തമാക്കുന്നത്. അർജുന്റെ ലോറിക്കൊപ്പം തന്നെ മറ്റൊരു ലോറിയും കാണാതായിരുന്നു. ട്രക്കിന്‍റെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്നാണ് ഈശ്വർ മാല്‍പെ അറിയിച്ചതെന്നും മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ലോറി മണ്ണില്‍ പൂണ്ട് തലകീഴായി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. തിരച്ചില്‍ പുരോഗമിക്കുന്നയിടത്ത് നിരവധി തടിക്കഷണങ്ങള്‍ കണ്ടെന്ന് മാല്‍പെ രാവിലെ അറിയിച്ചിരുന്നു. ട്രക്ക് കണ്ടെത്തിയ പശ്ചാപത്തലത്തില്‍ അത് പുറത്തെടുക്കാനുള്ള നീക്കങ്ങളായിരിക്കും തുടർന്നുള്ള ദിവസങ്ങളില്‍ നടത്തുക. ഇതിനായി വലിയ ക്രെയിനുകള്‍ ഉള്‍പ്പെടെ എത്തിക്കും.
ക്രെയിനുകള്‍ എത്തിക്കുന്നത് സംബന്ധിച്ച് കാർവാർ എം എല്‍ എ സതീഷ് സെയ്ഹ്നിയുടെ നേതൃത്വത്തില്‍ യോഗം നടക്കും. മഞ്ചേശ്വരം എം എല്‍ എ, എ കെ എം അഷ്റഫവും പരിശോധന സ്ഥലത്തുണ്ട്. ഈശ്വർ മാല്‍പെയ്ക്ക് പുറമെ ഡ്രജ്ജർ കമ്പനിയുടെ ഡൈവറും പുഴയില്‍ പരിശോധന നടത്തി.
അതേസമയം, രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷിരൂരില്‍ മൂന്നാം ഘട്ട തിരച്ചില്‍ ആരംഭിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ തുടരാനായിരുന്നു പദ്ധതിയെങ്കിലും ഡ്രഡ്ജർ സ്ഥലത്തെത്തിയത് 5.30 ഓടെയായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ 20 മിനിറ്റ് മാത്രമാണ് പരിശോധന നടത്തിയത്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ നേതൃത്വത്തില്‍ പൂജയും തിരച്ചിലിന് മുന്നോടിയായി ഉണ്ടായിരുന്നു.
നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നേരത്തെ നിർദേശിച്ച മൂന്ന് പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചിൽ നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരിശോധനയ്ക്കിടെ ലോറിയിൽ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്റെത് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications